അടുത്തയാഴ്ച ഓഹരിയെണ്ണം മൂന്ന് മടങ്ങ് വരെ വർധിക്കും; ഈ 3 സ്മോൾ ക്യാപ് ഓഹരികൾ കൈവശമുണ്ടോ?

അധികപണം നൽകാതെ തന്നെ അർഹരായ നിക്ഷേപകർക്ക് കൈവശമുള്ള ഓഹരി എണ്ണം വർധിപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങളായതിനാൽ ഇത്തരം കോർപറേറ്റ് നടപടികളോട് റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ആഭിമുഖ്യം കൂടുതലാണ്.
Stock market trading via mobile
Demat account Image : Canva
Published on

അടുത്ത വ്യാപാര ആഴ്ചയിൽ മൂന്ന് സ്മോൾ ക്യാപ് കമ്പനികളാണ് ബോണസ് ഇഷ്യൂ, ​സ്റ്റോക്ക് സ്പ്ലിറ്റ് പോലുള്ള പ്രധാനപ്പെട്ട കോ‌ർപറേറ്റ് നടപടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ രണ്ട് കമ്പനികൾ ബോണസ് ഇഷ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മൂന്നാമത്തെ കമ്പനിയാകട്ടെ നിക്ഷേപകർക്കായി ബോണസ് ഇഷ്യൂവും ​സ്റ്റോക്ക് സ്പ്ലിറ്റുമാണ് ഒരേസമയം നടപ്പാക്കുന്നത്. അധികപണം നൽകാതെ തന്നെ അർഹരായ നിക്ഷേപകർക്ക് കൈവശമുള്ള ഓഹരി എണ്ണം വർധിപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങളായതിനാൽ ഇത്തരം കോർപറേറ്റ് നടപടികളോട് റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ആഭിമുഖ്യം കൂടുതലാണ്.

ഐ.ആർ.ബി ഇൻഫ്രാസ്ട്രക്ചർ

ദേശീയപാത, റോഡ് നിർമാണങ്ങളിൽ അതീവ വൈദ​ഗ്ധ്യം ഉള്ള ഇന്ത്യയിലെ പ്രമുഖ സിവിൽ കൺസ്ട്രക്ഷൻ കമ്പനിയാണ് ഐ.ആർ.ബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡ് (BSE: 532947, NSE: IRB). വരുന്നയാഴ്ചയിൽ നിക്ഷേപകർക്കായി 1:1 അനുപാതത്തിൽ ബോണസ് ഷെയർ വിതരണം ചെയ്യുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. അതായത് കൈവശമുള്ള ഓരോ ഐ.ആർ.ബി ഇൻഫ്രാസ്ട്രക്ചർ ഓഹരിക്കും ഒരു അധിക ഓഹരി വീതം സൗജന്യമായി ലഭിക്കുമെന്ന് സാരം. ഇതിന്റെ ഭാ​ഗമായുള്ള എക്സ്-ബോണസ് തീയതിയായി മാ‌ർച്ച് 30-ഉം റെക്കോഡ് തീയതിയായി ഏപ്രിൽ 1-മാണ് നിശ്ചയിച്ചിരിക്കുന്നത്. ചെറിയ തോതിലെങ്കിലും നിക്ഷേപകർക്ക് മുടങ്ങാതെ ഡിവിഡന്റ് നൽകുന്ന ഓഹരിയാണിത്. കഴിഞ്ഞ ദിവസം 40.90 രൂപയിലായിരുന്നു ഐ.ആർ.ബി ഇൻഫ്രാസ്ട്രക്ചർ ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

ട്രിറ്റൺ വാൽവ്സ്

വാഹനാനുബന്ധ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മൈക്ര ക്യാപ് കമ്പനിയാണ് ട്രിറ്റൺ വാൽവ്സ് ലിമിറ്റഡ് (BSE: 505978). വാഹനങ്ങളിൽ ഉപയോ​ഗിക്കുന്ന ട്യൂബുകളും വാൽവുകളുമാണ് പ്രധാനമായും നിർമിക്കുന്നത്. അടുത്ത ആഴ്ചയിൽ നിക്ഷേപകർക്കായി 3:1 അനുപാതത്തിൽ ബോണസ് ഇഷ്യൂ ചെയ്യുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. അതായത് കൈവശമുള്ള ഓരോ ട്രിറ്റൺ വാൽവ്സ് ഓഹരിക്കും മൂന്ന് അധിക ഓഹരികൾ വീതം സൗജന്യമായി നേടാമെന്ന് സാരം. ഇതിന്റെ ഭാ​ഗമായുള്ള എക്സ്-ബോണസ് തീയതിയായി മാ‌ർച്ച് 30-ഉം റെക്കോഡ് തീയതിയായി ഏപ്രിൽ 1-മാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ 3,433 രൂപയിലാണ് ട്രിറ്റൺ വാൽവ്സ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്.

ആർ&ബി ഡെനിംസ്

ടെക്​സ്റ്റൈൽ സെക്ടറിൽ പ്രവർത്തിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ആർ&ബി ഡെനിംസ് ലിമിറ്റഡ് (BSE: 538119, NSE: RNBDENIMS). വരുന്നയാഴ്ചയിൽ ​സ്റ്റോക്ക് സ്പ്ലിറ്റും ബോണസ് ഇഷ്യൂ നടത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇതിൽ 1:2 അനുപാതത്തിലാകും ബോണസ് ഓഹരികൾ വിതരണം ചെയ്യുക. അതായത് കൈവശമുള്ള രണ്ട് ആർ&ബി ഡെനിംസ് ഓഹരിക്ക് വീതം ഒരു അധിക ഓഹരി സൗജന്യമായി ലഭിക്കും. ഇതിനോടൊപ്പം ആർ&ബി ഡെനിംസ് ഓഹരി 2:1 അനുപാത്തിൽ സ്പ്ലിറ്റ് ചെയ്യുന്നതായരിക്കും. അതായത്, ഇപ്പോൾ 2 രൂപ ഫേസ് വാല്യൂവിലുള്ള ഒരു ആർ&ബി ഡെനിംസ് ഓഹരി 1 രൂപ ഫേസ് വാല്യൂവിലുള്ള രണ്ട് ഓഹരികളായി മാറ്റപ്പെടും.

ഈ രണ്ട് കോ‌ർപറേറ്റ് നടപടികൾക്കും വേണ്ടിയുള്ള എക്സ്-തീയതിയായി ഏപ്രിൽ 2-ഉം റെക്കോഡ് തീയതിയായി ഏപ്രിൽ 3-മാണ് നിശ്ചയിച്ചിരിക്കുന്നത്. അതുപോലെ ഒരേസമയം ബോണസ് ഇഷ്യൂ, ​സ്റ്റോക്ക് സ്പ്ലിറ്റ് നടപടികൾ പൂർത്തിയാകുമ്പോൾ അർഹരായ നിക്ഷേപകരുടെ കൈവശമുള്ള ആർ&ബി ഡെനിംസ് ഓഹരിയുടെ എണ്ണത്തിൽ രണ്ട് മടങ്ങ് വർധനയുണ്ടാകുമെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം 67.90 രൂപയിലാണ് ആർ&ബി ഡെനിംസ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com