

മാർച്ച് മാസത്തിലെ രണ്ടാം വ്യാപാര ആഴ്ചയിൽ (മാർച്ച് 9 - 13) വിവിധ കോർപറേറ്റ് നടപടികൾ പ്രഖ്യാപിച്ചിട്ടുള്ളത് നാല് സ്മോൾ ക്യാപ് കമ്പനികളുടെ ഓഹരികളിലാണ്. ഇതിൽ രണ്ടെണ്ണം നിക്ഷേപകർക്കായി ബോണസ് ഇഷ്യൂ (അർഹരായ നിക്ഷേപകർക്ക് സൗജന്യമായി നൽകുന്ന അധിക ഓഹരികൾ) അനുവദിക്കുമെന്നും മറ്റ് രണ്ട് കമ്പനികൾ ഓഹരി വിഭജനം (Stock Split) നടത്തുമെന്നുമാണ് പ്രഖ്യാപനം. ഓഹരികളിലെ ലിക്വിഡിറ്റി വർധിപ്പിക്കുന്നതിനും നിക്ഷേപകർക്കുള്ള പാരിതോഷികം എന്ന നിലയിലുമാണ് ഈ നടപടി. വരുന്നയാഴ്ച ബോണസ് ഇഷ്യൂ, സ്റ്റോക്ക് സ്പ്ലിറ്റ് നടത്താൻ പോകുന്ന നാല് ഓഹരികളുടെ വിശദാംശം നോക്കാം.
കോണ്ടം നിർമിക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് ക്യുപിഡ് ലിമിറ്റഡ് (BSE: 530843, NSE: CUPID). വരുന്നയാഴ്ച നിക്ഷേപകർക്കായി 4:1 അനുപാതത്തിൽ ബോണസ് ഇഷ്യൂ അനുവദിക്കുമെന്നാണ് പ്രഖ്യാപനം. അതായത് നിക്ഷേപകരുടെ കൈവശമുള്ള ഓരോ ക്യുപിഡ് ഓഹരിക്കും നാല് ബോണസ് ഓഹരികൾ വീതം സൗജന്യമായി നൽകുമെന്ന് സാരം. ഇതിന്റെ ഭാഗമായുള്ള എക്സ്-ബോണസ് തീയതിയും റെക്കോഡ് തീയതിയും 2026 മാർച്ച് 9 ആണ്. നേരത്തെ 2024 ഏപ്രിലിലും നിക്ഷേപകർക്ക് ബോണസ് ഇഷ്യൂ ചെയ്തിട്ടുണ്ട്. നിലവിൽ 402 രൂപ നിലവാരത്തിലാണ് ക്യുപിഡ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
വാഹനാനുബന്ധ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ഫ്രണ്ടിയർ സ്പ്രിംഗ്സ് ലിമിറ്റഡ് (BSE: 522195). അടുത്തയാഴ്ച നിക്ഷേപകർക്ക് 2:1 അനുപാതത്തിൽ ബോണസ് ഇഷ്യൂ നൽകുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. അതായത് നിക്ഷേപകരുടെ കൈവശമുള്ള ഓരോ ഫ്രണ്ടിയർ സ്പ്രിംഗ്സ് ഓഹരിക്കും രണ്ട് ബോണസ് ഓഹരികൾ വീതം സൗജന്യമായി ലഭിക്കുമെന്ന് സാരം. ഇതിനായുള്ള എക്സ്-ബോണസ് തീയതിയും റെക്കോഡ് തീയതിയും 2026 മാർച്ച് 13നാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 4,337 രൂപയിലായിരുന്നു ഫ്രണ്ടിയർ സ്പ്രിംഗ്സ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.
ഹൈഡ്രോഫ്ലൂറിക് ആസിഡും അനുബന്ധ കെമിക്കൽ ഉത്പന്നങ്ങളും നിർമിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ടാൻഫാക് ഇൻഡസ്ട്രീസ് ലിമിറ്റഡ് (BSE: 506854). വരുന്നയാഴ്ച ഇതിന്റെ ഓഹരി 10:5 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യുമെന്നാണ് പ്രഖ്യാപനം. അതായത് ഇപ്പോൾ 10 രൂപ ഫേസ് വാല്യൂ ഉള്ള ഒരു ടാൻഫാക് ഇൻഡസ്ട്രീസ് ഓഹരി, 5 രൂപ ഫേസ് വാല്യൂ ഉള്ള രണ്ട് ഓഹരികളായി മാറ്റപ്പെടുമെന്ന് സാരം. ഇതിന്റെ ഭാഗമായുള്ള എക്സ്-സ്പ്ലിറ്റ് തീയതിയും റെക്കോഡ് തീയതിയുമായി 2026 മാർച്ച് 9 നിശ്ചയിച്ചു. നിലവിൽ 3,968 രൂപ നിലവാരത്തിലാണ് ടാൻഫാക് ഇൻഡസ്ട്രീസ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
ഇലക്ട്രിക്കൽ കണ്ടക്ടറുകളും ഇൻസുലേറ്ററുകളും നിർമിക്കുന്ന മൈക്രോ ക്യാപ് കമ്പനിയാണ് ഹിന്ദുസ്ഥാൻ അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (BSE: 539984). അടുത്തയാഴ്ച ഇതിന്റെ ഓഹരികൾ 10:2 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യുമെന്നാണ് അറിയിപ്പ്. അതായത് ഇപ്പോൾ 10 രൂപ ഫേസ് വാല്യൂ ഉള്ള ഒരു ഹിന്ദുസ്ഥാൻ അർബൻ ഇൻഫ്രാസ്ട്രക്ചർ ഓഹരി, 2 രൂപ ഫേസ് വാല്യൂ ഉള്ള അഞ്ച് ഓഹരികളായി വിഭജിക്കപ്പെടുമെന്ന് സാരം. ഇതിന്റെ ഭാഗമായുള്ള എക്സ്-സ്പ്ലിറ്റ് തീയതിയും റെക്കോഡ് തീയതിയും 2026 മാർച്ച് 13 ആണ്. വെള്ളിയാഴ്ച 2,317 രൂപയിലാണ് ഹിന്ദുസ്ഥാൻ അർബൻ ഇൻഫ്രാസ്ട്രക്ചർ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine