ന്യൂജെന്‍ ഐപിഒ കൊട്ടിഘോഷങ്ങളുടെ നഷ്ടം 3 ലക്ഷം കോടിയിലധികം

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി ആഘോഷിച്ചവയായിരുന്നു പേടിഎം, സൊമാറ്റോ,ഡെല്‍ഹിവെറി, പോളിസി ബസാര്‍, നൈക തുടങ്ങിയവയുടെ ഐപിഒകള്‍. 2022 നവംബറില്‍ എത്തിനില്‍ക്കുമ്പോള്‍ ഈ കമ്പനികളുടെയെല്ലാം ചേര്‍ത്തുള്ള വിപണി മൂല്യത്തില്‍ 3 ലക്ഷം കോടിയിലധികം രൂപയുടെ ഇടിവാണ് ഉണ്ടായത്.

തകര്‍ച്ചയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പേടിഎമ്മിന്റെ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ആണ്. ലിസ്റ്റിംഗ് വിലയില്‍ നിന്ന് പേടിഎമ്മിന്റെ ഓഹരികള്‍ ഇടിഞ്ഞത് 65 ശതമാനത്തിലധികം ആണ്. 66,169 കോടിയോളം രൂപയുടെ നഷ്ടമാണ് വിപണി മൂല്യത്തില്‍ ഉണ്ടായത്. ശതമാനക്കണക്കില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ടത് പോളിസിബസാര്‍ ഓഹരികളാണ്. 67 ശതമാനത്തിലധികം ഇടിവാണ് ഈ ഇന്‍ഷുറന്‍സ് കമ്പനി നേരിട്ടത്.

നിലവില്‍ നൈകയുടെ ഓഹരികള്‍ 51.20 ശതമാനവും സൊമാറ്റോഓഹരികള്‍ 45.63 ശതമാനവും ഇടിവിലാണ്. ഓഹരികള്‍ 33 ശതമാനത്തോളം ഇടിഞ്ഞ ഡെല്‍ഹിവെറിയാണ് കൂട്ടത്തില്‍ ഭേദം. ഐപിഒയുടെ സമയത്ത് തന്നെ പലരും ഇവയുടെ ബാലന്‍സ് ഷീറ്റില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലോക്ക്-ഇന്‍ കാലാവധി കഴിഞ്ഞപ്പോള്‍ ആങ്കര്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും ഉയര്‍ന്ന വാല്യുവേഷനുമാണ് ഈ കമ്പനികള്‍ക്ക് തിരിച്ചടിയായത്.

പേടിഎമ്മിലെ 4.5 ശതമാനം ഓഹരികളാണ് സോഫ്റ്റ് ബാങ്ക് ഇന്നലെ വിറ്റത്. സോഫ്റ്റ് ബാങ്കിനു ഗണ്യമായ നിക്ഷേപമുള്ള കമ്പനികളാണ് പോളിസി ബസാര്‍, സൊമാറ്റോ, ഡെല്‍ഹിവെറി തുടങ്ങിയവ. ഈ ആഴ്ച ആദ്യം നൈകയുടെ ഓഹരികളും ലോക്ക്-ഇന്‍ കാലാവധി അവസാനിച്ചപ്പോള്‍ ലൈറ്റ്ഹൗസ് ഇന്ത്യ ഫണ്ട് വിറ്റിരുന്നു. മാന്ദ്യഭീക്ഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി വന്‍തോതിലുള്ള ഫണ്ടിംഗ് ന്യൂജെന്‍ കമ്പനികളിലേക്ക് എത്തിയേക്കില്ല. ഭൂരിഭാഗം കമ്പനികളും നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്. ലാഭം ഉണ്ടാക്കി കാണിച്ചാല്‍ മാത്രമേ ഇത്തരം കമ്പനികള്‍ക്ക് നിക്ഷേപകരെ നിലനിര്‍ത്താന്‍ സാധിക്കു എന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it