കാഴ്ചക്കാരെ തിരിച്ചുപിടിച്ച് നെറ്റ്ഫ്‌ളിക്‌സ്, വരിക്കാരുടെ എണ്ണം ഉയര്‍ന്നു

2022 തുടങ്ങിയ ശേഷം ആദ്യമായി വരിക്കാരുടെ എണ്ണം ഉയര്‍ത്തി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് (Netflix). ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2.41 ദശലക്ഷം വരിക്കാരാണ് പ്ലാറ്റ്‌ഫോമിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സിലെ ആകെ വരിക്കാരുടെ എണ്ണം 223.1 ദശലക്ഷമായി ഉയര്‍ന്നു. ഇന്ത്യ ഉള്‍ക്കൊള്ളുന്ന ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് ഇക്കാലയളവില്‍ കൂടുതല്‍ വരിക്കാരെത്തിയത്. സ്‌ട്രെയ്ഞ്ചര്‍ തിങ്ക്‌സ്, ഡാമര്‍-മോണ്‍സ്റ്റര്‍ ഉള്‍പ്പടെയുള്ള ഹിറ്റ് പരമ്പരകള്‍ വരിക്കാരെ ഉയര്‍ത്താന്‍ നെറ്റ്ഫ്‌ളിക്‌സിനെ സഹായിച്ചു.

ഏഷ്യ പസഫിക് മേഖലയില്‍ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സ് നേടിയത് 1.4 ദശലക്ഷം വരിക്കാരെയാണ്. മേഖലയിലെ വരുമാനം 6.6 ശതമാനം ഉയര്‍ന്ന് 889 മില്യണ്‍ ഡോളറിലെത്തി. യുഎസ്എ-കാനഡ, യൂറോപ്പ് മേഖകളിലാണ് നെറ്റ്ഫ്‌ലിക്‌സിന് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. ജൂലൈ-സെപ്റ്റംബറില്‍ 7.93 ബില്യണ്‍ ഡോളര്‍ ആയിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ ആകെ വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 5.9 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 5 ദിവസത്തിനിടെ 12.55 ശതമാനത്തിന്റെ നേട്ടമാണ് നെറ്റ്ഫ്‌ളിക്‌സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. നിലവില്‍ 24.86 യുഎസ് ഡോളറാണ് നെറ്റ്ഫ്‌ളിക്‌സ് ഓഹരികളുടെ വില.

നവംബര്‍ മൂന്ന് മുതല്‍ പരസ്യമുള്‍പ്പെടുത്തിയുള്ള പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ യുഎസില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെറ്റ്ഫ്‌ളിക്‌സ്. വരും മാസങ്ങളില്‍ ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, യുകെ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ കൂടി ഈ പ്ലാനെത്തും. അതേ സമയം ഇന്ത്യയില്‍ പരസ്യമുള്‍പ്പെടുത്തിയുള്ള പ്ലാന്‍ എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. പാസ്‌വേര്‍ഡ് ഷെയറിംഗ് നിയന്ത്രണവും അടുത്ത വര്‍ഷം കമ്പനി വ്യാപകമാക്കും. 55 ഗെയിമുകളും നെറ്റ്ഫ്‌ളിക്‌സിലെത്തും. നിലവില്‍ 35 ഗെയിമുകളാണ് നെറ്റ്ഫ്‌ളിക്‌സിലുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it