

നിരവധി മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ എസ്.ഐ.പി (SIP) വഴി നിക്ഷേപിക്കുന്നവർ പലപ്പോഴും കരുതുന്നത് അവരുടെ പോർട്ട്ഫോളിയോ സുരക്ഷിതവും വൈവിധ്യവൽക്കരിക്കപ്പെട്ടതുമാണ് എന്നാണ്. എന്നാൽ വ്യത്യസ്ത ഫണ്ടുകൾ തെരഞ്ഞെടുത്തതുകൊണ്ട് മാത്രം യഥാർത്ഥ വൈവിധ്യവൽക്കരണം സാധ്യമാകണമെന്നില്ല. പല ഫണ്ടുകളും ഒരേ ഓഹരികളിൽ തന്നെയായിരിക്കും നിക്ഷേപിക്കുന്നത്. ഇത് നിക്ഷേപത്തിൽ അനാവശ്യമായ റിസ്ക് വർധിപ്പിക്കും.
പല നിക്ഷേപകരും വ്യത്യസ്ത ഫണ്ട് ഹൗസുകളിൽ നിന്നോ വിവിധ വിഭാഗങ്ങളിൽ നിന്നോ ഉള്ള ഒന്നിലധികം സ്കീമുകൾ കൈകാര്യം ചെയ്യാറുണ്ട്. എന്നാൽ ഈ ഫണ്ടുകളുടെ അണ്ടർലൈയിംഗ് ഹോൾഡിങ്സ് (Underlying Holdings) പരിശോധിച്ചാൽ ഭൂരിഭാഗം ഫണ്ടുകളും നിഫ്റ്റി 50 പോലെയുള്ള പ്രമുഖ സൂചികകളിലെ ഒരേ കമ്പനികളിൽ തന്നെയായിരിക്കും പണം നിക്ഷേപിക്കുന്നത് എന്ന് കാണാം. SEBI-യുടെ (സെബി) നിബന്ധനകൾ പ്രകാരം ലാർജ് ക്യാപ് ഫണ്ടുകൾ ആകെ ആസ്തിയുടെ കുറഞ്ഞത് 80 ശതമാനമെങ്കിലും വിപണിമൂല്യത്തിൽ ആദ്യ 100 സ്ഥാനത്തുള്ള കമ്പനികളിലാണ് നിക്ഷേപിക്കേണ്ടത്.
ഇതുമൂലം വ്യത്യസ്ത അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ (AMC) രണ്ട് ലാർജ് ക്യാപ് ഫണ്ടുകളിൽ ഒരേപോലെയുള്ള നിരവധി നിക്ഷേപങ്ങൾ വരാൻ സാധ്യതയുണ്ട്. ഇതിലേക്ക് വലിയ തോതിൽ ലാർജ് ക്യാപ് ഓഹരികളിൽ നിക്ഷേപമുള്ള ഒരു ഫ്ലെക്സി-ക്യാപ് അല്ലെങ്കിൽ ഫോക്കസ്ഡ് ഫണ്ട് കൂടി ചേർത്താൽ ആവർത്തനം ഇനിയും വർദ്ധിക്കും. ഇതിലൂടെ വിപണിയിൽ ഒരു ഓഹരിയുടെ വില ഇടിയുമ്പോൾ അത് നിക്ഷേപകന്റെ എല്ലാ ഫണ്ടുകളെയും ഒരേപോലെ ബാധിക്കുന്നു.
നിങ്ങളുടെ നിക്ഷേപം യഥാർത്ഥത്തിൽ വൈവിധ്യവൽക്കരിക്കപ്പെട്ടതാണോ എന്ന് പരിശോധിക്കാൻ ഫണ്ട് ഓവർലാപ്പ് (Fund Overlap) പരിശോധിക്കുകയാണ് വേണ്ടത്. ഇതിനായി വിവിധ ഓൺലൈൻ പോർട്ട്ഫോളിയോ അനലൈസർ ടൂളുകൾ ഉപയോഗിക്കാം. രണ്ട് സ്കീമുകൾ തമ്മിൽ വലിയ തോതിൽ ഒരേ ഓഹരികൾ വരുന്നുണ്ടെങ്കിൽ ആ നിക്ഷേപ ശൈലി പുനഃപരിശോധിക്കേണ്ടതുണ്ട്.
പോർട്ട്ഫോളിയോയിൽ ഒരേപോലെയുള്ള നിക്ഷേപങ്ങൾ (Overlap) കണ്ടതുകൊണ്ട് മാത്രം നിക്ഷേപകർ പെട്ടെന്ന് പണം പിൻവലിക്കേണ്ടതില്ല.
ഓരോ ഫണ്ടിന്റെയും ലക്ഷ്യം എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അത് ലാർജ് ക്യാപ് ഓഹരികളിൽ പ്രധാന ഊന്നൽ നൽകുന്നതാണോ, മിഡ് അല്ലെങ്കിൽ സ്മോൾ ക്യാപ് ഫണ്ടുകളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കുന്നതാണോ, അതോ വ്യത്യസ്തമായ മറ്റൊരു നിക്ഷേപ രീതി പിന്തുടരുന്നതാണോ എന്ന് പരിശോധിക്കുക.
രണ്ട് സ്കീമുകൾ ഒരേ ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് കണ്ടാൽ, അവയുടെ മുൻകാല പ്രകടനം, നിക്ഷേപ ശൈലി, റിസ്ക്, ചെലവുകൾ (Expense Ratio) എന്നിവ വിലയിരുത്തി ഏത് ഫണ്ട് നിലനിർത്തണമെന്ന് തീരുമാനിക്കാം.
ഒരേപോലെയുള്ള സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്ന ഒന്നിലധികം ഫണ്ടുകൾ കൈവശം വെക്കുന്നത് പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നത് സങ്കീർണ്ണമാക്കും. നികുതി ബാധ്യതകളും എക്സിറ്റ് ലോഡുകളും (Exit Loads) കൂടി വിലയിരുത്തിയ ശേഷം ഇത്തരം ഫണ്ടുകൾ ലയിപ്പിക്കുകയോ (Consolidate) അനാവശ്യമായവ ഒഴിവാക്കുകയോ ചെയ്യുന്നത് മികച്ച ദീർഘകാല നേട്ടത്തിന് സഹായിക്കും. നിക്ഷേപകർ ഫണ്ടുകളുടെ വിഭാഗങ്ങളും (Fund Categories) ആറ്റിട്യൂഡും കൃത്യമായിമനസിലാക്കി മാത്രം പുതിയ എസ്ഐപി തുടങ്ങുക.