13 വർഷത്തിന് ശേഷം കുരുമുളക് അവധി വ്യാപാരം വീണ്ടും തുടങ്ങുന്നു: കൊച്ചി ഇന്ത്യയുടെ സ്പൈസ് ട്രേഡിം​ഗ് ഹബ്ബ് ആകുമോ?

വില നിർണയത്തിലെ സുതാര്യതയും റിസ്ക് മാനേജ്മെന്റും ശക്തിപ്പെടുത്തുന്നതിനൊപ്പം കൊച്ചിയുടെ ചരിത്രപരമായ സ്പൈസ് ട്രേഡിംഗ് കേന്ദ്രമെന്ന സ്ഥാനം വീണ്ടെടുക്കാനുള്ള സാധ്യതയും ഇതിലൂടെ ഉയരുന്നു
NCDEX Pepper Derivatives Trading Relaunch
പ്രതീകാത്മക ചിത്രം (Image Source: Canva)
Published on

ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കുരുമുളക് അവധി വ്യാപാരം (Black pepper futures) തിരികെയെത്തുന്നു. കാർഷിക ഉത്പന്നങ്ങളുടെ അവധി വ്യാപാരത്തിൽ മുൻനിരയിലുള്ള നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (NCDEX) ആണ് പെപ്പർ ഫ്യൂച്ചേഴ്സ് ട്രേ‍ഡിം​ഗ് പുനരാരംഭിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു കാർഷിക ഉത്പന്നത്തിന്റെ സുതാര്യമായ വില നിർണയം ഉറപ്പാക്കാനും, രാജ്യത്തെ പ്രധാന സുഗന്ധവ്യഞ്ജന വ്യാപാര കേന്ദ്രം എന്ന കൊച്ചിയുടെ ചരിത്രപരമായ പദവി വീണ്ടെടുക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പെപ്പർ ഫ്യൂച്ചേഴ്സ് കോൺട്രാക്ട്: വിശദാംശങ്ങൾ

കുരുമുളക് അവധി വ്യാപാരത്തിൽ ഒരു മെട്രിക് ടൺ (1,000 കിലോ​ഗ്രാം) ലോട്ട് (വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഏറ്റവും കുറഞ്ഞ അളവ്) അടിസ്ഥാനമാക്കിയാണ് ഒരു ഫ്യൂച്ചേഴ്സ് കോൺട്രാക്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു കിലോഗ്രാമിന് 10 പൈസയാണ് മിനിമം പ്രൈസ് മൂവ്മെന്റ് (Tick Size). വ്യാപാരം നടക്കുന്ന കുരുമുളകിന്റെ അടിസ്ഥാന വില നിശ്ചയിക്കുന്നത്, ജി.എസ്.ടി നിരക്ക് ഒഴിവാക്കിയുള്ള കൊച്ചിയിലെ വെയർഹൗസുകളിൽ (Ex-warehouse) നിന്നുള്ള വില അടിസ്ഥാനമാക്കിയാണ്.

കുരുമുളക് സൂക്ഷിക്കുന്നതും കൈമാറുന്നതും കൊച്ചി നഗരസഭാ പരിധിയുടെ 60 കിലോമീറ്റർ ചുറ്റളവിലുള്ള വെയർഹൗസുകളിൽ മാത്രമായിരിക്കും. കൊച്ചി അല്ലാതെ മറ്റ് ഡെലിവറി കേന്ദ്രങ്ങൾ ഇതിനില്ല. കരാർ കാലാവധി അവസാനിക്കുമ്പോൾ (Expiry day), പണമായി മാത്രം ഇടപാട് തീർക്കാൻ (Cash settlement) കഴിയില്ല. വിറ്റയാൾ നിർബന്ധമായും സാധനം (കുരുമുളക്) വെയർഹൗസിൽ എത്തിച്ചു നൽകണം, വാങ്ങിയയാൾ അത് പണം നൽകി കൈപ്പറ്റുകയും വേണം.

മുൻ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത ഗുണനിലവാര നിബന്ധനകളാണുള്ളത്. കുരുമുളകിൽ അനുവദനീയമായ ഈർപ്പത്തിന്റെ പരിധി 11-11.5 ശതമാനമായി നിജപ്പെടുത്തി. കുറഞ്ഞത് 2% വോളറ്റൈൽ ഓയിൽ, 6% ഈഥർ എക്സ്ട്രാക്റ്റ്, 4% പൈപ്പറിൻ എന്നിവ നിർബന്ധമാണ്. കീടങ്ങൾ, കൃത്രിമ നിറങ്ങൾ, മിനറൽ ഓയിൽ എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. 2012-ൽ തലപൊക്കിയ നിയമക്കുരുക്കുകളും വിവിധ തർക്കങ്ങളും കാരണം 2013-ലാണ് കുരുമുളകിന്റെ അവധി വ്യാപാരം നിർത്തിവെച്ചത്.

എന്തുകൊണ്ട് വീണ്ടും തുടങ്ങുന്നു?

കഴിഞ്ഞ പത്ത് വർഷമായി, ഇന്ത്യ ഒരു പ്രധാന ഉത്പാദകരും കയറ്റുമതിക്കാരുമായി തുടരുമ്പോഴും, ആഭ്യന്തര ഫിസിക്കൽ മാർക്കറ്റിലെ വിലകളെയും വിദേശ ബെഞ്ച്മാർക്ക് സൂചികകളെയുമാണ് കുരുമുളക് വ്യാപാരികൾ ആശ്രയിച്ചിരുന്നത്. കാലാവസ്ഥാ വ്യതിയാനം, ഇറക്കുമതിയിലെ മാറ്റങ്ങൾ, കയറ്റുമതി ആവശ്യകത എന്നിവ കാരണം വിപണിയിൽ വിലയിലെ അസ്ഥിരത വർദ്ധിക്കുന്ന സാഹചര്യത്തിൽ, വിലയിലെ നഷ്ടസാധ്യതകൾ കുറയ്ക്കാൻ (Hedging instrument) അവധി വ്യാപാരം അനിവാര്യമാണെന്ന് എൻ.സി.ഡി.ഇ.എക്സ് ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയുടെ പ്രാധാന്യം എന്തുകൊണ്ട്?

പുതിയ കുരുമുളക് കരാറുകൾക്കുള്ള എക്സ്ക്ലൂസീവ് ഡെലിവറി കേന്ദ്രമായി എൻ.സി.ഡി.ഇ.എക്സ് തിരഞ്ഞെടുത്തിരിക്കുന്നത് കൊച്ചിയെയാണ്. ഇതൊരു കേവല ലോജിസ്റ്റിക് തീരുമാനം മാത്രമല്ല. 1957-ൽ ഐ.പി.എസ്.ടി.എ കൊച്ചിയിൽ ആരംഭിച്ച സംഘടിത കുരുമുളക് വ്യാപാരത്തിന്റെ ചരിത്രം എൻ.സി.ഡി.ഇ.എക്സിനേക്കാൾ പഴക്കമുള്ളതാണ്. വെയർഹൗസുകൾ, കയറ്റുമതിക്കാർ, ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങൾ, തുറമുഖ സൗകര്യങ്ങൾ എന്നിവയടങ്ങിയ കൊച്ചിയുടെ സാമ്പത്തിക ആവാസവ്യവസ്ഥ (Ecosystem) മുൻകാലങ്ങളിൽ ആഭ്യന്തര വിലയെയും അന്താരാഷ്ട്ര വ്യാപാരത്തെയും വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com