അടുത്ത തലവേദനയോ? ഐപിഒ ലോക്ക്-ഇൻ കാലാവധി അവസാനിക്കുന്നു; 5.20 ലക്ഷം കോടിയുടെ ഓഹരികൾ വിപണിയിലേക്ക്

ഐ.പി.ഒ വേളയിൽ കമ്പനിയുടെ പ്രൊമോട്ടർമാർക്കും ആങ്കർ നിക്ഷേപകർക്കും മറ്റ് പ്രീ-ഐ.പി.ഒ നിക്ഷേപകർക്കും ഓഹരികൾ വിൽക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് സെബി (SEBI) ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണമാണ് ലോക്ക്-ഇൻ പിരീയഡ്.
Lock-in period shares
Canva
Published on

2026 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസക്കാലയളവിൽ, പുതിയതായി ലിസ്റ്റ് ചെയ്ത 80-ലേറെ കമ്പനികളുടെ ലോക്ക്-ഇൻ കാലാവധി അവസാനിക്കുകയാണ്. ഏകദേശം 5,500 കോടി ഡോളർ (ഏകദേശം 5.2 ലക്ഷം കോടി രൂപ) മൂല്യമുള്ള ഓഹരികൾ വിപണിയിൽ കൈമാറ്റത്തിനായി ലഭ്യമാകുമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നുവാമ ആൾട്ടർനേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റിസർച്ച് പുറത്തിറക്കിയ പുതിയ മാർക്കറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചു.

ഐ.പി.ഒ വേളയിൽ കമ്പനിയുടെ പ്രൊമോട്ടർമാർക്കും നിക്ഷേപം നടത്തിയ ആങ്കർ നിക്ഷേപകർക്കും മറ്റ് പ്രീ-ഐപിഒ നിക്ഷേപകർക്കും തങ്ങളുടെ കൈവശമുള്ള ഓഹരികൾ വിൽക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് സെബി (SEBI) ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണമാണ് ലോക്ക്-ഇൻ പിരീയഡ്. ഈ കാലാവധി അവസാനിക്കുന്നത് നിക്ഷേപകർക്ക് ഓഹരികൾ വിറ്റഴിക്കാനുള്ള അനുമതി നൽകുന്നു. അതേസമയം, ഇത്രയും തുകയുടെ ഓഹരികൾ വിപണിയിൽ ലഭ്യമാകുമെങ്കിലും അവയെല്ലാം ഉടൻ വിൽക്കപ്പെടും എന്നതിനർത്ഥമല്ലെന്നതും ശ്രദ്ദിക്കുക.

ലോക്ക്-ഇൻ ഒഴിവാകുന്ന പ്രധാന കമ്പനികൾ

  • ലെൻസ്‌കാർട്ട് സൊലൂഷൻസ്: മെയ് 8-ന് ഏകദേശം 560 കോടി ഡോളറിന്റെ (53,000 കോടി രൂപ) മൂല്യം വരുന്ന 104.7 കോടി ഓഹരികളുടെ ലോക്ക്-ഇൻ കാലാവധി അവസാനിക്കും. ലിസ്റ്റ് ചെയ്തതിന് ശേഷം 32 ശതമാനത്തിലധികം നേട്ടം കൈവരിച്ച ഓഹരിയാണിത്.

  • ഗ്രോ (Billionbrains Garage Ventures): മെയ് 12-ന് ഏകദേശം 940 കോടി ഡോളറിന്റെ (89,000 കോടി രൂപ) മൂല്യം വരുന്ന 418.2 കോടി ഓഹരികളുടെ ലോക്ക്-ഇൻ കാലാവധി പൂർത്തിയാകും. ലിസ്റ്റിം​ഗിന് ശേഷം 90 ശതമാനത്തിലധികം മുന്നേറ്റം കുറിച്ച ഓഹരിയാണിത്.

  • പൈൻ ലാബ്സ്: മേയ് 13-ന് ഏകദേശം 190 കോടി ഡോളറിന്റെ (18,000 കോടി രൂപ) മൂല്യം വരുന്ന 92.4 കോടി ഓഹരികളുടെ ലോക്ക്-ഇൻ കാലാവധി അവസാനിക്കും. ലിസ്റ്റ് ചെയ്തതിന് ശേഷം 20 ശതമാനം തിരുത്തൽ നേരിട്ട ഓഹരിയാണിത്.

അതുപോലെ ഫിസിക്സ്‌വാല (Physicswallah), ടെന്നികോ ക്ലീൻ എയർ ഇന്ത്യ, നിവ ബൂപ ഹെൽത്ത് ഇൻഷുറൻസ്, ആധാർ ഹൗസിംഗ് ഫിനാൻസ് തുടങ്ങിയ മുൻനിര കമ്പനികൾക്ക് ലി​സ്റ്റിം​ഗ് വേളയിൽ ബാധകമായിരുന്ന ലോക്ക്-ഇൻ കാലാവധിയും മെയ് മാസത്തിൽ അവസാനിക്കും.

ജൂൺ മാസത്തിൽ മീഷോ (Meesho), വിശാൽ മെഗാ മാർട്ട്, വെയ്ക്ക്ഫിറ്റ് ഇന്നോവേഷൻസ്, മോബിക്വിക്ക് എന്നിവയും ജൂലൈയിൽ ഷാഡോഫാക്സ് (Shadowfax), സ്മാർട്ട്‍വർക്ക്സ് കോവർക്കിങ് സ്പേസസ്, ആനന്ദ് രാത്തി ഷെയർ & ​സ്റ്റോക്ക് ബ്രോക്കേഴ്സ് തുടങ്ങിയ കമ്പനികളും ലോക്ക്-ഇൻ കാലാവധി പൂർത്തിയാക്കും.

വിപണിയെ സ്വാധീനിക്കുമോ?

ലോക്ക്-ഇൻ കാലാവധി പൂർത്തിയാകുന്നതോടെ വിപണിയിൽ ഓഹരികളുടെ ലഭ്യത (Supply) വർധിക്കുന്ന സാഹചര്യമൊരുക്കും. ഇത് ഹ്രസ്വകാലയളവിലേക്ക് ഓഹരിയിൽ ചാഞ്ചാട്ടത്തിന് (Volatility) വഴിതെളിക്കാം. വിപണിയിലെ മൊത്തം ലിക്വിഡിറ്റിയെയും നിക്ഷേപകരുടെ താൽപ്പര്യത്തെയും ഈ മാറ്റം ബാധിക്കുമെങ്കിലും പ്രൊമോട്ടർമാരുടെ കൈവശമുള്ള ഓഹരികൾ വലിയ തോതിൽ വിറ്റഴിക്കപ്പെടാൻ സാധ്യതയില്ലെന്നാണ് അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ലി​സ്റ്റിം​ഗ് വേളയിൽ ലാഭം നേടിയിട്ടുള്ള വൻകിട നിക്ഷേപകർ ലാഭമെടുപ്പിന് (Profit booking) ശ്രമിച്ചാൽ ഓഹരിയിൽ വിൽപ്പന സമ്മർദ്ദം ചെലുത്തിയേക്കും. ഐ.പി.ഒ വേളയിൽ ഓഹരി സ്വന്തമാക്കിയ നിക്ഷേപകർ ഈ കാലയളവിലെ വിപണി ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നത് ​ഗുണകരമാണ്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com