മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒ: ഓഹരി മുന്നേറുമോ? ജിയോജിത്തിന്റെ റേറ്റിംഗ് ഇങ്ങനെ

കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലെ മുത്തൂറ്റ് മൈക്രോഫിന്നിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) ഇന്ന് തുടക്കമായി. ഡിസംബര്‍ 20ന് അവസാനിക്കുന്ന ഐ.പി.ഒ വഴി 960 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഓഹരിയൊന്നിന് 277-291 രൂപയാണ് വില (Price Band). കുറഞ്ഞത് 51 ഓഹരികള്‍ക്കാണ് അപേക്ഷിക്കാനാകുക. അതായത് ഏറ്റവും കുറഞ്ഞ നിക്ഷേപം 14,841 രൂപ. തുടര്‍ന്ന് 51 ഓഹരികളുടെ ഗുണിതങ്ങളായും അപേക്ഷിക്കാം. 760 കോടി രൂപയുടെ പുതിയ ഓഹരികള്‍ക്ക് പുറമെ നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള 200 കോടി രൂപയുടെ ഓഹരികള്‍ ഓഫര്‍-ഫോര്‍ സെയില്‍ (OFS) വഴിയും വിറ്റഴിക്കും.
'സബ്‌സ്‌ക്രൈബ്' റേറ്റിംഗുമായി ജിയോജിത്
മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ക്ക് മികച്ച വളര്‍ച്ചാ സാധ്യതയാണുള്ളതെന്ന് പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അഭിപ്രായപ്പെട്ടു. ഓഹരിക്ക് 'സബ്‌സ്‌ക്രൈബ്' റേറ്റിംഗാണ് ജിയോജിത് നല്‍കിയിരിക്കുന്നത്.
വൈവിധ്യമാര്‍ന്ന വായ്പാ ഉത്പന്നങ്ങള്‍, ഡിജിറ്റലിലേക്കുള്ള അതിവേഗ പരിവര്‍ത്തനം, പുതിയ വിപണികളിലേക്കുള്ള കടന്നുകയറ്റം എന്നിവ കണക്കിലെടുത്ത് ഓഹരി മധ്യ-ദീര്‍ഘകാലത്തില്‍ മികച്ച വളര്‍ച്ച നേടിയേക്കാം.
മൈക്രോഫിനാന്‍സ് ഇന്‍ഡസ്ട്രിയുടെ മൊത്തം വായ്പകള്‍ 2018 സാമ്പത്തിക വര്‍ഷം മുതല്‍ 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദാം വരെയുള്ള കണക്കനുസരിച്ച് 21 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയോടെ (CAGR) മൊത്തം 3.3 ലക്ഷം കോടിയിലെത്തിയിരിക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് 4.9 ലക്ഷം കോടിയാകുമെന്നാണ് ക്രിസിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മികച്ച വളര്‍ച്ച
2024 സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ പാദം വരെയുള്ള കണക്കനുസരിച്ച് 10,870.67 കോടിരൂപയുടെ ആസ്തിയാണ് (AUM) മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്.
2020-21 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷത്തിൽ കമ്പനിയുടെ വരുമാനം 44 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയോടെ 1,446.34 കോടിരൂപയിലെത്തി. ഇക്കാലയളവില്‍ നികുതിക്ക് ശേഷമുള്ള ലാഭം 384 ശതമാനം വര്‍ധിച്ചു. അറ്റ പലിശ മാര്‍ജിന്‍ 11.6 ശതമാനത്തിലെത്തി.
ആസ്തി നിലവാരത്തിലും കാര്യമായ വളര്‍ച്ച നേടാന്‍ മുത്തൂറ്റ് മൈക്രോഫിന്നിന് സാധിച്ചിട്ടുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) 7.39 ശതമാനത്തില്‍ നിന്ന് 2.97 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 1.42 ശതമാനത്തില്‍ നിന്ന് 0.60 ശതമാനമായി കുറഞ്ഞു. എന്‍.ബി.എഫ്.സി-എം.എഫ്.ഐ സെക്ടറിനെ സംബന്ധിച്ച് വളരെ കുറഞ്ഞ നിരക്കാണിത്.
കമ്പനിയുടെ ആസ്തികളില്‍ നിന്നുള്ള നേട്ടം (Return on Assets/RoA) ഇക്കാലയളവില്‍ 0.2 ശതമാനത്തില്‍ നിന്ന് 2.2 ശതമാനമായും ഓഹരി മൂലധനത്തില്‍ നിന്നുള്ള നേട്ടം (Return on equity /RoE) 0.8 ശതമാനത്തില്‍ നിന്ന് 11.1 ശതമാനം ഉയര്‍ന്നു. ഇന്‍ഡസ്ട്രിയുടെ മൊത്തം പ്രകടനവുമായി നോക്കുമ്പോള്‍ ഇത് മികച്ചതാണ്.
മുത്തൂറ്റ് മൈക്രോഫിന്നിന്റെ ഉയര്‍ന്ന ഓഫര്‍ വില പ്രകാരം ഈ ഓഹരിയുടെ വില പുസ്തകമൂല്യത്തിന്റെ (Price-to-Book (P/B)) 1.9 മടങ്ങാണ്. നിലവിലുള്ള വരുമാന വളര്‍ച്ചയും ഭാവി സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ഐ.പി.ഒ വില ന്യായമായാണ് നിശ്ചയിച്ചിരിക്കുന്നത്.

അനുകൂല സാഹചര്യം

ഗ്രാമീണ മേഖലകളിലെ സാമ്പത്തിക ഉന്നമനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് മൈക്രോഫിനാന്‍സ് ഇന്‍ഡസ്ട്രി ശക്തമായ വളര്‍ച്ച തുടരാന്‍ സാധ്യതയെന്നും ജിയോജിത് പറയുന്നു.

ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം വിനിയോഗിക്കുകയെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ മാനേജിംഗ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് വ്യക്തമാക്കിയിരുന്നു. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി പരിഗണിച്ചാല്‍ (AUM) ഇന്ത്യയിലെ അഞ്ചാമത്തെ വലിയ എന്‍.ബി.എഫ്.സി-എം.എഫ്.ഐ കമ്പനിയാണ് മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനത്തും. കേരളത്തിലെ മുന്‍നിര മൈക്രോഫിനാന്‍സ് കമ്പനിയായ മുത്തൂറ്റ് മൈക്രോഫിന്നിന് തമിഴ്‌നാട്ടിലും 16 ശതമാനം വിപണി വിഹിതമുണ്ട്. മൊത്തം 32 ലക്ഷത്തോളം സജീവ ഇടപാടുകാരും കമ്പനിക്കുണ്ട്. 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1,340 ശാഖകളും കമ്പനിക്കുണ്ട്.
This is a recommendation by Geojit Financial Services.
(Equity investing is subject to market risk. Please do your own research or consult a financial advisor before investing
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it