അദാനിയുടെ ഏറ്റെടുക്കല്‍, പിന്നാലെ ഓഹരി വിപണിയില്‍ കുതിപ്പുമായി NDTV

ഗൗതം അദാനിയുടെ (Gautam Adani) ഗ്രൂപ്പിന് കീഴിലുള്ള കമ്പനി എന്‍ഡിടിവിയിലെ (NDTV) 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതിന് പിന്നാലെ വിപണിയില്‍ കുതിപ്പുമായി രാജ്യത്തെ പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവി. അദാനി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡാണ് എന്‍ഡിടിവിയിലെ ഓഹരികള്‍ വാങ്ങിയത്. എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരികളുള്ള ആര്‍ആര്‍പി ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരികള്‍ വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയതോടെ അദാനിക്ക് എന്‍ഡിടിവിയും പങ്കാളിത്തമായി. 26 ശതമാനം ഓഹരികള്‍ക്ക് ഓപ്പണ്‍ ഓഫറും അദാനി തുറന്നിട്ടുണ്ട്.

ഈ ഏറ്റെടുക്കലിന് പിന്നാലെ ഇന്നലെ അഞ്ച് ശതമാനം ഉയര്‍ന്ന എന്‍ഡിടിവി ഓഹരികള്‍ (NDTV) ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും അഞ്ച് ശതമാനം കുതിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ 42 ശതമാനത്തിന്റെ നേട്ടമാണ് എന്‍ഡിടിവി ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. നേരത്തെ ഓഹരി വില കുതിച്ചുയര്‍ന്നതോടെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് & സോഫ്റ്റ്വെയര്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ സ്റ്റോക്ക് 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനില തൊട്ടിരുന്നു,
ഒരു വര്‍ഷത്തിനിടെ 392 ശതമാനത്തിന്റെ കുതിപ്പ്
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എന്‍ഡിടിവി 392 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, ബെഞ്ച്മാര്‍ക്ക് സൂചിക 5.35 ശതമാനം മുന്നേറിയപ്പോള്‍ എന്‍ഡിടിവിയുടെ ഓഹരിവില 78.75 രൂപയില്‍നിന്ന് 388.20 രൂപയായി ഉയര്‍ന്നു. ആറ് മാസത്തിനിടെ 186 ശതമാനത്തിന്റെ നേട്ടവും എന്‍ഡിടിവി ഓഹരി കണ്ടു. നേരത്തെ, ഓഹരി വിപണിയില്‍ മുന്നേറിയിരുന്ന ഈ ഓഹരി 2008 ജനുവരി 4 ന് 512 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു.



Related Articles
Next Story
Videos
Share it