2.5 ട്രില്യണ്‍ രൂപ പോയ വഴി; നഷ്ടം നേരിടുന്ന ന്യൂജെന്‍ ഓഹരികള്‍

ഇന്ത്യന്‍ ഓഹരി വിപണിയെ കഴിഞ്ഞ വര്‍ഷം സജീവമാക്കുന്നതില്‍ ന്യൂജെന്‍ ഐപിഒകള്‍ വലിയ പങ്കാണ് വഹിച്ചത്. പേടിഎം, സൊമാറ്റോ, ഡെല്‍ഹിവെറി, പോളിസി ബസാര്‍, നൈക തുടങ്ങിയവയില്‍ വലിയ പ്രതീക്ഷയോടെ നിക്ഷേപം നടത്തിയത് നിരവധി പേരാണ്. എന്നാല്‍ വിപണി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ പോലും ഭൂരിഭാഗം ന്യൂജെന്‍ കമ്പനി നിക്ഷേപകര്‍ക്കും സന്തോഷിക്കാനുള്ള വക ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്യം. 2022 അവസാനിക്കുമ്പോഴേക്കും ന്യൂജെന്‍ കമ്പനികളുടെ വിപണി മൂല്യം ഇടിഞ്ഞത് 2.5 ട്രില്യണ്‍ രൂപയോളം (ഏകദേശം 20 ബില്യണ്‍ ഡോളര്‍) ആണ്.

ശതമാനക്കണക്കില്‍ വിപണി മൂല്യം ഇടിഞ്ഞ കമ്പനികളില്‍ കാര്‍ട്രേഡ് ടെക്കാണ് (Cartrade Tech Ltd) മുന്നില്‍. ലിസ്റ്റിംഗ് സമയത്ത് 6,880 കോടി രൂപയായിരുന്ന ഓഹരികളുടെ മൂല്യം. ഇന്ന് അത് 2,087 കോടി മാത്രമാണ്.് 69.40 ശതമാനത്തോളം ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്. തുടര്‍ച്ചായി നഷ്ടങ്ങള്‍ രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ രണ്ട് ത്രൈമാസങ്ങളിലും (ജൂണ്‍,സെപ്റ്റംബര്‍ പാദങ്ങളില്‍) ലാഭത്തിലെത്തിയിരുന്നു. എന്നാല്‍ ഓഹരി വില ഉയരാന്‍ ഇത് മതിയായ കാരണമായില്ല.

1,01,183 കോടി രൂപയായിരുന്നു ലിസ്റ്റിംഗ് സമയത്തെ പേടിഎമ്മിന്റെ (Paytm) വിപണി മൂല്യം. നിലവില്‍ അത് കുത്തനെ ഇടിഞ്ഞ് 30,934 കോടി രൂപയോളമെത്തി. 70,248 കോടി രൂപയുടെ ഇടിവാണ് മൂല്യത്തില്‍ ഉണ്ടായത്. പേടിഎമ്മിന്റെ വരുമാനം ഉയരുന്നുണ്ടെങ്കിലും അത് വിപണിയില്‍ പ്രതിഫലിക്കുന്നില്ല. ഐപിഒ വിലയെക്കാള്‍ 60 ശതമാനം താഴ്ത്തി 810 രൂപയ്ക്ക് പേടിഎം പ്രഖ്യാപിച്ച ബൈബാക്കും ആകര്‍ഷകമായില്ല. ഇതുവരെ ഓഹരി വില ഇടിഞ്ഞത് 68 ശതമാനത്തോളം ആണ്.

പോളിസി ബസാറിന്റെ (Policy Bazaar) വിപണി മൂല്യം 34,281 കോടിയോളം ഇടിഞ്ഞ് 19,462 കോടിയിലെത്തി. 63.4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മറ്റൊരു പ്രമുഖ ഓഹരിയായ നൈകയുടെ (Nykaa) മൂല്യം ഇടിഞ്ഞത് 63,089 കോടിയോളമാണ്. ലിസ്റ്റിംഗ് സമയത്ത് 1,04,318 കോടിയായിരുന്ന വിപണി മൂല്യം കുത്തനെ ഇടിഞ്ഞ് 41,229 കോടിയിലെത്തി. 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 5.5 കോടി രൂപ മാത്രമായിരുന്നു അറ്റാദായം. ലോക്ക് ഇന്‍ പിരിയഡ് അവസാനിക്കുമ്പോള്‍ നിക്ഷേപകര്‍ ഓഹരി വില്‍ക്കാതിരിക്കാന്‍ ബോണസ് ഇഷ്യൂ പ്രഖ്യാപിച്ച നൈകയുടെ നീക്കം വിമര്‍ശിക്കപ്പെട്ടിരുന്നു. ഫൂഡ് ഡെലിവറി കമ്പനി സൊമാറ്റോയുടെ (Zomato) ഓഹരികള്‍ ഇടിഞ്ഞത് 54 ശതമാനത്തോളം ആണ്. വിപണി മൂല്യം 98,849 കോടിയ രൂപയായിരുന്നത് 45,837 കോടിയിലേക്ക് എത്തി.

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 301.6 കോടി രൂപയായിരുന്നു സൊമാറ്റോയുടെ അറ്റനഷ്ടം. ആദ്യ പാദത്തിലെ 262.5 കോടിയെ അപേക്ഷിച്ച് നഷ്ടം ഉയര്‍ന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി 3 ശതമാനം ജീവക്കാരെയും കമ്പനി പിരിട്ടുവിട്ടിരുന്നു. ഡെല്‍ഹിവെറിയുടെ (Delhivery) വിപണി മൂല്യത്തില്‍ 40 ശതമാനത്തോളം ഇടിഞ്ഞ് 23,304ല്‍ എത്തി. ലിസ്റ്റിംഗ് സമയം 38,859 കോടിയായിരുന്നു വിപണി മൂല്യം. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ നഷ്ടം 254 കോടിയായി ഡെല്‍ഹിവെറി കുറച്ചിരുന്നു. അതേ സമയം വരുമാനം 3 ശതമാനം മാത്രമാണ് ഉയര്‍ന്നത് (1,796 കോടി). കൂട്ടത്തില്‍ ഭേദം നാസാര ടെക്‌നോളജീസ് (Nazara Technologies) ഓഹരികളാണ്. ഇതുവരെ കമ്പനിയുടെ ഓഹരി വിലയില്‍ 34.59 ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. 4,848 കോടിയായിരുന്ന വിപണി മൂല്യം 3,508 കോടിയിലേക്ക് ഇടിഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it