Begin typing your search above and press return to search.
മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒയ്ക്ക് വന്‍ സ്വീകരണം; രണ്ടാംനാളില്‍ തന്നെ മുഴുവന്‍ വിറ്റുപോയി
കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലെ മൈക്രോഫിനാന്‍സ് കമ്പനിയായ മുത്തൂറ്റ് മൈക്രോഫിന്നിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (IPO) രണ്ടാം ദിനത്തില്‍ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. രണ്ടാം ദിനം വ്യാപാരം തുടങ്ങി രണ്ട് മിനിറ്റുകള്‍ക്കകം തന്നെ 1.17 മടങ്ങ് അപേക്ഷയാണ് ലഭിച്ചത്. ആദ്യ ദിനമായ ഇന്നലെ 83 ശതമാനത്തോളം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചിരുന്നു.
ചെറുകിട നിക്ഷേപകരില്‍ നിന്നും സ്ഥാപനേതര നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഐ.പി.ഒയ്ക്ക് ലഭിച്ചത്. ജീവനക്കാര്‍ക്കായി നീക്കിവച്ചതും പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.
ആവേശത്തോടെ ചെറുകിട നിക്ഷേപകര്‍
ഐ.പി.ഒയില്‍ 277-291 രൂപ നിലവാരത്തില്‍ 2,43,87,447 ഓഹരികള്‍ ഇഷ്യു ചെയ്തപ്പോള്‍ ഇതുവരെ 3,39,16,938 ഓഹരികള്‍ക്കുള്ള അപേക്ഷകള്‍ ലഭിച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തം ഇഷ്യുവിന്റെ 1.39 മടങ്ങ് അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ചെറുകിട നിക്ഷേപകരുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍. 2.33 മടങ്ങ് അപേക്ഷ ലഭിച്ചു. സ്ഥാപക ഇതര നിക്ഷേപകരുടെ വിഭാഗത്തില്‍ 1.65 മടങ്ങ് അപേക്ഷകളും.
നവംബര്‍ 20 വരെയാണ് ഐ.പി.ഒ കാലാവധി. ഇഷ്യു ആരംഭിക്കുന്നതിനു മുന്നോടിയായി മുത്തൂറ്റ് മൈക്രോഫിന്‍ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 285 കോടി രൂപ സമാഹരിച്ചിരുന്നു. മൊത്തം 960 കോടി രൂപയാണ് ഐ.പി.ഒ വഴി മുത്തൂറ്റ് മൈക്രോഫിന്‍ സമാഹരിക്കുന്നത്. ഇതില്‍ 760 കോടി രൂപയുടെ പുതിയ ഓഹരികളും 200 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ.എഫ്.എസ്) ഉള്‍പ്പെടുന്നു.
മിനിമം നിക്ഷേപം
ഏറ്റവും കുറഞ്ഞത് 51 ഓഹരികള്‍ക്കാണ് മുത്തൂറ്റ് മൈക്രോഫിന്നിന്റെ ഐ.പി.ഒയില്‍ അപേക്ഷിക്കാനാകുക. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും. അതായത് മിനിമം നിക്ഷേപം 14,841 രൂപ. ഡിസംബര്‍ 21 ഓടെ അര്‍ഹരായ നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ വകയിരുത്തും. അര്‍ഹരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് 22ന് ഓഹരികള്‍ ലഭ്യമാക്കുകയും ചെയ്യും. ഡിസംബര്‍ 26ന് മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യും. അതായത് അന്ന് മുതല്‍ ഓഹരി വിപണിയില്‍ നിന്ന് മുത്തൂറ്റ് മൈക്രോഫിന്നിന്റെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയും.
നിലവില്‍ ഇഷ്യുവിലയേക്കാള്‍ 55 രൂപയിലധികം ഉയര്‍ന്നാണ് ഗ്രേ മാര്‍ക്കറ്റില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ വ്യാപാരം നടത്തുന്നത്. ഇത് കണക്കിലെടുത്താല്‍ ഐ.പി.ഒ വിലയേക്കാള്‍ 18.9 ശതമാനത്തോളം ഉയര്‍ച്ചയില്‍ ഓഹരി ലിസ്റ്റ് ചെയ്‌തേക്കുമെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്.
Next Story
Videos