ഒരൊറ്റ ഫണ്ടിൽ ഓഹരി മുതൽ സ്വർണം വരെ; മൾട്ടി-അസറ്റ് ഫണ്ടുകൾ എങ്ങനെ പ്രവർത്തിക്കുന്നു?

ഫണ്ട് വെറും ഇക്വിറ്റി കേന്ദ്രീകൃതമാണോ അതോ വിപണി സാഹചര്യത്തിനനുസരിച്ച് ഡൈനാമിക്കായി ആസ്തികൾ മാറ്റുന്നുണ്ടോ എന്ന് വിലയിരുത്തണം
investment
Image courtesy: Canva
Published on: 

സെബിയുടെ (SEBI) വർഗീകരണ മാനദണ്ഡങ്ങൾ അനുസരിച്ച്, ഒരു മൾട്ടി-അസറ്റ് അലോക്കേഷൻ ഫണ്ട് കുറഞ്ഞത് മൂന്ന് വ്യത്യസ്ത ആസ്തി വിഭാഗങ്ങളിലായി (Asset classes) തങ്ങളുടെ മൊത്തം തുകയുടെ 10 ശതമാനം വീതമെങ്കിലും നിർബന്ധമായും നിക്ഷേപിച്ചിരിക്കണം. ഇതിനുപുറമെ, ഇക്വിറ്റി (ഓഹരികൾ), ഡെറ്റ് (കടപ്പത്രങ്ങൾ), സ്വർണം, വെള്ളി, വിദേശ സെക്യൂരിറ്റികൾ, റിയൽ എസ്റ്റേറ്റ് (REITs/InvITs) എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരൊറ്റ ഫണ്ട് വഴി നിക്ഷേപിക്കാൻ ഫണ്ട് ഹൗസുകൾക്ക് സാധിക്കും.

വൈവിധ്യമാർന്ന നിക്ഷേപ ശൈലി

വിപണിയിലുള്ള മൾട്ടി-അസറ്റ് ഫണ്ടുകൾ പരിശോധിച്ചാൽ വിവിധ ആസ്തി വിഭാഗങ്ങളിലെ അവയുടെ വിന്യാസം വ്യക്തമാകും. ഉദാഹരണത്തിന്, നിപ്പോൺ ഇന്ത്യ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് ഇക്വിറ്റിയിൽ 59.18%, ഡെറ്റിൽ 16.57%, സ്വർണത്തിൽ 7.51%, വെള്ളിയിൽ 2.23%, വിദേശ സെക്യൂരിറ്റികളിൽ 4.44%, ആർ.ഇ.ഐ.ടി / ഇൻവിറ്റുകളിൽ (REITs/InvITs) 2.92% എന്നിങ്ങനെ വിനിയോഗിച്ചിരിക്കുന്നു. വൈറ്റ്ഓക്ക് ക്യാപിറ്റൽ ഫണ്ട് ആകട്ടെ 19.94% തുക റിയൽ എസ്റ്റേറ്റ് (REITs/InvITs) മേഖലയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ, വിപണിയിലെ ഭൂരിഭാഗം മൾട്ടി-അസറ്റ് ഫണ്ടുകളും 60% അല്ലെങ്കിൽ അതിൽ കൂടുതൽ തുകയും ഇക്വിറ്റിയിലാണ് മാറ്റിവെച്ചിരിക്കുന്നത്. ഇക്വിറ്റി ടാക്സേഷൻ (Taxation) ആനുകൂല്യം ലഭിക്കുന്നതിനായി പല ഫണ്ടുകളും 65% ഓളം ഇക്വിറ്റി എക്സ്പോഷർ നിലനിർത്താറുണ്ട്.

മൾട്ടി-അസറ്റ് ഫണ്ടുകളുടെ പ്രസക്തി: ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുമ്പോള്‍ സ്വര്‍ണം, വെളളി വില ഉയരുന്ന പ്രവണതയും കണ്ടുവരുന്നു. ഓഹരി വിപണി മന്ദഗതിയിലാകുമ്പോൾ മറ്റ് ആസ്തികളിൽ നിന്നുള്ള ഉയർന്ന നേട്ടം നിക്ഷേപകരുടെ നഷ്ടസാധ്യത (Risk) കുറയ്ക്കാൻ സഹായിക്കും.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

ഡൈനാമിക് അലോക്കേഷൻ: ഫണ്ട് വെറും ഇക്വിറ്റി കേന്ദ്രീകൃതമാണോ അതോ വിപണി സാഹചര്യത്തിനനുസരിച്ച് ഡൈനാമിക്കായി ആസ്തികൾ മാറ്റുന്നുണ്ടോ എന്ന് വിലയിരുത്തണം.

കമ്മോഡിറ്റി വൈവിധ്യം: കമ്മോഡിറ്റി വിഭാഗത്തിൽ സ്വർണവും വെള്ളിയും മാത്രമാണോ അതോ വ്യത്യസ്ത ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന മറ്റ് ആസ്തികൾ ഉണ്ടോ എന്ന് നോക്കണം.

സ്ഥിരതയും പ്രകടനവും: സുസ്ഥിരത ഉറപ്പാക്കുന്ന ഡെറ്റ് പോർട്ട്ഫോളിയോയുടെ ക്രെഡിറ്റ് നിലവാരം പരിശോധിക്കണം. ഒരൊറ്റ വർഷത്തെ റിട്ടേൺ മാത്രം നോക്കാതെ ഒരു പൂർണ വിപണി സൈക്കിളിലുടനീളം (Full market cycle) പ്രകടനം വിലയിരുത്തുകയാണ് വേണ്ടത്.

ഒരൊറ്റ മൾട്ടി-അസറ്റ് ഫണ്ട് വഴി 5 മേഖലകളിലും നിക്ഷേപിക്കാൻ സാധിക്കുമെങ്കിലും, ഓരോ ഫണ്ടിന്റെയും നിക്ഷേപ ഘടന വ്യത്യസ്തമായതിനാൽ അവയുടെ തന്ത്രം വ്യക്തമായി മനസിലാക്കി വേണം നിക്ഷേപിക്കാൻ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```