

മണ്‍സൂണ്‍ മഴ കുറയുമെന്ന പ്രവചനങ്ങള്‍ സാധാരണയായി കൃഷിക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും ആശങ്കയുണ്ടാക്കും. എന്നാല്‍ ഇത്തവണ സ്ഥിതി അല്പം വ്യത്യസ്തമായേക്കാം. എല്‍ നിനോയുടെ പശ്ചാത്തലത്തില്‍ ജൂണ്‍-സെപ്തംബര്‍ കാലയളവില്‍ മഴ കുറയുമെന്ന സാധ്യത ചില കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് വൈദ്യുതി, എയര്‍ കണ്ടീഷണര്‍, സിമന്റ് മേഖലകളിലെ കമ്പനികള്‍ക്ക് ഈ സാഹചര്യം അനുകൂലമായേക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് വിലയിരുത്തുന്നു.
കഴിഞ്ഞ 25 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്‍ നിനോ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ശരാശരി 15% വരെ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മഴക്കുറവ് ഏകദേശം 5-10% പരിധിയിലാണെങ്കില്‍ ചില വ്യവസായ മേഖലകള്‍ക്ക് അത് ഗുണകരമായേക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. മഴ കുറയുന്ന വര്‍ഷങ്ങളില്‍ വൈദ്യുതി ഉപയോഗം സാധാരണയായി ഉയരും. കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി ഇലക്ട്രിക് പമ്പുകളുടെ ഉപയോഗം വര്‍ധിക്കും. ചൂട് കൂടുന്നതിനാല്‍ വീടുകളിലും ഓഫീസുകളിലും എയര്‍ കണ്ടീഷണറുകളും കൂളറുകളും കൂടുതല്‍ ഉപയോഗിക്കും.
വൈദ്യുതി ആവശ്യകത ഉയരുന്നതിനൊത്ത് ഇനി പറയുന്ന കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമുണ്ടാകാമെന്നാണ് വിലയിരുത്തല്‍. എന്‍.ടി.പി.സി, അദാനി പവര്‍, ജെ.എസ്.ഡബ്‌ള്യു എനര്‍ജി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ടാറ്റ പവര്‍. വൈദ്യുതി ആവശ്യകത കൂടുന്നതോടെ ഉത്പാദനവും വില്‍പ്പനയും ഉയരാന്‍ സാധ്യതയുണ്ട്. വോള്‍ട്ടാസ്, ബ്ലൂ സ്റ്റാര്‍, ഹാവല്‍സ് ഇന്ത്യ തുടങ്ങി എ.സി, കൂളര്‍ കമ്പനികള്‍ക്കും നേട്ടം. പ്രത്യേകിച്ച് നഗരങ്ങളില്‍ എയര്‍ കണ്ടീഷണറുകളുടെ ആവശ്യകത വേഗത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്. മഴ കൂടുതലായാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും മന്ദഗതിയിലാകും. എന്നാല്‍ മഴ കുറവുള്ള കാലത്ത് നിര്‍മാണം തടസ്സമില്ലാതെ മുന്നോട്ടുപോകും. ഇത് സിമന്റ് ആവശ്യകത വര്‍ധിപ്പിക്കാനിടയാക്കും. ഗുണം അള്‍ട്രാ ടെക്, അംബുജ തുടങ്ങി പല സിമന്റ് കമ്പനികള്‍ക്കും ഉണ്ടാവും.
മണ്‍സൂണ്‍ കുറവ് കൃഷിയെയും ഗ്രാമീണ വരുമാനത്തെയും ബാധിക്കാം. അതിനാല്‍ ട്രാക്ടര്‍ കമ്പനികള്‍, കൃഷിയുമായി ബന്ധപ്പെട്ട മേഖലകള്‍, ഗ്രാമീണ ഉപഭോഗം ആശ്രയിക്കുന്ന എഫ്.എം.സി.ജി കമ്പനികള്‍ എന്നിവയില്‍ സമ്മര്‍ദം അനുഭവപ്പെടാം. അതേസമയം, രാജ്യത്തെ റിസര്‍വോയറുകളില്‍ വെള്ളനില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏകദേശം 13% കൂടുതലാണ്. കൂടാതെ ജലസേചന സംവിധാനങ്ങള്‍ മെച്ചപ്പെട്ടതും ചില മേഖലകളില്‍ ആഘാതം കുറയ്ക്കാന്‍ സഹായിക്കാം.
അറിയിപ്പ്: ഇത് പഠനാവശ്യം മുന്‍നിര്‍ത്തിയുള്ള കുറിപ്പാണ്. നിക്ഷേപ ശിപാര്‍ശയല്ല. നിക്ഷേപകര്‍ ഈ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചു വേണം പണം മുടക്കാന്‍.
Read DhanamOnline in English
Subscribe to Dhanam Magazine