Begin typing your search above and press return to search.
ഓഹരിവിപണിയിലെ തുടക്കക്കാര്‍ ഒഴിവാക്കേണ്ട 5 അബദ്ധങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഓഹരിവിപണിയിലേക്ക് ഇറങ്ങുന്ന തുടക്കക്കാര്‍ എപ്പോഴും വിജയികളായവര്‍ നിക്ഷേപിക്കുന്ന സ്‌റ്റോക്കുകളും അവര്‍ പിന്തുടരുന്ന രീതിയും അനുകരിക്കാറുണ്ട്. ഇത് പലപ്പോഴും സാമ്പത്തിക നഷ്ടവും വരുത്തി വയ്ക്കും. പകരം തുടക്കക്കാര്‍ എപ്പോഴും ഓഹരിയെ പഠിച്ച് മാത്രം വിപണിയിലേക്കിറങ്ങുന്നതാണ് ബുദ്ധി. പുതു നിക്ഷേപകര്‍ ചെയ്ത് കൂടാത്ത അഞ്ച് കാര്യങ്ങള്‍ വിശദമാക്കാം.
നിങ്ങള്‍ക്ക് മനസ്സിലാകാത്ത ബിസിനസില്‍ നിക്ഷേപിക്കരുത്
ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ സാധ്യതയുണ്ടെന്ന്് തോന്നുന്ന ബിസിനസുകളില്‍ നിക്ഷേപം നടത്തുന്നതാകും നല്ലത്. അതോടൊപ്പം കമ്പനിയുടെ മാനേജ്‌മെന്റ്, അവരുടെ പശ്ചാത്തലം, കമ്പനിയുടെ കഴിഞ്ഞ കാല പ്രകടനം, ഏര്‍പ്പെട്ടിരിക്കുന്ന കരാറുകള്‍, ഭാവി സാധ്യതകള്‍ തുടങ്ങിയവയെല്ലാം ഒന്നുമനസ്സ് വെച്ചാല്‍ അറിയാവുന്നതേയുള്ളൂ.
ട്രേഡിംഗ്, ഡെറിവേറ്റീവുകള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കാം
ഓഹരി വിപണിയിലെ തുടക്കക്കാര്‍ പോലും ഇപ്പോള്‍ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്റെ പിന്നാലെയാണ്. കണ്ണഞ്ചിപ്പിക്കുന്ന നേട്ടം കണ്ട് മയങ്ങി ഡെറിവേറ്റീവുകളെ പിന്നാലെ പോയാല്‍ കൈ പൊള്ളും. ഊഹാപോഹങ്ങളുടെയും പാതി വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ പണം നഷ്ടമായേക്കും. അതുപോലെ ട്രേഡിംഗ് നടത്താന്‍ പോകുന്നതും പഠിച്ചശേഷം മതി.
എല്ലാ കുട്ടയിലും വേണ്ട നിക്ഷേപം
എല്ലാ മുട്ടയും ഒരു കുട്ടയില്‍ സൂക്ഷിക്കരുതെന്നാണ് പ്രമാണമെങ്കിലും നവ നിക്ഷേപകര്‍ നിരവധി കമ്പനികളില്‍ നിക്ഷേപം നടത്താതിരിക്കുന്നതാണ് നല്ലത്. നല്ല കുറച്ച് കമ്പനികളെ തെരഞ്ഞെടുത്ത്, ആ കമ്പനിയുടെ ഓഹരി വിലകളുടെ കയറ്റിറക്കങ്ങളില്‍ നിക്ഷേപം നടത്തണം. ഒരു പാട് കമ്പനികളില്‍ നിക്ഷേപം പരന്നുകിടന്നാല്‍ വേണ്ട വിധം ശ്രദ്ധകൊടുക്കാന്‍ സാധിച്ചെന്നിരിക്കില്ല.
ആള്‍ക്കൂട്ടത്തെ പിന്തുടരേണ്ട
എല്ലാവരും ചെയ്യുന്നതിനെ അനുകരിക്കാന്‍ ശ്രമിക്കരുത്. സാമ്പത്തിക ലക്ഷ്യങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. നിങ്ങള്‍ക്കും വേണം നിങ്ങളുടേതായ ഒന്ന്. ഏറ്റവും താഴ്ന്ന വിലയില്‍ വാങ്ങി ഏറ്റവും ഉയര്‍ന്ന വിലയില്‍ വിറ്റ് നേട്ടമുണ്ടാക്കാനൊന്നും എല്ലാവര്‍ക്കും സാധിക്കില്ല. ന്യായമായ നേട്ടം, നിക്ഷേപ ലക്ഷ്യം, കാലയളവ്, കമ്പനികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്നിവയിലെല്ലാം വ്യക്തത വേണം. ഓഹരി വിപണിയില്‍ വില്‍പ്പന മേളവും വാങ്ങല്‍ ഉത്സവമൊക്കെ നടക്കും. നിങ്ങള്‍ നിക്ഷേപിച്ച കമ്പനിയില്‍ വിശ്വാസമുണ്ടെങ്കില്‍ ആ നിക്ഷേപം തുടരുക. അതല്ല നിങ്ങളുടെ കണക്കുകൂട്ടല്‍ തെറ്റിയെന്ന് ഉറപ്പായാല്‍ എത്രയും വേഗം അത് തിരുത്തുക. വീണ്ടും പൊങ്ങാന്‍ വേണ്ടി കാത്തിരിക്കേണ്ടതില്ല.
പെന്നിസ്റ്റോക്കുകളില്‍ നിക്ഷേപം ഒതുക്കരുത്
പല നവ നിക്ഷേപകരും അഞ്ചും പത്തും രൂപയുള്ള ഓഹരികള്‍ പ്രത്യേകിച്ചൊരു പഠനമൊന്നുമില്ലാതെ വാങ്ങുന്നത് കാണാറുണ്ട്. നഷ്ടം വന്നാല്‍ ചെറിയ തുകയല്ലേ പോവുക എന്നതാണ് ന്യായം. പത്തുരൂപയുടെ ഓഹരി വാങ്ങി അത് നാലോ അഞ്ചോ രൂപയിലേക്ക് താണ് മരവിച്ച് കിടന്നാല്‍ ഉണ്ടാകുന്ന നഷ്ടം ചിന്തിച്ചിട്ടുണ്ടോ? മികച്ച അടിത്തറയുള്ള കമ്പനികളുടെ ഓഹരി വിലകള്‍ അവരുടെ വരുതിയില്‍ അല്ലാത്ത കാര്യങ്ങള്‍ കൊണ്ട് താഴേക്ക് പോയിട്ടുണ്ടാകും. അത്തരം കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് നേട്ടത്തിലേക്കുള്ള വഴിയാണ്. അല്ലാതെ കുറഞ്ഞ വിലയാണ് എന്നത് മാത്രമാകരുത് ഓഹരി വാങ്ങാനുള്ള കാരണം.
Next Story