

ഇന്ത്യന്‍ ഓഹരിവിപണി അതിവേഗ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങിയ ഘട്ടത്തില്‍പ്പോലും ആഭ്യന്തര നിക്ഷേപകരുടെ സാന്നിധ്യമാണ് പലപ്പോഴും വിപണിയെ പിടിച്ചു നിര്‍ത്തിയത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് കൂടുതല്‍ പണമൊഴുകുന്ന പ്രവണതയും ഉയരുന്നുണ്ട്.
പ്രാഥമിക ഓഹരി വില്പനയില്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകളുടെ നിക്ഷേപം വര്‍ധിക്കുന്നതിനാണ് 20225 സാക്ഷ്യം വഹിക്കുന്നത്. വലിയ ഐപിഒകള്‍ തുടര്‍ച്ചയായി വന്നത് നിക്ഷേപം വര്‍ധിക്കാന്‍ ഇടയാക്കി. ഈ വര്‍ഷം ഇതുവരെ മ്യൂച്വല്‍ ഫണ്ടുകള്‍ 22,750 കോടി രൂപയുടെ നിക്ഷേപമാണ് പ്രാഥമിക ഓഹരി വില്പനയില്‍ നടത്തിയത്.
മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഈ വര്‍ഷം ഇതുവരെ ഒഴുകിയെത്തിയത് 1.22 ലക്ഷം കോടി രൂപയാണ്. ഇതിന്റെ 19 ശതമാനം വരും പ്രാഥമിക ഓഹരി വില്പനയില്‍ സക്രിയമായി ഇടപെടാന്‍ ഫണ്ട് ഹൗസുകള്‍ മുടക്കിയത്.
ജനുവരി മുതല്‍ ഒക്ടോബര്‍ മധ്യം വരെ ആങ്കര്‍ നിക്ഷേപങ്ങളിലൂടെ ഫണ്ട് ഹൗസുകള്‍ 15,158 കോടി രൂപയും യോഗ്യരായ നിക്ഷേപക സ്ഥാപക വിഭാഗത്തില്‍ 7,590 കോടി രൂപയും നിക്ഷേപിച്ചു. പ്രതിമാസം ശരാശരി 20,000 കോടി രൂപയിലധികം വരുന്ന ശക്തമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളും മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പണലഭ്യത ഉറപ്പാക്കി.
മ്യൂച്വല്‍ ഫണ്ടുകള്‍ വലിയ ഐപിഒകളിലാണ് കൂടുതലായി താല്പര്യം പ്രകടിപ്പിച്ചത്. ടാറ്റ ക്യാപിറ്റല്‍ (15,511 കോടി), എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് (12,500 കോടി), എല്‍ജി ഇലക്‌ട്രോണിക്‌സ് (11,604 കോടി), ഹെക്‌സവെയര്‍ ടെക്‌നോളജീസ് (8,750 കോടി), എഥര്‍ എനര്‍ജി (2,980 കോടി) ഐപിഒകളാണ് മ്യൂച്വല്‍ ഫണ്ടുകളുടെ 42 ശതമാനം നിക്ഷേപവും വന്നിരിക്കുന്നത്.
ഹെക്‌സവെയര്‍ ടെക്‌നോളജീസില്‍ 3,548 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിച്ചിരിക്കുന്നത്. ഏഥര്‍ എനര്‍ജിയില്‍ 1,379 കോടി രൂപയും. അതേസമയം, 400 കോടി രൂപയില്‍ താഴെയുള്ള 32 ഐപിഒകളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കാര്യമായ താല്പര്യം കാണിച്ചിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine