പുതുവര്‍ഷത്തിന് സമ്മിശ്ര തുടക്കം; ഐടിസിക്ക് വന്‍ തിരിച്ചടി, മുന്നേറി പോപ്പുലറും കിംഗ്‌സ് ഇന്‍ഫ്രയും

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ 89.97 എന്ന നിരക്കിലാണ് രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
പുതുവര്‍ഷത്തിന് സമ്മിശ്ര തുടക്കം;  ഐടിസിക്ക് വന്‍ തിരിച്ചടി, മുന്നേറി പോപ്പുലറും കിംഗ്‌സ് ഇന്‍ഫ്രയും
Published on

2026-ലെ ആദ്യ വ്യാപാരദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വലിയ മാറ്റങ്ങളില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 26,100 പോയിന്റിന് മുകളില്‍ നിലയുറപ്പിച്ചപ്പോള്‍, പ്രമുഖ ഓഹരികളിലെ തളര്‍ച്ച സെന്‍സെക്സിനെ നേരിയ തോതില്‍ ബാധിച്ചു. ധനകാര്യ സ്ഥാപനങ്ങളുടെയും മിഡ്ക്യാപ് ഓഹരികളുടെയും മുന്നേറ്റം വിപണിക്ക് താങ്ങായി നിന്നു.

സെന്‍സെക്സ് 32 പോയിന്റ് ഇടിഞ്ഞ് 85,189 ലും നിഫ്റ്റി 17 പോയിന്റ് നേട്ടത്തില്‍ 26,147 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ ഭൂരിഭാഗം ഓഹരികളും നേട്ടത്തിലായതിനാല്‍ വിപണിയുടെ പൊതുവായ കരുത്ത് (Market Breadth) പോസിറ്റീവ് ആയിരുന്നു.

വിപണിയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളുടെ അഭാവവും വിപണി ഒരു നിശ്ചിത പരിധിക്കുള്ളില്‍ തുടരുന്നതുമാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി മാറ്റമില്ലാതെ അവസാനിക്കാന്‍ കാരണമായത്. മൂന്നാം പാദ ഫലങ്ങള്‍ക്കും ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്കുമായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്.

ആഗോള വിപണികളിലും പുതുവര്‍ഷത്തില്‍ തളര്‍ച്ചയാണ് നിഴലിച്ചത്. അമേരിക്കയിലെ എസ് ആന്റ് പി 500: 0.7% ഇടിവ് രേഖപ്പെടുത്തി. നാസ്ഡാക് 100: 0.8% ഇടിവ്. ഡൗ ജോണ്‍സ്: 0.6% ഇടിവ്. എംഎസ്സിഐ വേള്‍ഡ് ഇന്‍ഡക്സ്: 0.6% ഇടിവ്.

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ 89.97 എന്ന നിരക്കിലാണ് രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. മുന്‍ ദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നേട്ടമുണ്ടാക്കിയവര്‍

ശ്രീറാം ഫിനാന്‍സ് 3 ശതമാനം നേട്ടത്തോടെ നിഫ്റ്റിയിലെ ടോപ്പ് ഗെയിനറായി.

മികച്ച ഡിസംബര്‍ സെയില്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഓട്ടോ ഓഹരികളായ ബജാജ് ഓട്ടോ (3%), എം ആന്‍ഡ് എം, അശോക് ലെയ്ലാന്‍ഡ് എന്നിവ മുന്നേറി.

നിഫ്റ്റി ബാങ്ക് ഇന്ന് 130 പോയിന്റ് ഉയര്‍ന്ന് 59,712-ല്‍ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് വിഭാഗത്തില്‍ ജെഎസ്ഡബ്ല്യു എനര്‍ജി, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, സുപ്രീം ഇന്‍ഡസ്ട്രീസ് എന്നിവ 3-4 ശതമാനം നേട്ടമുണ്ടാക്കി.

തിരിച്ചടി നേരിട്ടവര്‍

എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് ഐടിസി ഓഹരികള്‍ ഒറ്റയടിക്ക് 9 ശതമാനം ഇടിഞ്ഞു. ഗോഡ്ഫ്രെ ഫിലിപ്സ് ഓഹരി വിലയില്‍ 17.1% ഇടിവുണ്ടായി. സിഗരറ്റ് നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനികളെല്ലാം വലിയ തകര്‍ച്ചയാണ് നേരിട്ടത്. ഈ തകര്‍ച്ച എഫ്എംസിജി ഇന്‍ഡക്സിനെ മൊത്തത്തില്‍ 3.2 ശതമാനം താഴേക്ക് നയിച്ചു. സിഗരറ്റ് വില്‍പ്പന കുറയാനും അനധികൃത വിപണി ശക്തിപ്പെടാനും ഈ നികുതി വര്‍ദ്ധനവ് കാരണമായേക്കുമെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് വിലയിരുത്തുന്നു. നിഫ്റ്റിയുടെ കുതിപ്പിന് കടുത്ത തടസമായി നിന്നതും സിഗരറ്റ് ഓഹരികളിലെ ഇടിവാണ്.

ഡിമാര്‍ട്ടിന്റെ മാതൃ കമ്പനിയായ അവിന്യൂ സൂപ്പര്‍മാര്‍ട്ട്സ് ക്വാര്‍ട്ടര്‍ അപ്ഡേറ്റിന് മുന്നോടിയായി 2 ശതമാനം ഇടിഞ്ഞു.

ഇന്‍ഷുറന്‍സ് കമ്മീഷനുമായി ബന്ധപ്പെട്ട ആര്‍ബിഐ ആശങ്കകളെത്തുടര്‍ന്ന് പിബി ഫിന്‍ടെക് ഓഹരി വില താഴേക്കിറങ്ങി.

ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഭാരത് ഇലക്ട്രോണിക്സ്, ഐസിഐസിഐ ബാങ്ക് എന്നിവ 0.4% മുതല്‍ 10% വരെ ഇടിവ് രേഖപ്പെടുത്തി.

കേരള കമ്പനികളും ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. പോപ്പുലര്‍ വെഹിക്കിള്‍സ്, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ്, സി.എസ്.ബി ബാങ്ക് എന്നിവ ഇന്ന് ആറ് മുതല്‍ എട്ട് ശതമാനം വരെ ഉയര്‍ന്നു. അബേറ്റ് ഇന്‍ഡസ്ട്രീസ് 4.51 ശതമാനവും കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ നാല് ശതമാനത്തിനടുത്തും ഉയരത്തിലാണ്.

യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സാണ് ഇന്ന് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയ കേരള കമ്പനി. സഫ സിസ്റ്റംസ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, മുത്തൂറ്റ് മൈക്രോഫിന്‍ എന്നിവയാണ് ഇടിവില്‍ മുന്നിലുള്ള മറ്റ് കേരള കമ്പനി ഓഹരികള്‍.

Indian stock market opens 2026 flat; ITC faces sharp fall while Kerala stocks like Popular and Kings Infra gain.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com