എല്‍ഐസിയുടെ ഭാവി; ചെയര്‍മാന്‍ എംആര്‍ കുമാര്‍ പറയുന്നത് ഇങ്ങനെ

രാജ്യം കണ്ട ഏറ്റവും വലിയ ഐപിഒ (IPO) ആയിരുന്നു ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടേത് (LIC). 875.45 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത എല്‍ഐസി ഓഹരികളുടെ ഇപ്പോഴത്തെ വില 655 രൂപ (10.15 AM) ആണ്. ഓഹരി വില കുത്തനെ ഇടിഞ്ഞിട്ടും ഐപിഒ നടത്താന്‍ തെരഞ്ഞെടുത്ത സമയത്തെ എല്‍ഐസി ചെയര്‍മാന്‍ എംആര്‍ കുമാര്‍ തള്ളിപ്പറയുന്നില്ല.

ഐപിഒയ്ക്ക് മുന്നോടിയായി എല്‍ഐസി റോഡ്‌ഷോകള്‍ നടത്തിയ സമയത്താണ് യുക്രെയ്ന്‍-റഷ്യ യുദ്ധം ഉണ്ടായത്. ഇപ്പോള്‍ നടത്താനായില്ലെങ്കില്‍ പിന്നെ ഒരു അവസരം എപ്പോള്‍ എന്നതിനെ സംബന്ധിച്ച് കൃത്യമായ ഉത്തരമില്ലായിരുന്നു. അങ്ങനെയാണ് ഐപിഒ നടത്താന്‍ തീരുമാനിച്ചതെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എംആര്‍ കുമാര്‍ പറഞ്ഞത്.

എല്‍ഐസി ഓഹരികള്‍ തിരിച്ചുവരുമെന്ന വിശ്വസമാണ് ചെയര്‍മാന്‍ പങ്കുവെച്ചത്. കുറച്ചുനാളുകളായി വിപണി അസ്ഥിരമാണ്. അതുകൊണ്ടാണോ ഓഹരി വില ഇടിഞ്ഞതെന്ന് വ്യക്തമല്ല. വിപണി തിരിച്ചുവരുമ്പോള്‍ എല്‍ഐസിയുടെ ശക്തിയും പ്രകടനവും തിരിച്ചറിയപ്പെടും. അത് ഓഹരി വില ഉയര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും 2020 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെ 20 മില്യണിധികം പോളിസികള്‍ വില്‍ക്കാന്‍ എല്‍ഐസിക്ക് സാധിച്ചിരുന്നു.നഷ്ടമായ എപിഇ മാര്‍ക്കറ്റ് വിഹിതം (annual premium equivalent) തിരിച്ചുപിടിക്കാന്‍ എല്‍ഐസിക്ക് സാധിക്കും. സ്വകാര്യ കമ്പനികളുമായുള്ള മത്സരത്തില്‍ നഷ്ടമായവ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിപണി വിഹിതം 60-65 ശതമാനമായി നിലനര്‍ത്താന്‍ എല്‍ഐസിക്ക് സാധിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

വില്‍പ്പനയ്‌ക്കൊരുങ്ങുന്ന ഐഡിബിഐ ബാങ്കിന്റെ നല്ലൊരു ശതമാനം ഓഹരികള്‍ നിലനിര്‍ത്താന്‍ ആണ് എല്‍ഐസിക്ക് താല്‍പ്പര്യം. ബാങ്കഷുറന്‍സ് (bancassurance) രംഗത്ത് ഐഡിബിഐ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു. നിലവില്‍ എല്‍ഐസിയുടെ ആകെ ബിസിനസിന്റെ 3-3.5 ശതമാനമാണ് ബാങ്കഷുറന്‍സ് മേഖലയില്‍ നിന്ന് എത്തുന്നത്. ഭാവിയില്‍ ഇത്സ 8-10 ശതമാനം ആക്കി ഉയര്‍ത്താനാണ് ലക്ഷ്യം. ബാങ്കുകളിലൂടെ സേവനങ്ങള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉണ്ടാക്കുന്ന സംവിധാനമാണ് ബാങ്കഷുറന്‍സ്.

Related Articles
Next Story
Videos
Share it