ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്‌സ് ഐപിഒ ഈ സാമ്പത്തിക വര്‍ഷം തന്നെ

ജി.എസ്.കെ വേലുവിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയായ ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്‌സിന്റെ (Neuberg Diagnostics Ipo) പ്രാഥമിക ഓഹരി വില്‍പ്പന ഈ സാമ്പത്തിക വര്‍ഷം തന്നെയുണ്ടാകും. കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വേലു ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, ഇന്ത്യയില്‍ ശൃംഖല വിപുലീകരിക്കാന്‍ 500 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡയഗ്‌നോസ്റ്റിക് ശൃംഖല അതിന്റെ വിദേശ സാന്നിധ്യം വിപുലീകരിക്കാനും നോക്കുന്നുണ്ട്.

ന്യൂബര്‍ഗ് ന്യൂജെന്‍ സാങ്കേതികവിദ്യയിലും ജീനോമിക്‌സ്, പ്രോട്ടിയോമിക്‌സ്, മെറ്റബോളോമിക്‌സ് എന്നിവയിലെ പതിവ് പരിശോധനയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരുമാനത്തിന്റെ 80 ശതമാനം പരമ്പരാഗത ടെസ്റ്റിംഗില്‍ നിന്നും 20 ശതമാനം പുതിയ തലമുറ പരിശോധനയില്‍ നിന്നുമാണ്. ജനിതകശാസ്ത്രത്തിലും നവജാതശിശു സ്‌ക്രീനിംഗ് വിഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് യുഎസില്‍ നേരിട്ട് സാന്നിധ്യമുള്ള ഒരേയൊരു ലബോറട്ടറി ശൃംഖലയും കമ്പനിക്കുണ്ടെന്നും വേലു വ്യക്തമാക്കി.
900 കോടി രൂപ മൂല്യമുള്ള ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്‌സ് (Neuberg Diagnostics) കടരഹിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ മൂന്ന് മടങ്ങോളമാണ് കമ്പനി വളര്‍ന്നത്. 150 ലധികം ലബോറട്ടറികളാണ് ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്‌സിന് കീഴിലുള്ളത്. ഇവയില്‍ 20 എണ്ണം യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലാണ്. ലബോറട്ടറികളുടെ എണ്ണം അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇത് 200 ആക്കി ഉയര്‍ത്താനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്.
ഇന്ത്യയില്‍ കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്‌സ് സജീവമായുള്ളത്. വരുമാനത്തിന്റെ 95 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it