രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് മരവിക്കും

സെബി നിര്‍ദേശം പാലിക്കാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളിലെ നേട്ടം പിന്‍വലിക്കാനാകില്ല
രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് മരവിക്കും
Published on

എല്ലാ വ്യക്തിഗത മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് ഹോള്‍ഡര്‍മാരും 2023 സെപ്റ്റംബര്‍ 30-ന് മുമ്പ് നോമിനിയെ നാമനിര്‍ദ്ദേശം ചെയ്യണം അല്ലെങ്കില്‍ നോമിനേഷന്‍ വേണ്ട എന്ന് നല്‍കണം. ഇത്തരത്തില്‍ ചെയ്യാത്ത പക്ഷം മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള നേട്ടം പിന്‍വലിക്കലും മ്യൂച്വല്‍ ഫണ്ടിലേക്കുള്ള പണം എത്തുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഓട്ടോ ഡെബിറ്റ് സൗകര്യവും പ്രവര്‍ത്തനരഹിതമാകും.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ നോമിനിയെ ഉള്‍പ്പെടുത്തണമെന്ന് മാര്‍ച്ച് 28ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(SEBI) നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇതിനായി സെബി നിര്‍ദേശിച്ചിട്ടുള്ള അവസാന തീയതിയാണ് ഈ മാസം 30.

നോമിനി വേണ്ടാത്തവര്‍

നോമിനിയായി ആരെയും ചേര്‍ക്കാന്‍ ആഗ്രഹിക്കാത്ത നിക്ഷേപകര്‍ക്ക് അക്കൗണ്ട് മരവിക്കല്‍ തടയാനായി 'ഓപ്റ്റ് ഔട്ട്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. നോമിനിയെ തെരഞ്ഞെടുക്കുന്ന 'ഓപ്റ്റ് ഇന്‍', നോമിനി വേണ്ടാത്ത 'ഓപ്റ്റ് ഔട്ട്' എന്നിങ്ങനെ രണ്ട് ഓപ്ഷനുകളായാലും ഈ മാസം 30ന് മുമ്പായി ഡിക്ലറേഷന്‍ നല്‍കിയിരിക്കണം.

ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍

ജോയിന്റ് അക്കൗണ്ടായി മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഉള്ളവര്‍ തങ്ങളുടെ അഭാവത്തില്‍ ആരാണ് ഇവയുടെ അവകാശി എന്ന് വ്യക്തമാക്കിയിരിക്കണം. അഥവാ ഒരാളുടെ അസാന്നിധ്യത്തില്‍ മറ്റ് അക്കൗണ്ട് ഹോള്‍ഡറോ ഹോള്‍ഡര്‍മാരോ ആണ് അവകാശികള്‍ എന്നും അല്ലെങ്കില്‍ അവകാശികള്‍ ഇല്ല എന്നും നല്‍കണം. ജോയിന്റ് അക്കൗണ്ടിലെ എല്ലാവരുടെയും അഭാവത്തില്‍ അവകാശം ആരിലേക്ക് പോകുമെന്നും ജോയിന്റ് അക്കൗണ്ട് അവകാശികള്‍ ചേര്‍ന്ന് നാമനിര്‍ദേശം നടത്തേണ്ടതാണ്.

ഓണ്‍ലൈനായി ഇത് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ടെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്ത്യ (Amfi India) വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com