സ്വർണവും ക്രൂഡോയിലും ഇനിയും മുന്നേറുമോ? വരുന്നയാഴ്ച കമ്മോഡിറ്റി മാർക്കറ്റ് എങ്ങനെ?

യു.എസ് പണപ്പെരുപ്പ നിരക്കും ആ​ഗോള സാമ്പത്തിക ഘടകങ്ങളും എണ്ണ വിതരണവുമായി ബന്ധപ്പെട്ട കണക്കുകളുമാകും വരുന്നയാഴ്ചയിൽ രാജ്യാന്തര കമ്മോഡിറ്റി വിപണികളെ മുഖ്യമായും സ്വാധീനിക്കാൻ പോകുക.
commodity market analysis
canva
Published on

വരുന്നയാഴ്ചയിൽ പുറത്തുവരുന്ന പ്രധാനപ്പെട്ട മാക്രോ ഇക്കോണമിക് ഡേറ്റകളാകും കമ്മോഡിറ്റി വിപണിയുടെ ​ഭാവിഗതി നിർണയിക്കുക. ആ​ഗോള തലത്തിൽ നിക്ഷേപകർ ഉറ്റുനോക്കുന്നത് യു.എസ് പണപ്പെരുപ്പ നിരക്കുകളാണ്. ഇതിൽ ഉപഭോക്തൃ വില സൂചിക (CPI)യും കോർ സിപിഐയും യു.എസ് കേന്ദ്ര ബാങ്കായ ഫെ‍ഡറൽ റിസർവിന്റെ പണനയ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നതാണ്. കൂടാതെ പണപ്പെരുപ്പ നിരക്കുകൾ ഡോളറിന്റെയും യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്കിനേയും സ്വാധീനിക്കുന്ന ഘടകമാണ്. ഇവയെല്ലാം സ്വർണം, വെള്ളി വിലകളിൽ അടുത്ത നീക്കം എങ്ങോട്ടാകണമെന്നതിൽ സ്വാധീനം ചെലുത്തുന്നതാണ്.

അതേസമയം എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് (OPEC) പുറത്തുവിടുന്ന പ്രതിമാസ കണക്കുകളും ഇന്റർനാഷണൽ എനർജി ഏജൻസി (IEA) പ്രസിദ്ധീകരിക്കുന്ന പ്രതിമാസ റിപ്പോർട്ടും അമേരിക്കൻ പെട്രോളിയം ഇൻ​സ്റ്റിറ്റ്യൂട്ടും (API) എനർജി ഇൻഫോർമേഷൻ അഡ്മിനിസ്ട്രേഷനും (EIA) പുറത്തുവിടുന്ന യു.എസിലെ പ്രതിവാര ക്രൂഡോയിൽ സംഭരണത്തിന്റെ കണക്കുകളും വരുന്നയാഴ്ച ക്രൂഡോയിൽ വിപണിയിൽ ചലനം സൃഷ്ടിക്കുന്നതാണ്. ഈ റിപ്പോർട്ടുകളിൽ നിന്നും ക്രൂഡോയിലിന്റെ ആവശ്യകതയും വിതരണവും സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകൾ വിപണിക്ക് ലഭ്യമാകും. ഇത് ക്രൂഡോയിൽ വിലയുടെ തുടർ നീക്കങ്ങളെ സ്വാധീനിക്കുന്നതാണ്.

