ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്സ് ഓഹരി വിപണിയിലേക്ക്, ഐപിഒ നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ

ചെന്നൈ ആസ്ഥാനമായുള്ള ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്സ് (Neuberg Diagnostics IPO) ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. പ്രാഥമിക ഓഹരി വില്‍പ്പന വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെയോ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലോ നടക്കും. സ്‌പെഷ്യാലിറ്റി ഡയഗ്‌നോസ്റ്റിക്‌സിന് പുറമെ പാത്തോളജിക്കല്‍ ടെസ്റ്റ് തുടങ്ങിയവയാണ് ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്സ് നല്‍കിവരുന്നത്. അതേസമയം, ഐപിഒയ്ക്ക് മുന്നോടിയായി സുപ്രടെക് മൈക്രോടെക്, ആനന്ദ് ഡയഗ്നോസ്റ്റിക് എന്നിവയെയും കമ്പനിയുമായി ലയിപ്പിച്ചേക്കും. ഈ രണ്ട് സ്ഥാപനങ്ങളുടെ ലയനത്തിനുള്ള അപേക്ഷ ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്സില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുണ്ട്.

ന്യൂബെര്‍ഗിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജി.എസ്.കെ വേലു പറയുന്നതനുസരിച്ച്, ഐപിഒ വരുമാനത്തിന്റെ ഒരു ഭാഗം ഇന്ത്യയിലും സൗകര്യങ്ങള്‍ വിപുലീകരിക്കാനാണ് വിനിയോഗിക്കുക. 'ഞങ്ങള്‍ വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയോ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തോടെയോ ഒരു ഐപിഒ നോക്കുകയാണ്. മര്‍ച്ചന്റ് ബാങ്കറെ അന്തിമമാക്കല്‍, ഡിആര്‍എച്ച്പി തയ്യാറാക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ ഇതിനകം നടക്കുന്നുണ്ട്,'' വേലു പറഞ്ഞതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

900 കോടി രൂപ മൂല്യമുള്ള ന്യൂബര്‍ഗ് ഡയഗ്നോസ്റ്റിക്സ് കടരഹിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ മൂന്ന് മടങ്ങോളമാണ് കമ്പനി വളര്‍ന്നത്. 150 ലധികം ലബോറട്ടറികളാണ് ന്യൂബര്‍ഗ് ഡയഗ്നോസ്റ്റിക്സിന് കീഴിലുള്ളത്. ഇവയില്‍ 20 എണ്ണം യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലാണ്. ലബോറട്ടറികളുടെ എണ്ണം അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇത് 200 ആക്കി ഉയര്‍ത്താനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്.

ഇന്ത്യയില്‍ കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്സ് സജീവമായുള്ളത്. വരുമാനത്തിന്റെ 95 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it