മ്യൂച്വല്‍ ഫണ്ട് ഉണ്ടോ? എങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഈ പുതിയ രീതി നിങ്ങള്‍ക്കും ബാധകം
ഏപ്രില്‍ ഒന്നു മുതല്‍ വാങ്ങുന്ന ആഭ്യന്തര ഓഹരികളില്‍ 35 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപമില്ലാത്ത മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാകും. അതാതു വ്യക്തികള്‍ക്കു ബാധകമായ നികുതി നിരക്കായിരിക്കും ഇവിടെ ചുമത്തുക.
ഡെറ്റ് ഫണ്ടുകള്‍, ഇന്റര്‍നാഷണല്‍ ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇതേ രീതിയില്‍ നിക്ഷേപം തുടരുന്ന കാലയളവു കണക്കിലെടുക്കാതെ തന്നെ വ്യക്തികള്‍ക്കു ബാധകമായ നിരക്കില്‍ നികുതി ചുമത്തും.
ഈ മാറ്റങ്ങളോടു കൂടി ഡെറ്റ് പദ്ധതികളും പരമ്പരാഗത നിക്ഷേപങ്ങളും നികുതി ബാധ്യതയുടെ കാര്യത്തില്‍ തുല്യ സ്ഥിതിയിലായി. ഇതേ സമയം 2023 മാര്‍ച്ച് 31 വരെ ഡെറ്റ് ഫണ്ടുകളിലും ഇന്റര്‍നാഷണല്‍ ഫണ്ടുകളിലും ഗോള്‍ഡ് ഫണ്ടുകളിലും നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട ഭേദഗതി ബാധകമായിരിക്കില്ല.
ഇവയിലെ നിക്ഷേപങ്ങള്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിക്കു വിധേയമാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പരമാവധി നേട്ടമുണ്ടാക്കാനായി നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം വിലയിരുത്തുകയും ആവശ്യമായ രീതിയില്‍ പദ്ധതികളിലേക്കു പുനര്‍വകയിരുത്തലുകള്‍ നടത്തുകയും ചെയ്യണം.