കൂടാതെ ലോകത്തെ ഏറ്റവും വലിയ ഉപഭോക്താവായ ചൈനയിൽ നിന്ന് പുറത്തുവരുന്ന കയറ്റുമതി, ഇറക്കുമതി ഉൾപ്പെടെയുള്ള സാമ്പത്തിക കണക്കുകളും വരുന്നയാഴ്ച ക്രൂഡോയിൽ വിലയിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ജർമനിയുടെ വ്യാവസായിക ഉത്പാദനം, യു.കെയുടെ ജിഡിപി വളർച്ച, ജപ്പാന്റെ തൊഴിൽ വേതനവും ജിഡിപി വള‌ർച്ച നിരക്കും ഒക്കെ ക്രൂഡോയിൽ വിപണിയിൽ ചലനം സൃഷ്ടിക്കാൻ കെൽപ്പുള്ളവയാണ്. മൊത്തത്തിൽ നോക്കിയാൽ യു.എസ് പണപ്പെരുപ്പ നിരക്കും ആ​ഗോള സാമ്പത്തിക ഘടകങ്ങളും എണ്ണ വിതരണവുമായി ബന്ധപ്പെട്ട കണക്കുകളുമാകും വരുന്നയാഴ്ചയിൽ രാജ്യാന്തര കമ്മോഡിറ്റി വിപണികളെ മുഖ്യമായും സ്വാധീനിക്കാൻ പോകുകയെന്ന് ചുരുക്കം.

പ്രതിവാര അവലോകനവും സമീപ ഭാവിയിലേക്കുള്ള സാങ്കേതിക കാഴ്ചപ്പാടും

സ്വർണം

രാജ്യാന്തര വിപണിയിൽ ഈയാഴ്ച നേരിയ നേട്ടത്തോടെ 5,281.53 ഡോളർ നിലവാരത്തിലായിരുന്നു ഒരു ട്രോയ് ഔൺസ് (31.1 ​ഗ്രാം) സ്വർണത്തിന്റെ വ്യാപാരം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ പ്രകടമായ വാങ്ങൽ താത്പര്യം കാരണം സ്വർണ വില കൂടുതൽ മുന്നേറുകയും 5,419.32 ഡോളറിൽ ആഴ്ച കാലയളവിലെ ഉയർന്ന വില നിലവാരവും രേഖപ്പെടുത്തി. എന്നാൽ നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞത് കാരണം ആഴ്ചയുടെ രണ്ടാം പകുതിയിൽ കുതിപ്പിനുള്ള ശക്തി നഷ്ടപ്പെടുകയും സ്വർണ വില താഴേക്ക് പതിക്കുകയും ചെയ്തു. ഒടുവിൽ 2.02% നഷ്ടത്തോടെ 5,171.80 ഡോളർ നിലവാരത്തിലാണ് സ്വർണ വിലയുടെ ക്ലോസിങ് കുറിച്ചത്. സമീപകാലത്തെ ശക്തമായ കുതിപ്പിനു ശേഷമുള്ള ഹ്രസ്വകാല തിരുത്തൽ ഘട്ടമായും ഇതിനെ വായിച്ചെടുക്കാവുന്നതാണ്.

ടെക്നിക്കൽ അനാലിസിസ് പ്രകാരം നോക്കിയാൽ, സ്വർണം പ്രധാനപ്പെട്ട ലോങ്-ടേം മൂവിങ് ആവറേജ് നിലവാരങ്ങൾക്ക് മുകളിലായാണ് വ്യാപാരം ചെയ്യപ്പെടുന്നത്. വിശാല അർത്ഥത്തിൽ സ്വർണം തുടർന്നും പോസിറ്റീവ് ട്രെൻഡിൽ തന്നെയാണുള്ളത്. ചാർട്ട് അടിസ്ഥാനമാക്കിയാൽ സ്വർണത്തിന്റെ തൊട്ടടുത്ത സപ്പോർട്ട് 4,800 ഡോളർ നിലവരാത്തിലാണ്. ഇതിന് താഴെ 4,550 ഡോളർ നിലവാരത്തിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സ്വർണം മുകളിലേക്ക് കുതിച്ചാൽ 5,420 ഡോളർ നിലവാരത്തിലാകും ആദ്യത്തെ പ്രതിരോധ കടമ്പ. അതും മറികടന്നാൽ 5,600 ഡോളർ നിലവാരത്തിൽ നിന്നും സ്വർണക്കുതിപ്പിന് പ്രതിരോധം നേരിടാം. സമീപ ഭാവിയിലേക്ക് സ്വർണ വിപണി സ്ഥിരതയാർജിക്കൽ (കൺസോളിഡേഷൻ) ഘട്ടത്തിലേക്ക് കടക്കാനാണ് സാധ്യത. പ്രധാനപ്പെട്ട സപ്പോർട്ട് നിലവാരം തകർക്കപ്പെടാതിരുന്നാൽ സ്വർണ വിലയിൽ കുതിപ്പിനുള്ള സാധ്യത അവശേഷിക്കുന്നതാണ്.

വെള്ളി

ഈയാഴ്ച നേരിയ നഷ്ടത്തോടെ 93.74 ഡോളറിലായിരുന്നു വെള്ളിയുടെ വ്യാപാരം പുനരാരംഭിച്ചത്. എന്നാൽ പെട്ടെന്ന് തന്നെ തിരികെ കയറുകയും 96.40 ഡോളർ വരെയെത്തി ഈയാഴ്ചയിലെ ഏറ്റവും ഉയർന്ന വിലനിലവാരം രേഖപ്പെടുത്തി. എന്നിരുന്നാലും ഉയർന്ന നിലവാരങ്ങളിലേക്ക് എത്തിയപ്പോൾ നേരിട്ട കടുത്ത വിൽപ്പന സമ്മർ​​ദം കാരണം വെള്ളി നഷ്ടത്തിന്റെ പാതയിലേക്ക് വഴിമാറി. 77.99 ഡോളർ വരെ ഒരു ഘട്ടത്തിൽ ഇടിഞ്ഞു. പിന്നീട് നില മെച്ചപ്പെടുത്തി. ഒടുവിൽ ഈയാഴ്ച 9.90% നഷ്ടം നേരിട്ട് ‍84.48 ഡോളർ നിലവാരത്തിൽ വെള്ളിയുടെ ക്ലോസിങ് വിലയായി രേഖപ്പെടുത്തി. പതിവിലും വലിയ ട്രേഡിങ് റേ‍ഞ്ചും ശക്തമായ പുൾബാക്ക് റാലിയും വെള്ളിയിലെ ചാഞ്ചാട്ടം പ്രകടമാക്കി.

അതേസമയം അടുത്തിടെ തിരുത്തൽ നേരിട്ടെങ്കിൽ പോലും ഇടക്കാല സപ്പോർട്ട് നിലവാരത്തിന് മുകളിലായാണ് വ്യാപാരം പുരോ​ഗമിക്കുന്നത് കാരണം, വെള്ളിയിൽ കുതിപ്പിനുള്ള സാധ്യത അവശേഷിക്കുന്നതായി വിശാല അർത്ഥത്തിൽ കരുതാമെന്നാണ് ടെക്നിക്കൽ അനാലിസിസിൽ നിന്നും വെളിവാകുന്നത്. വെള്ളിയുടെ തൊട്ടടുത്ത സപ്പോർട്ട് നിലവാരം 77 ഡോളറിലാണ്. ഇതിന് താഴെ 72.60 ഡോളറിൽ ശക്തമായ സപ്പോർട്ട് മേഖലയുമുണ്ട്. അതേസമയം വെള്ളി വില കുതിക്കുകയാണെങ്കിൽ 94 ഡോളർ നിലവാരത്തിലാണ് തൊട്ടുമുന്നിലുള്ള പ്രതിരോധ കടമ്പയുള്ളത്. ഇത് മറികടന്നാൽ 104.50 ഡോളർ നിലവാരത്തിൽ നിന്നും ശക്തമായ പ്രതിരോധം പ്രതീക്ഷിക്കാം. സമീപ ഭാവിയിലേക്ക് വെള്ളി ഒരു കൺസോളിഡേഷൻ ഘട്ടത്തിലേക്ക് കടക്കാം. തൊട്ടടുത്ത സപ്പോർട്ട് നിലവാരത്തിന് മുകളിൽ സ്ഥിരതയോടെ നിലനിൽക്കാനായാൽ സാവധാനം തിരികെ കയറാനുള്ള ലക്ഷണം വെള്ളിയിൽ പ്രകടമായേക്കും. 93 ഡോളർ നിലവാരം മറികടന്നാൽ പുതിയൊരു കുതിപ്പിനുള്ള തയ്യാറെടുപ്പായും തൊട്ടുമുകളിലുള്ള പ്രതിരോധം പരീക്ഷിക്കുമെന്നും കരുതാം.

ബ്രെന്റ് ക്രൂഡോയിൽ

തൊട്ടുമുൻപത്തെ ആഴ്ചയിൽ ക്ലോസ് ചെയ്തിടത്തുനിന്നും 11.4 ശതമാനം കുതിച്ചുയർന്ന് 81.57 ഡോളറിലാണ് ബ്രെന്റ് ക്രൂഡോയിൽ ഈയാഴ്ചയിൽ വ്യാപാരം പുനരാരംഭിച്ചത്. മിഡിൽ ഈ​സ്റ്റിലെ പ്രധാനപ്പെട്ട എണ്ണ ഉത്പാദക മേഖലയിൽ കത്തിപ്പടരുന്ന സംഘർഷവും ചെങ്കടൽ വഴി കപ്പൽ മുഖേനയുള്ള ആ​ഗോള എണ്ണ വിതരണം തടസ്സപ്പെടുമോ എന്ന ആശങ്കയുമാണ് ക്രൂഡോയിൽ വില കുതിച്ചുച്ചാടാൻ ഇടയാക്കിയത്. അങ്ങനെ ​ഗംഭീര തുടക്കം ലഭിച്ച ക്രൂഡോയിൽ, വ്യാപാരം പുരോ​ഗമിക്കുന്തോറും വാങ്ങൽ താത്പര്യം ശക്തമാകുകയും 94.64 ഡോളർ എന്ന ആഴ്ച കാലയളവിലെ ഏറ്റവും ഉയർന്ന വില നിലവാരവും കുറിച്ചു. ഇൻട്രാഡേ അടിസ്ഥാനത്തിൽ ചെറിയ ചാഞ്ചാട്ടം നേരിട്ടെങ്കിലും ശക്തിയോടെ നില തുടർന്നതിനാൽ 27.5% നേട്ടത്തോടെ 93.33 ഡോളർ നിലവാരത്തിലാണ് ബ്രെന്റ് ക്രൂഡോയിൽ ഈയാഴ്ചയിലെ ക്ലോസിങ് കുറിച്ചത്. ആ​ഗോള സംഘർഷവും ഇതിനെ തുടർന്ന് എണ്ണ വിതരണത്തിലുള്ള അനിശ്ചിതത്വവും കാരണം ക്രൂഡോയിൽ ഉയർന്ന പ്രീമിയം നൽകിയും വാങ്ങാനുള്ള ലക്ഷണമാണ് പ്രകടമാക്കുന്നത്.

അതേസമയം ടെക്നിക്കൽ അനാലിസിസ് പ്രകാരം, അടുത്തിടെയുള്ള ശക്തമായ കുതിപ്പ് കാരണം തൊട്ട് മുൻപത്തെ കൺസോളിഡേഷൻ നിലവാരം മറികടന്ന് മുന്നേറാൻ സാധിച്ചു. ഇത് ശക്തമായ ബ്രേക്കൗട്ട് കുതിപ്പിന്റെ ലക്ഷണമാണ്. ക്രൂഡോയിലിന്റെ തൊട്ടടുത്ത സപ്പോർട്ട് മേഖല, അടുത്തിടെ ബ്രേക്കൗട്ട് നടത്തിയ 87 ഡോളർ നിലവാരത്തിലാണുള്ളത്. ഇതിന് താഴെ 80.50 ഡോളർ നിലവാരത്തിൽ ശക്തമായ പിന്തുണ മേഖലയുണ്ട്. എന്നാൽ വരുന്നയാഴ്ചയും ക്രൂഡോയിൽ കുതിപ്പ് തുടരുകയാണെങ്കിൽ മറികടക്കേണ്ട ആദ്യ പ്രതിരോധം 95.80 ഡോളർ നിലവാരത്തിലാണുള്ളത്. ഇത് മറികടന്നാൽ 105.50 ഡോളറിൽ അടുത്ത പ്രതിരോധ കടമ്പയുമുണ്ട്. അടുത്തിടെ നടന്ന ശക്തമായ മുന്നേറ്റം കാരണം, സമീപ ഭാവിയിൽ ​ഹ്രസ്വകാല കൺസോളിഡേഷൻ പാതയിലേക്ക് ക്രൂഡോയിൽ വഴിമാറാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും 88 ഡോളർ നിലവരം തകർക്കപ്പെടാതെ കാത്തുസൂക്ഷിക്കുന്നിടത്തോളം ക്രൂഡോയിലിൽ പ്രകടമായ കുതിപ്പ് നിലനിൽക്കാനുള്ള സാധ്യതയും അവശേഷിക്കുന്നു.

