

ഓഹരി വിപണിയില്‍ തുടക്കക്കാര്‍ക്കും അനുഭവസമ്പത്തുള്ളവര്‍ക്കും ഏറെ ആകര്‍ഷകമായ നിക്ഷേപകരീതിയാണ് മ്യൂച്വല്‍ഫണ്ട്. പുതുതായി വിപണിയിലേക്ക് എത്തുന്നവര്‍ കൂടുതലായും മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. വിപണി അത്ര അനുകൂലമല്ലാതിരുന്നിട്ടു പോലും ജൂലൈയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 75.35 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ജൂണിലെ 74.4 ലക്ഷം കോടി രൂപയില്‍ നിന്നാണ് ഈ വളര്‍ച്ച. 1.27 ശതമാനത്തിന്റെ വളര്‍ച്ച.
ഇക്വിറ്റി ഫണ്ടിന്റെ ആസ്തി ജൂണിലെ 23,87.05 കോടിയില്‍ നിന്ന് 42,702.35 കോടി രൂപയായി ഉയര്‍ന്നു. 81.04 ശതമാനത്തിന്റെ വര്‍ധന. സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ജൂണിലെ 4,025 കോടി രൂപയില്‍ നിന്ന് 6,484 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്.
മിഡ്ക്യാപ് ഫണ്ടുകളിലേക്കുള്ള വരവ് മുന്‍മാസത്തേക്കാള്‍ 38 ശതമാനം വര്‍ധിച്ചു. ജൂലൈയിലെ കണക്കനുസരിച്ച് 5,182 കോടി രൂപയാണ് മിഡ്ക്യാപ് ഫണ്ടുകളിലെ നിക്ഷേപം. ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ ജൂലൈയില്‍ 25 ശതമാനം വര്‍ധിച്ച് 2,125 കോടി രൂപയായി. ജൂലൈയില്‍ പുതുതായി 30 സ്‌കീമുകള്‍ പുതുതായി വന്നു. 30,416 കോടി രൂപ ഈ ഫണ്ടുകളിലേക്ക് നിക്ഷേപമായെത്തി.
ബാങ്ക് സ്ഥിരനിക്ഷേപം അത്ര ആകര്‍ഷകമല്ലാതെ മാറിയതോടെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇടത്തരം വരുമാനക്കാര്‍. കേരളത്തിലടക്കം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിക്കുകയാണ്.
രാജ്യത്തെ ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ആറുമാസത്തിനിടെ 7 ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ആറുമാസത്തെ വര്‍ധന 11 ശതമാനമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine