വരുന്നയാഴ്ചയിൽ സ്വർണം, വെള്ളി, ക്രൂഡോയിൽ വില എങ്ങോട്ട്? കമ്മോഡിറ്റി മാർക്കറ്റ് കലങ്ങി മറിയുമോ?

ആഗോള പിഎംഐ, യു.എസ് തൊഴിൽ-പണപ്പെരുപ്പ ഡേറ്റ, ഇൻവെന്ററി കണക്കുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ സ്വർണം, വെള്ളി, ക്രൂഡോയിൽ വിലയിൽ നിർണായക നീക്കങ്ങൾ പ്രതീക്ഷിക്കുന്നു. ടെക്നിക്കൽ നിലപാടുകൾ ബുള്ളിഷ് സൂചന നൽകുന്നുണ്ടെങ്കിലും ജാഗ്രത ആവശ്യമാണ്.
commodity market news
canva
Published on

ആഗോള സാമ്പത്തിക സൂചകങ്ങളും വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കിൽ നിന്നുള്ള അറിയിപ്പുകളും പുറത്തുവരാനിരിക്കുന്ന പശ്ചാത്തലത്തിൽ വരുന്ന ആഴ്ചയിലും കമ്മോഡിറ്റി വിപണിയുടെ തുടർ നീക്കങ്ങൾ മുന്നിലെക്കെത്തുന്ന ഡേറ്റയുടെ അടിസ്ഥാനത്തിലാകും നിർണയിക്കപ്പെടുക. യുഎസ്, യൂറോപ്പ്, ചൈന, ഇന്ത്യ, ജപ്പാൻ, മറ്റ് പ്രമുഖ സമ്പദ്​ഘടനകളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാനുഫാക്ചറിങ്/സർവീസസ് പിഎംഐ നിരക്കുകളെ നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഇതിലൂടെ ​ആ​ഗോള ആവശ്യകതയുടെ ട്രെൻഡ് എങ്ങോട്ടാണെന്നും അതുവഴി വ്യാവസായിക ലോഹങ്ങളുടെയും ക്രൂഡോയിലിന്റെ വിലയിലും സ്വാധീനം ചെലുത്താനും ഇടയാക്കും.

വില കൂടിയ ലോഹങ്ങളുടെ (Precious Metals) വിപണിയിൽ, യു.എസ് സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഐ.എസ്.എം ഡേറ്റ, എ.ഡി.പി എംപ്ലോയ്മെന്റ്, ജോബ്‍ലെസ് ക്ലെയിം, ദി ബീജ് ബുക്ക്, ഉത്പാദനക്ഷമത, വ്യാപാര കണക്കുകൾ, ഏറെ നിർണായകമായ കാർഷികേത തൊഴിൽ കണക്കുകൾ, വരുമാന വളർച്ച റിപ്പോർട്ട് എന്നിവയൊക്കെ നിർണായക ഘടകമാകും. കാരണം ഈ ഡേറ്റയിൽ നിന്നുള്ള സൂചനകൾ യു.എസ് ഡോളർ, കടപ്പത്ര ആദായ നിരക്ക്, പലിശ നിരക്ക് എന്നിവയുടെ കാഴ്ചപ്പാടിനെയും അതുവഴി വില കൂടിയ ലോഹങ്ങളുടെ വിപണിയിലെ ചലനങ്ങളേയും സ്വാധീനിക്കുക.

അതേസമയം എനർജി സെക്ടറിൽ, ക്രൂഡോയിൽ വിലയുടെ ​ഗതി നിർണയിക്കുന്നത് എ.പി.ഐ, ഇ.ഐ.എ ഇൻവെന്ററി ഡേറ്റകൾ, റീഫൈനറി ഉപയോ​ഗത്തിന്റെ തോത്, ​പെട്രോൾ/ഡീസൽ എന്നിവയുടെ സംഭരണ തോത്, അസംസ്കൃത എണ്ണയുടെ ഇറക്കുമതി, ബേക്കർ ഹ്യൂ​ഗ്സ് റി​ഗ് കൗണ്ട് എന്നിവയായിരിക്കും. അതേസമയം നാച്ചുറൽ ​​ഗ്യാസ് വിപണിയാകട്ടെ, ആഴ്ച കാലയളവിലെ സംഭരണവും ഉത്പാദനത്തിലെ തോതുകളുമാകും കണക്കിലെടുക്കുക.

കൂടാതെ യൂറോപ്പിലെ പണപ്പെരുപ്പം, ജർമൻ ഫാക്ടറി കരാറുകൾ, ഇ.സി.ബിയുടെ വിശദീകരണം, യു.കെ ഹൗസിങ് & ക്രെഡിറ്റ് സൂചനകൾ, ചൈനയുടെ പി.എം.ഐ ഡേറ്റ, ഓസ്ട്രേലിയ ജിഡിപി കണക്കുകൾ എന്നിവയാകും കറൻസികളുടെ വിനിമയ മൂല്യത്തെ നിശ്ചയിക്കുക. മൊത്തത്തിൽ നോക്കുകയാണെങ്കിൽ, ആ​ഗോള സമ്പദ്ഘടനയുടെ വളർച്ച, യു.എസ് ​തൊഴിൽ വിപണി, പണപ്പെരുപ്പ നിരക്ക്, ക്രൂഡോയിൽ ആവശ്യകത എന്നിവയാകും വരുംദിനങ്ങളിൽ കമ്മോഡിറ്റി വിപണിയിൽ മുഖ്യ സ്വാധീനം ചെലുത്തുക.

പ്രതിവാര അവലോകനവും സമീപ ഭാവിയിലേക്കുള്ള സാങ്കേതിക കാഴ്ചപ്പാടും

സ്വർണ്ണം

സ്വർണ്ണം ഈയാഴ്ചയുടെ തുടക്കത്തിൽ 5,108.14 ഡോളറിൽ നിന്നാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടമുൻപത്തെ ക്ലോസി​ങ്ങുമായി കണക്കിലെടുക്കുമ്പോൾ ഫ്ലാറ്റ് ഓപ്പണിങ്. വ്യാപാരം പുരോ​ഗമിക്കവെ ക്രമേണ വാങ്ങൽ താൽപ്പര്യം ശക്തിപ്പെട്ടു, വില 5,279.10 ഡോളർ എന്ന ആഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തി. തുടർന്ന് 5,278.61 ഡോളറിൽ ക്ലോസിങ് കുറിച്ചു. ഇതോടെ 3.33% നേട്ടത്തോട ഈയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു. ശക്തമായ ബുള്ളിഷ് മൊമന്റത്തേയും ഡിമാൻഡിനേയും ഇതു പ്രതിഫലിപ്പിക്കുന്നു.

ടെക്നിക്കൽ അനാലിസിസ് പ്രകാരം, പ്രതിവാര ചാർട്ടിൽ മുന്നോട്ടേക്കുള്ള കുതിപ്പിനുള്ള സൂചനകളാണ് പ്രകടമായിട്ടുള്ളത്. പ്രധാന മൂവിംഗ് ആവറേജ് നിലവാരങ്ങൾക്ക് മുകളിലായാണ് ട്രേഡ് ചെയ്യപ്പെടുന്നത്. തൊട്ടടുത്ത സപ്പോർട്ട് മേഖല 4,840-4,800 ഡോളർ നിലവാരത്തിലാണ്. ഇതിന് താഴെ 4,560–4,520 മേഖലയിൽ ശക്തമായ സർപ്പോർട്ട് മേഖലയുമുണ്ട്. അതേസമയം മുകളിലേക്ക് മറികടക്കാനുള്ള പ്രധാന പ്രതിരോധക്കടമ്പ 5,600 ഡോളർ നിലവാരത്തിലാണുള്ളത്. മൊത്തത്തിൽ സ്വർണത്തിന്റെ ട്രെൻഡ് പോസിറ്റീവാണ്. കുതിപ്പിനുള്ള സൂചന നൽകുന്നു. വളരെ ഞൊടിയിടയിലുള്ള കുതിപ്പാണെങ്കിൽ ഹ്രസ്വകാല കൺസോളിഡേഷനിലേക്കും നയിക്കാം. എന്നിരുന്നാലും 4,840 ഡോളൽ നിലവാരത്തിൽ നിന്നുള്ള സപ്പോർട്ട് നിലനിൽക്കുന്നിടത്തോളം സ്വർണത്തിൽ കുതിപ്പിനുള്ള സൂചനയായ ബുള്ളിഷ് ട്രെൻഡ് തുടരുമെന്ന് കരുതാം.

വെള്ളി

ഈയാഴ്ചയിൽ വെള്ളി 84.57 ഡോളർ നിലവാരത്തിൽ നിന്നാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടുമുൻപത്തെ ആഴ്ചയിലെ ക്ലോസിങ്ങിൽ നിന്നും നേരിയ ഇടിവോടെ. വ്യാപാരം പുരോ​ഗമിക്കുന്തോറും വില സ്ഥിരതയാർജിക്കുകയും ക്രമേണ കുതിപ്പിനുള്ള ശക്തമായ ബൈയിങ് മൊമന്റം കൈവരിക്കുകയും ചെയ്തു. ഇതോടെ ആഴ്ച കാലയളവിലെ ഉയർന്ന നിലവാരമായ 94.15 ഡോളറിലേക്ക് വെള്ളി വില കുതിച്ചുയർന്നു. തുടർന്ന് 93.76 ഡോളർ നിലവാരത്തിലാണ് വെള്ളിയുടെ ക്ലോസിങ് കുറിച്ചത്. ആഴ്ച കാലയളവിൽ 10.79% നേട്ടം കരസ്ഥമാക്കി. ആഴ്ചയിലെ ഉയർന്ന നിലവാരത്തിന് സമീപമുള്ള ക്ലോസിങ് നില, സമീപ ഭാവിയിലും മുന്നേറ്റം തുടരാനുള്ള സൂചന നൽകുന്നു.

ടെക്നിക്കൽ അനാലിസിസ് പ്രകാരം, മുൻ കൺസോളിഡേഷൻ മേഖല ഭേദിച്ചുകൊണ്ട് വെള്ളി കുതിച്ചിയർന്നിട്ടുണ്ട്. പ്രധാനപ്പെട്ട മൂവിംഗ് ആവറേജ് നിലവാരങ്ങളിൽ നിന്നും ​ഗണ്യമായ ഉയരത്തിലാണ് ഇപ്പോൾ‌ ട്രേഡ് ചെയ്യപ്പെടുന്നത്. ഇനി തൊട്ടടുത്ത സപ്പോർട്ട് മേഖലായി 77.60–76.30 നിലവാരത്തെ കണക്കാക്കാം. ഇതിന് താഴെ 72.20–71.50 ഡോളർ നിലവാരത്തിൽ നിന്നും അതിശക്തമായ പിന്തുണയും പ്രതീക്ഷിക്കാം. അതേസമയം മുകളിലേക്ക് 104.50 ഡോളർ നിലവാരത്തിലാണ് മുഖ്യ പ്രതിരോധ കടമ്പയുള്ളത്. മുൻകാല ചരിത്രം നോക്കിയാലും ഇത് നിർണായക മേഖലയാണിത്. ശക്തിമായ കുതിപ്പ് കാരണം നേരിയ തിരുത്തലിനോ ​​ഹ്രസ്വകാല കൺസോളിഡേഷനോ വഴിതെളിക്കാമെങ്കിലും 76 ഡോളർ നിലവാരത്തിലെ സപ്പോർട്ട് മേഖല തകരാത്തിടത്തോളം വെള്ളിയുടെ അടിസ്ഥാന ട്രെൻഡ് ബുള്ളിഷ് തന്നെയാകും.

ബ്രെന്റ് ക്രൂഡോയിൽ

ഈയാഴ്ച 70.80 ഡോളർ നിലവാരത്തിൽ നിന്നാണ് ബ്രെന്റ് ക്രൂഡോയിൽ വ്യാപാരം പുനരാരംഭിച്ചത്. മുൻ ആഴ്ചയിലെ ക്ലോസിങ്ങിനേക്കാളും നേരിയ ഇടിവിലായിരുന്നു തുടക്കം. ദുർബലമായാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ക്രമേണ ശക്തി പ്രാപിച്ച്, ആഴ്ച കാലയളവിലെ ഉയർന്ന നിലവാരമായ 73.54 ഡോളർ നിലവാരത്തിലേക്ക് മുന്നേറി. തുടർന്ന് ഇതിന് തൊട്ടടുത്തായി 73.20 ഡോളർ നിലവാരത്തിൽ ബ്രെന്റ് ക്രൂഡോയിൽ ഈയാഴ്ചയിലെ ക്ലോസിങ് നില കുറിച്ചു. ആഴ്ച കാലയളവിലെ വ്യാപാരത്തിൽ 2.11 ശതമാനം നേട്ടം സ്വന്തമാക്കി. സ്ഥിരതയോടെ തിരികെ കയറുന്നതിന്റെ ലക്ഷണം പ്രകടമാക്കുന്നത് ഹ്രസ്വകാലത്തേക്ക് ബ്രെന്റ് ക്രൂഡോയിലിൽ നിക്ഷേപക താത്പര്യം വർധിപ്പിക്കുന്നുണ്ട്.