നാച്ചുറൽ ​ഗ്യാസ്

നേരിയ നേട്ടത്തോടെ 2.908 ഡോളർ നിലവാരത്തിലാണ്, ഈയാഴ്ച നാച്ചുറൽ ​ഗ്യാസിലെ വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ ചാഞ്ചാട്ടം തലപൊക്കിയെങ്കിലും വ്യാപാരം പുരോ​ഗമിക്കുന്തോറും വാങ്ങൽ താത്പര്യം ഉയരുകയും നാച്ചുറൽ ​ഗ്യാസ് വില മുന്നേറുകയും ചെയ്തു. 3.286 ഡോളർ നിലവാരത്തിൽ ഈയാഴ്ചയിലെ ഉയർന്ന നിലവാരം രേഖപ്പെടുത്തി. ഇടയിൽ ചെറിയ തിരിച്ചടി കിട്ടിയെങ്കിലും നേട്ടത്തിന്റെ ഏറിയ പങ്കും നിലനിർത്തിക്കൊണ്ട് 3.186 ഡോളർ നിലവാരത്തിലാണ് ഈയാഴ്ചയിലെ ക്ലോസിങ് കുറിച്ചത്. 11.35% നേട്ടം. വിലയിൽ പ്രകടമായ കുതിപ്പ്, അടുത്തിടെ നേരിട്ട തിരുത്തലിൽ നിന്നും പുറത്തുകടന്നതിന്റെ ലക്ഷണമാണ്.

അതേസമയം, ടെക്നിക്കൽ അനാലിസിസ് പ്രകാരം നോക്കിയാൽ, നേരത്തത്തെ തിരിച്ചടിക്ക് ശേഷം നാച്ചുറൽ ​ഗ്യാസ് സ്ഥിരതയാർജിക്കുന്നതായി കാണാം. വിപണി വില ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരത്തിന് മുകളിലേക്കും എത്തി. ഇനി തൊട്ടടുത്ത സപ്പോർട്ട് നിലവാരം 2.71 ഡോളറിലാണ്. ഇതിന് താഴെ 2.23 ‍ഡോളർ നിലവാരം ശക്തമായ സപ്പോർട്ട് മേഖലയായി പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം വരുന്നയാഴ്ചയിലും നാച്ചുറൽ ​ഗ്യാസ് മുന്നേറ്റം തുടരുകയാണെങ്കിൽ നേരിടേണ്ട ആദ്യ പ്രതിരോധം 3.42 ഡോളർ നിലവാരത്തിലാണ്. ഇത് മറികടന്നാൽ 3.90 ഡോളറിൽ ശക്തമായ പ്രതിരോധം വീണ്ടും നേരിടാം. സമീപ ഭാവിയിലേക്ക് 2.71 ഡോളർ നിലവാരം കാത്തുസൂക്ഷിക്കാനായാൽ തിരികെ കയറാനുള്ള സാധ്യത അവശേഷിക്കും. 3.42 ഡോളർ നിലവാരം ശക്തിപൂർവം മറികടക്കാൻ സാധിച്ചാൽ നാച്ചുറൽ ​ഗ്യാസ് വില കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങും.

തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com