

മലയാളികള്‍ അടക്കം കൂടുതല്‍ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് എത്തിയതിന് പിന്നില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ സ്വാധീനം വലുതായിരുന്നു. തുടര്‍ച്ചയായി നേട്ടങ്ങള്‍ സമ്മാനിച്ചതോടെ ബാങ്ക് നിക്ഷേപങ്ങള്‍ കുറയുകയും ഈ പണം കൂടി ഓഹരി വിപണിയിലേക്ക് എത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടായി. എന്നാല്‍, യുഎസില്‍ ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റായി എത്തിയശേഷം ആഗോള തലത്തില്‍ സാമ്പത്തിക കാലാവസ്ഥ അനിശ്ചിതത്വത്തിന്റേതാണ്. തീരുവ യുദ്ധവും മറ്റും ഇന്ത്യന്‍ വിപണിയെയും പിടിച്ചുകുലുക്കി. ഇതിന്റെ പ്രകമ്പനം ഓഹരി വിപണിയിലും പ്രകടമാണ്.
സാധാരണ നിക്ഷേപകരുടെ ഇഷ്ട മേഖലയായി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുറയുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വളര്‍ച്ചാനിരക്ക് കുറഞ്ഞതും സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതും മ്യൂച്വല്‍ ഫണ്ടുകളെ ബാധിച്ചു. 42,000 കോടി രൂപയായിരുന്നു ജൂലൈയില്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത്. ഓഗസ്റ്റില്‍ ഇത് 33,430 കോടി രൂപയായി താഴ്ന്നു. സെപ്റ്റംബറില്‍ വീണ്ടും ഇടിഞ്ഞ് 30,400 കോടി രൂപയായി.
സ്‌മോള്‍ക്യാപ് കാറ്റഗറിയിലാണ് വലിയ തോതില്‍ ഫണ്ട് വരവ് കുറഞ്ഞത്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി മോശം പ്രകടനമാണ് നടത്തുന്നത്.
ഇക്വിറ്റി സ്‌കീമുകളിലെ മൊത്തത്തിലുള്ള പണമൊഴുക്ക് 2025 ഏപ്രിലില്‍ 6.8% ആയിരുന്നത് സെപ്റ്റംബറില്‍ വെറും 5.4% ആയി കുറഞ്ഞു. പണമൊഴുക്ക് 19,000 കോടിയില്‍ നിന്ന് 15,000 കോടിയായി ചുരുങ്ങി. ചില പ്രത്യേക ഫണ്ടുകളിലേക്കായി നിക്ഷേപങ്ങളുടെ ഏറിയപങ്കും കേന്ദ്രീകരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ സാമ്പത്തികവര്‍ഷത്തെ ഏറ്റവും മോശം കാലഘട്ടമാണ് കടന്നുപോയതെന്നും സമ്പദ്‌വ്യവസ്ഥയില്‍ പോസിറ്റീവായ മാറ്റങ്ങള്‍ പ്രകടമാണെന്നും വിദഗ്ധര്‍ പറയുന്നു. ജിഎസ്ടിയിലെ പരിഷ്‌കാരം, ആര്‍ബിഐയുടെ പുനരുജീവന നീക്കങ്ങള്‍ എന്നിവയെല്ലാം ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ നിന്ന് ഡിസംബറോടെ നിഫ്റ്റി 11 ശതമാനം ഉയരുമെന്നാണ് വിലയിരുത്തല്‍.
വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയ സമയത്തും വിപണിയെ പിടിച്ചുനിര്‍ത്തിയത് ആഭ്യന്തര നിക്ഷേപകരുടെ സാന്നിധ്യമാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെ (എസ്.ഐ.പി) ഓഹരി വിപണിയിലേക്ക് എത്തിയവരുടെ എണ്ണം കോവിഡിന് ശേഷം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം വലിയ നേട്ടത്തിലേക്ക് എത്തിയില്ലെങ്കിലും വിപണിക്ക് ശുഭകരമായ നാളുകള്‍ തന്നെയാണ് വരാനിരിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine