ബിറ്റ്‌കോയിന്‍ പ്രിയരേ ഇനി നിങ്ങള്‍ക്കും വാങ്ങാം അമേരിക്കയുടെ സ്‌പോട്ട് ബിറ്റ്‌കോയിന്‍ ഇ.ടി.എഫ്‌

നിലവില്‍ 60,48,856 രൂപയാണ് (72,919 ഡോളര്‍) ഒരു ബിറ്റ്‌കോയിന്റെ വില
ബിറ്റ്‌കോയിന്‍ പ്രിയരേ ഇനി നിങ്ങള്‍ക്കും വാങ്ങാം അമേരിക്കയുടെ സ്‌പോട്ട് ബിറ്റ്‌കോയിന്‍ ഇ.ടി.എഫ്‌
Published on

ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഉടന്‍ തന്നെ യു.എസ് സ്‌പോട്ട്-ബിറ്റ്‌കോയിന്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ (ഇ.ടി.എഫ്) നിക്ഷേപിക്കാനായേക്കും. ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമായ മുദ്രെക്സ് നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും ഇതിനായുള്ള സൗകര്യം നല്‍കുമെന്ന് കമ്പനിയുടെ സി.ഇ.ഒയും സഹസ്ഥാപകനുമായ എദുല്‍ പട്ടേല്‍ പറഞ്ഞു. ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍, ബ്ലാക്ക്റോക്ക്, ഫിഡിലിറ്റി, വാന്‍ഗാര്‍ഡ് എന്നിങ്ങനെ നാല് സ്പോട്ട് ഇ.ടി.എഫുകള്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് കോയിന്‍ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്തു.

ചെറുകിട നിക്ഷേപകര്‍ക്ക് ഇതിനകം തന്നെ യു.എസ് സ്റ്റോക്ക് ഇന്‍വെസ്റ്റിംഗ് കമ്പനികള്‍ വഴി സ്‌പോട്ട്-ബിറ്റ്‌കോയിന്‍ ഇ.ടി.എഫുകളിലേക്ക് ആക്സസ് ഉണ്ട്. മുദ്രെക്സിലൂടെയാകും നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അവസരം ലഭിക്കുക. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വൈ-കോമ്പിനേറ്ററിന്റെ പിന്തുണയോടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു അനുബന്ധ സ്ഥാപനമുണ്ട്. ഈ സ്ഥാപനം വഴിയാണ് ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതെന്ന് മുദ്രെക്സ് ഉറപ്പാക്കും. അതേസമയം കമ്പനിയുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനം സ്‌പോട്ട്-ബിറ്റ്‌കോയിന്‍ ഇ.ടി.എഫ് സേവനം നല്‍കും.

മുദ്രെക്സ് പ്ലാറ്റ്ഫോമില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സ്പോട്ട് ബിറ്റ്കോയിന്‍ ഇ.ടി.എഫുകളില്‍ കുറഞ്ഞത് 5,000 ഡോളറും പരമാവധി 2.5 ലക്ഷം ഡോളറും നിക്ഷേപിക്കാന്‍ കഴിയും. ഒരു സെക്യൂരിറ്റിയായി പ്രവര്‍ത്തിക്കുന്നതാണ് ബിറ്റ്കോയിന്‍ സ്‌പോട്ട് ഇ.ടി.എഫ്. ഇന്ത്യക്കാര്‍ക്ക് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍.ആര്‍.എസ്) കീഴില്‍ സെക്യൂരിറ്റികള്‍ വാങ്ങാന്‍ അനുവാദമുണ്ട്. നിലവില്‍ 60,48,856 രൂപയാണ് (72,919 ഡോളര്‍) ഒരു ബിറ്റ്‌കോയിന്റെ വില.

ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍

ഇന്ത്യയില്‍ ബിറ്റ്‌കോയിന്റെ നിയമപരമായ നില ഇന്നും അവ്യക്തമായി തുടരുകയാണ്. റിസര്‍വ് ബാങ്ക് ക്രിപ്റ്റോകറന്‍സികള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. ക്രിപ്റ്റോകറന്‍സി പ്രാഥമികമായി കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനുമുള്ള സാധ്യതകള്‍ തള്ളികളയാനാകില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെയും സര്‍ക്കാരിന്റെയും വാദം. എന്നാല്‍ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ സുപ്രീം കോടതി ഭാഗികമായി നീക്കം ചെയ്തിരുന്നു.

നിലവില്‍ ബിറ്റ്കോയിനെയോ മറ്റ് ക്രിപ്റ്റോകറന്‍സികളെയോ നിയന്ത്രിക്കുന്ന പ്രത്യേക നിയമനിര്‍മ്മാണങ്ങളൊന്നും ഇന്ത്യയിലില്ല. അതേസമയം ക്രിപ്റ്റോയുടെ വ്യാപാരം, വില്‍ക്കല്‍ അല്ലെങ്കില്‍ ചെലവഴിക്കല്‍ എന്നിവയില്‍ നിന്നുള്ള ലാഭത്തിന് ഇന്ത്യയില്‍ 30 ശതമാനം നികുതി അടയ്ക്കേണ്ടതുണ്ട്. ബിറ്റ്‌കോയിന്റെ അപകടസാധ്യതകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com