

ട്രഷറി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സ്ഥാപനമല്ലേ? പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ കരാറുകാര്‍ക്കുമൊക്കെയുള്ള സ്ഥാപനമല്ലേ? അവിടെ ഈ വിഭാഗത്തിലൊന്നും പെടാത്ത സാധാരണക്കാര്‍ക്ക് എന്ത് കാര്യം? ഈ സംശയം നിങ്ങള്‍ക്കുണ്ടോ?
നിങ്ങള്‍ ഒരു കര്‍ഷകനോ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ആളോ, വ്യവസായിയോ ആകട്ടേ. നിങ്ങളുടെ നിക്ഷേപത്തിനും ഉയര്‍ന്ന നേട്ടം ലഭിക്കാവുന്ന ഒരിടം തന്നെയാണ് ട്രഷറി.
സംസ്ഥാനത്തെ ഏതൊരു പൗരനും ട്രഷറിയില്‍ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവ തുടങ്ങാന്‍ സാധിക്കും.
ട്രഷറിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങളുടെ ജോലിയോ സാമ്പത്തിക സ്ഥിതിയോ ഒന്നും ബാധകമല്ല. നിക്ഷേപയോഗ്യമായ തുക കൈയിലുണ്ടെങ്കില്‍ മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ ട്രഷറിയില്‍ നിക്ഷേപം ആരംഭിക്കാന്‍ കഴിയും.
1. ട്രഷറി സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട്
2. ആധാര്‍
3. പാന്‍ കാര്‍ഡ്
4. ഫോട്ടോ
5. കെവൈസി ഫോം
6. അപേക്ഷ
366 ദിവസം മുതല്‍ കാലയളവില്‍ ട്രഷറിയില്‍ സ്ഥിരനിക്ഷേപം ഇട്ടാല്‍ 8.50 ശതമാനം പലിശ ലഭിക്കുന്നതാണ്. കേരളത്തിലെ മറ്റേത് സ്ഥാപനത്തിനും ഇത്രയും ഉയര്‍ന്ന ശതമാനം പലിശ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. പലിശ മാസാമാസം ട്രഷറി സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടിലേക്ക് മാറ്റാം. ട്രഷറിയിലെ പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്. അതുകൊണ്ട് 2020 - 21 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ ടോട്ടല്‍ ഇന്‍കം ഉള്ളവര്‍ ട്രഷറിയില്‍ നിന്നും കിട്ടുന്ന പലിശയ്ക്ക് നികുതി കൊടുക്കേണ്ടി വരുന്നതാണ്. ട്രഷറികളില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനവും ലഭ്യമാണ്.
കൂടാതെ നിങ്ങളുടെ നിക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് ഒരു കൈത്താങ്ങാണ്.
ട്രഷറികളില്‍ ആര്‍ഡി എക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കില്ല. ഏതെങ്കിലും ജില്ലാ ട്രഷറിയിലോ സബ് ട്രഷറികളിലോ നിങ്ങള്‍ക്ക് സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടും സ്ഥിരനിക്ഷേപവും ആരംഭിക്കാന്‍ കഴിയുന്നതാണ്.
ട്രഷറി സ്ഥിരനിക്ഷേപങ്ങള്‍ കെഎസ്എഫ്ഇ, സ്വകാര്യ ചിട്ടികമ്പനികള്‍, സഹകരണ സംഘങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ജാമ്യമായി സ്വീകരിച്ചുവരുന്നു.
(CMA ശിവകുമാര്‍ എ, ACMA പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് സംസ്‌കൃത കോളെജിലെ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)
Read DhanamOnline in English
Subscribe to Dhanam Magazine