നബീല്‍, ഋഗ്വേദ്: എന്‍എഫ്ടിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കൗമാരക്കാരെ പരിചയപ്പെടാം

ക്രിപ്‌റ്റോകറന്‍സി പോലെ, ബ്ലോക്ക്‌ചെയിന്‍ തുറന്നിട്ട ഡിജിറ്റല്‍ വരുമാന മാര്‍ഗമാണ് എന്‍എഫ്ടി. ട്വിറ്റര്‍ സ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സി മുതല്‍ ഇങ്ങ് മലയാളക്കരയിലുള്ളവര്‍ വരെയായി എന്‍എഫ്ടിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചവര്‍ നിരവധിയാണ്. അവര്‍ക്കിടയില്‍ രണ്ടു മലയാളി കൗമാരക്കാര്‍ കൂടിയുണ്ട്. സ്‌കൂളില്‍ അടിച്ചുപൊളിച്ച് നടക്കുകയും കുറഞ്ഞസമയം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുകയും ചെയ്യുന്ന സ്മാര്‍ട്ട് പയ്യന്മാര്‍...

നബീല്‍ തുറന്നിട്ട വാതിലുകള്‍വിറ്റത്: 7 ആര്‍ട്ടുകള്‍
കിട്ടിയത്:: 5,25,000 രൂപ
മുമ്പ് ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട ജോലിയിലേര്‍പ്പെട്ടിരുന്ന സഹോദരന്‍ ഫഹദാണ് എന്‍.എഫ്.ടിയുടെ സാധ്യതയെപ്പറ്റി നബീലിനോട് പറഞ്ഞുകൊടുക്കുന്നത്. പിന്നീട് നബീല്‍ ഗൂഗിളിലും യൂട്യൂബിലും ഇതേപ്പറ്റിയുള്ള അന്വേഷണത്തിലായി. അബുദാബിയില്‍ ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന സഹോദരി നസ്റീനും പഠനത്തിനായി സഹായിച്ചു. സ്‌കൂള്‍ പഠനം ഓണ്‍ലൈനിലായതിനാല്‍ ഗവേഷണത്തിനായി ഏറെ സമയം ലഭിച്ചു.
അങ്ങനെ സെപ്റ്റംബര്‍ 18നാണ് ഫൗണ്ടേഷന്‍ എക്സ്ചേഞ്ചില്‍ ആദ്യ ആര്‍ട്ട് മിന്റ് ചെയ്തത്. ഇതുവരെയായി ഫൗണ്ടേഷനില്‍ 12 ആര്‍ട്ടുകളും വാസിറക്സില്‍ 5 വര്‍ക്കുകളും വില്‍പ്പനയ്ക്ക് വെച്ചു. മൊത്തം 7 ആര്‍ട്ടുകള്‍ ഇതിനകം വിറ്റുപോയി. ഇതില്‍ നിന്നായി 5,25,000 രൂപ വരുമാനം ലഭിക്കുകയും ചെയ്തു.
'Doors of continuum', 'Forest' തുടങ്ങിയ സീരീസുകളിലായാണ് നബീലിന്റെ കലാവില്‍പ്പന. പിതാവ് നാസര്‍ കെ.വിയും മാതാവ് സുബൈദയും പരിപൂര്‍ണ്ണ പിന്തുണയാണ് എടപ്പാള്‍ പൂക്കറത്തറ ഡി.എച്ച്.ഒ എച്ച്.എസ്.എസിലെ ഈ പത്താം ക്ലാസുകാരന് നല്‍കുന്നത്.
ഋഗ്വേദിന്റെ ഡോട്ട് വേള്‍ഡ്വിറ്റത്: 7 ആര്‍ട്ടുകള്‍
കിട്ടിയത്:: 3,80,000 രൂപ
എറണാകുളം കളമശ്ശേരി രാജഗിരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഋഗ്വേദ്. എന്‍.എഫ്.ടിയെക്കുറിച്ച് പലയിടത്തും കണ്ട് അമ്മയോടാണ് ഋഗ്വേദ് തന്റെ താല്‍പര്യം അറിയിച്ചത്. 'എന്നോടൊപ്പം' എന്ന പേരിലുള്ള ജനപ്രിയ പോഡ്കാസ്റ്റ് താരമായ അമ്മ റെനീഷ്യ അതിന് ഫുള്‍ സപ്പോര്‍ട്ട് കൊടുത്തു.
ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തമായി വെബ്സൈറ്റ്, ചെറിയ ആപ്പുകള്‍, ഗെയിംസ് തുടങ്ങിയവയൊക്കെ നിര്‍മിച്ച് അച്ഛനെ കാണിച്ചിരുന്നു. ഐ.ബി.എമ്മില്‍ മീഡിയ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മഹേഷിന് ഇത് നന്നായി ബോധിച്ചു. മകന്റെ താല്‍പര്യമറിഞ്ഞ്, പൈത്തോണ്‍ പഠിപ്പിക്കാനായി യൂഡെമിയില്‍ ബേസിക് കോഴ്സിന് ചേര്‍ത്തു. തുടര്‍ന്ന് ഋഗ്വേദ് സ്വന്തം നിലയില്‍ പ്രോഗ്രാമിംഗ് പഠിച്ചെടുക്കുകയായിരുന്നു.
'Dot World' എന്ന പേരില്‍ സീരീസായാണ് ജനറേറ്റീവ് ആര്‍ട്ടുകള്‍ (കോഡിംഗ് ഉപയോഗിച്ചുണ്ടാക്കുന്ന കല) നിര്‍മിച്ച് ഫൗണ്ടേഷന്‍ എക്സ്ചേഞ്ചിലിട്ടത്. നവംബര്‍ 24നാണ് ആദ്യ മൂന്ന് ആര്‍ട്ടുകള്‍ ലിസ്റ്റ് ചെയ്തത്. അവ രണ്ടു ദിവസം കൊണ്ട് ലേലം ചെയ്തുപോയി. പിന്നാലെ നാലെണ്ണം കൂടി ക്രിയേറ്റ് ചെയ്യുകയും ലേലത്തില്‍ വില്‍ക്കുകയും ചെയ്തു. ഇതോടെ ഏഴ് ആര്‍ട്ടുകളില്‍ നിന്നായി 3,80,000 രൂപ റിഗ്വേദിന് വരുമാനമായി ലഭിച്ചു.


Related Articles

Next Story

Videos

Share it