ടെക്നിക്കൽ അനാലിസിസ് പ്രകാരം, ബ്രെന്റ് ക്രൂഡോയിലിന്റെ പ്രതിവാര ചാർട്ടിൽ, ക്രമേണയുള്ള തിരികെ കയറ്റം തുടരുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. മുൻകാല തിരുത്തൽ ഘട്ടത്തിനുശേഷം ചാർട്ടിൽ കുതിപ്പിന്റെ ലക്ഷണമായ 'ഹയർ ഹൈ ഹയർ ലോ' പാറ്റേൺ പ്രകടമാണ്. തൊട്ടടുത്ത സപ്പോർട്ട് മേഖല 69.90-69.00 ഡോളർ നിലവാരത്തിലാണ്. ഇതിന് താഴെയായി 67.00-66.40 ഡോളറിൽ അതിശക്തമായ സപ്പോർട്ട് മേഖലയും നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം മുന്നേറ്റ പാതയിൽ 75.40 ഡോളർ നിലവാരത്തിലാണ് തൊട്ടുമുന്നിൽ മറികടക്കാനുള്ള ആദ്യ കടമ്പയുള്ളത്. ഇതിന് മുകളിലായി 80.30 ഡോളർ നിലവാരത്തിലും പ്രതിരോധ കോട്ടയുണ്ട്. ചുരുക്കത്തിൽ 73.00 ഡോളർ നിലവാരം തകരാതെ നോക്കാൻ സാധിച്ചാൽ, ബ്രെന്റ് ക്രൂഡോയിലിന് മുന്നേറാനുള്ള ശക്തിയുണ്ടാകും. 75.40 ഡോളർ മറികടക്കാൻ കഴിഞ്ഞാൽ കൂടുതൽ ഉയരങ്ങളിലേക്കും ബ്രെന്റ് ക്രൂഡോയിൽ നീങ്ങുമെന്നാണ് പ്രതീക്ഷ.

നാച്ചുറൽ ​ഗ്യാസ്

ഈയാഴ്ച 3.139 ഡോളർ നിലവാരത്തിലാണ് നാച്ചുറൽ ​ഗ്യാസിന്റെ വ്യാപാരം പുനരാരംഭിച്ചത്. മുൻ ആഴ്ചയിലെ ക്ലോസിങ് നിലയേക്കാൾ ​ഗണ്യമായ നേട്ടത്തോടെയായിരുന്നു വ്യാപാരത്തിന് തുടക്കമിട്ടതും. എന്നാൽ, തുടർ മുന്നേറ്റം സാധ്യമായില്ല. ആഴ്ചയിലുടന്നീളം വിൽപ്പന സമ്മർദം നേരിട്ടു. ഈയാഴ്ചയിൽ 3.142 ഡോളറിൽ ഉയർന്ന വില നിലവാരവും 2.779 ഡോളറിൽ താഴ്ന്ന വിലയും കുറിച്ചു. 2.8617 ഡോളറിലാണ് ഈയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തിൽ മുന്നേറിയിട്ടും താഴേക്ക് പതിച്ചത് നാച്ചുറൽ ​ഗ്യാസ് കോൺട്രാക്ടുകളിലെ വിൽപ്പന സമ്മർദത്തെ സൂചിപ്പിക്കുന്നു.

ടെക്നിക്കൽ അനലാസിസ് പ്രകാരം, നാച്ചുറൽ ​ഗ്യാസിന്റെ പ്രതിവാര ചാർട്ടിൽ തൊട്ടടുത്ത പ്രതിരോധ മേഖലയിൽ നിന്നുള്ള കടുത്ത സമ്മർദം കാണാനാകും. പ്രധാനപ്പെട്ട ഹ്രസ്വകാല മൂവിം​ഗ് ആവറേജ് നിലവാരങ്ങൾക്ക് താഴെയായാണ് നാച്ചുറൽ ​ഗ്യാസ് വ്യാപാരം ചെയ്യപ്പെടുന്നത്. തൊട്ടടുത്ത സപ്പോർട്ട് മേഖല 2.71 ഡോളർ നിലവാരത്തിലാണ് ഉള്ളത്. ഇതിന് താഴെ 2.23 ഡോളർ നിലവാരത്തിൽ നിന്നും ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കാം. അതേസമയം മുന്നോട്ടേക്ക് കുതിക്കണമെങ്കിൽ 3.28-3.30 ഡോളർ നിലവാരത്തിലുള്ള പ്രതിരോധ കടമ്പ ആദ്യം മറികടക്കണം. ഇതിന് മുകളിൽ 3.53-3.60 ഡോളർ നിലവാരത്തിൽ നിന്നും പ്രതിരോധം പ്രതീക്ഷിക്കാം. ചുരുക്കത്തിൽ 3.30 ഡോളർ നിലവാരം വരുന്നയാഴ്ച മറികടക്കാൻ സാധിക്കുന്നില്ലെങ്കിൽ സമീപ കാലയളവിലേക്ക് നാച്ചുറൽ ​ഗ്യാസ് കോൺട്രാക്ടുകളിൽ ജാ​ഗ്രത പാലിക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com