ഏറ്റവും വിലയേറിയ ഓഹരി, ലാഭവിഹിതം പ്രഖ്യാപിച്ചത് 1,690 ശതമാനം

ഇന്ത്യന്‍ ഓഹരികളില്‍ ഏറ്റവും വിലയേറിയ ഒന്നാണ് എം.ആര്‍.എഫ്-നിലവില്‍ 95,192 രൂപ. 2022-23 ല്‍ നിക്ഷേപകര്‍ക്ക് പ്രഖ്യാപിച്ച ലാഭവിഹിതം 1,690 ശതമാനം. അതായത് പത്ത് രൂപ മുഖവില വരുന്ന ഒരു ഓഹരിക്ക് 169 രൂപ അന്തിമ ലാഭവിഹിതം.

നേരത്തെ ഇടക്കാല ലാഭ വിഹിതമായി ഒരു ഓഹരിക്ക് 3 രൂപ രണ്ടു പ്രാവശ്യം പ്രഖ്യാപിച്ചിരുന്നു. ഇതും കൂടി ചേര്‍ത്താല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിക്ഷേപകര്‍ക്ക് ലഭിച്ചത് ഒരു ഓഹരിക്ക് 175 രൂപ വീതം. മെയ് മാസം ആദ്യ ദിനങ്ങളില്‍ എം ആര്‍ എഫ് ഓഹരി വില 7.3 ശതമാനം വര്‍ധിച്ച് 95,100 കടന്നു.

1946 ല്‍ മദ്രാസില്‍ കെ എം മാമന്‍ മാപ്പിളയുടെ സാരഥ്യത്തില്‍ കളിപ്പാട്ട ബലൂണ്‍ നിര്‍മിച്ച റബര്‍ ഉല്‍പ്പന്ന രംഗത്തേക്ക് പ്രവേശിച്ച കമ്പനി ഇന്ത്യന്‍ ടയര്‍ നിര്‍മാതാക്കളില്‍ മുന്‍ നിരയില്‍ എത്തിയത് ചരിത്ര നേട്ടങ്ങളുമായാണ്. 1952 ല്‍ ട്രെഡ് റബര്‍ ഉല്‍പ്പാദനം ആരംഭിക്കുകയും 1961 ല്‍ മാന്‍സ്ഫീല്‍ഡ് ടയര്‍ കമ്പനിയുമായിയിട്ടുള്ള സാങ്കേതിക സഹകരണണവുമാണ് ഇതില്‍ നാഴികക്കല്ലുകളായത്.

2022 ല്‍ മൊത്തം 188.9 ദശലക്ഷം ടയറുകള്‍ ഉല്‍പാദിപ്പിച്ചു, 2028 ല്‍ മൊത്തം ഉല്‍പ്പാദനം 225.6 ദശലക്ഷമാകുമെന്ന് നിരീക്ഷകര്‍ കരുതുന്നു. വാഹന വില്‍പ്പനയില്‍ ഉള്ള വര്‍ധനവ് കാരണം ആഭ്യന്തര ടയര്‍ ഡിമാന്‍ഡ് 2023 -24 ല്‍ 6-8 % വര്‍ധിക്കുമെന്ന് കരുതുന്നു. പുതിയ വാഹനങ്ങളുടെ ഒ ഇ എം വിപണിയില്‍ 8 -10 % വളര്‍ച്ച ഉണ്ടാകുമെന്ന് ഐ സി ആര്‍ എ റേറ്റിംഗ്സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. എംഐര്‍എഫിന്റെ പ്രധാന എതിരാളികള്‍ അപ്പോളോ ടയേഴ്സ്, ജെ കെ ടയേഴ്സ് എന്നിവരാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it