കമ്മോ‍ഡിറ്റി വിപണി: അടുത്തയാഴ്ച സ്വർണം, വെള്ളി കുതിക്കുമോ? ക്രൂഡ് ഓയിൽ വില കുറയുമോ?

അടുത്ത വ്യാപാര ആഴ്ചയിലേക്കുള്ള സ്വർണം, വെള്ളി, ബ്രെന്റ് ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് തുടങ്ങിയ പ്രധാന കമ്മോഡിറ്റികളുടെ പ്രതിവാര ടെക്നിക്കൽ അനാലിസിസും ഭാവി കാഴ്ചപ്പാടും വിശദമായി നോക്കാം.
commodity market analysis
canva
Published on

ആ​ഗോള ഘടകങ്ങളും വിവിധ സാമ്പത്തിക ഡേറ്റകളും ഒക്കെയാകും വരുന്ന വ്യാപാര ആഴ്ചയിലും (2026 ഏപ്രിൽ 6 - 10) കമ്മോഡിറ്റി വിപണിയിലെ നീക്കങ്ങളുടെ ​ഗതി നിർണയിക്കുക. ഇതിൽ ഏറ്റവും പ്രധാനം അമേരിക്കയുടെ പണപ്പെരുപ്പ (സി.പി.ഐ & പി.സി.ഇ) കണക്കുകളാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെ‍ഡറൽ റിസർവിന്റെ ഇക്കഴിഞ്ഞ യോ​ഗത്തിലെ മിനുറ്റ്സും പുറത്തുവരും. ഇതിൽ പലിശ നിരക്കുകളുടെ ഭാവിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചേക്കാം. ഡോളറിന്റെ മൂല്യം ഇനിയും വർധിക്കുമോ ഇല്ലയോ എന്നും മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. ഇവയെല്ലാം വിവിധ കമ്മോഡിറ്റികളുടെ വിലകളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഘടകങ്ങളാണ്. ഈയൊരു പശ്ചാത്തലത്തിൽ അടുത്ത വ്യാപാര ആഴ്ചയിലേക്കുള്ള സ്വർണം, വെള്ളി, ബ്രെന്റ് ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് തുടങ്ങിയ പ്രധാന കമ്മോഡിറ്റികളുടെ പ്രതിവാര ടെക്നിക്കൽ അനാലിസിസും ഭാവി കാഴ്ചപ്പാടും വിശദമായി നോക്കാം.

സ്വർണം — ഇനിയെന്ത്?

കടന്നുപോയ വ്യാപാര ആഴ്ചയിൽ രാജ്യാന്തര വിപണിയിൽ, ഒരു ഔൺസ് സ്വർണം 4.09% നേട്ടം സ്വന്തമാക്കി 4,677 ഡോളറിലാണ് ക്ലോസിം​ഗ് കുറിച്ചത്. ഇക്കഴിഞ്ഞയാഴ്ചയിൽ 4,800 ഡോളറിൽ ഉയർന്ന വിലനിലവാരവും 4,418 ഡോളറിൽ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. ടെക്നിക്കൽ അനാലിസിസ് പ്രകാരം, താത്കാലിക തിരുത്തൽ ഘട്ടത്തിനുശേഷം വീണ്ടും മുന്നേറ്റത്തിനു തയ്യാറെടുക്കുന്ന ലക്ഷണമാണ് സ്വർണം പ്രകടമാക്കുന്നത്. തൊട്ടുത്ത സപ്പോർട്ട് നിലവാരം 4,275 ഡോളറിലാണ്. ഇവിടം തകർന്നാൽ സ്വർണ വില 3,890 ഡോളറിലേക്ക് വരെ പിന്തളപ്പെടാം.

അതേസമയം കൂടുതൽ മുന്നേറ്റത്തിന് 4,885 ഡോളറിലെ പ്രതിരോധം മറികടക്കേണ്ടതുണ്ട്. ഇവിടം ഭേദിക്കാനായാൽ പിന്നീട് പ്രതിരോധം പരീക്ഷിക്കപ്പെടാൻ സാധ്യതയുള്ളത് 5,600 ഡോളർ നിലവാരത്തിലുമാകുന്നു. വരുന്ന വ്യാപാര ആഴ്ചയിൽ സ്വർണ വില മുന്നേറ്റത്തിനുള്ള ശ്രമം തുടർന്നേക്കും. 4,275 ഡോളറിന് താഴേക്ക് പോകാത്തിടത്തോളം തിരികെ കയറ്റത്തിനുള്ള ശ്രമം സജീവമായി തുടരും. 4,885 ഡോളർ മറികടന്നാൽ കുതിപ്പിനുള്ള വികാരം ശക്തമാക്കും. ഇത് കൂടുതൽ നേട്ടത്തിലേക്കും നയിക്കാം. എന്നാൽ ഇപ്പോഴത്തെ നിലവാരത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ വീണ്ടും ഹ്രസ്വകാല സ്ഥിരതയാർജിക്കൽ (consolidation) ഘട്ടത്തിലേക്ക് സ്വർണം വഴിമാറിയേക്കാം.

വെള്ളി — ഇനിയെന്ത്?

ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിൽ 4.69% നേട്ടത്തോടെ 73 ഡോളറിലാണ് വെള്ളി ക്ലോസിം​ഗ് രേഖപ്പെടുത്തിയത്. കടുത്ത ചാഞ്ചാട്ടം പ്രകടമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച 76.12 ഡോളറിൽ ഉയർന്ന നിലവാരവും 67.71 ഡോളറിൽ താഴ്ന്ന നിലവാരവും കുറിച്ചു. താഴ്ന്ന നിലവാരത്തിലേക്ക് ചെല്ലുമ്പോൾ നിക്ഷേപക താത്പര്യം തെളിയുന്നുണ്ട്.

ടെക്നിക്കൽ അനാലിസിസ് പ്രകാരം, വിശാലമായ തിരുത്തൽ ഘട്ടത്തിനുള്ളിൽ നിന്നുകൊണ്ട് താത്കാലിക മുന്നേറ്റത്തിനുള്ള ലക്ഷണമാണ് വെള്ളിയുടെ ചാർട്ടിൽ പ്രകടമാകുന്നത്. തൊട്ടടുത്ത സപ്പോർട്ട് 61.15 ഡോളർ നിലവാരത്തിലും ഇതിന് താഴെ 45.50 ഡോളറിൽ അതിശക്തമായ സപ്പോർട്ട് മേഖലയും മറഞ്ഞിരിക്കുന്നു. മറുവശത്ത് 80.75 ഡോളറിലാണ് മുന്നോട്ടേക്കുള്ള യാത്രയിൽ മറികടക്കേണ്ട ആദ്യ പ്രതിരോധ കടമ്പ. ഇവിടം കടന്നാൽ 96.75 ഡോളർ നിലവാരത്തിൽ നിന്നും ശക്തിപരീക്ഷണം പ്രതീക്ഷിക്കാം.

ചുരുക്കത്തിൽ വരുന്നയാഴ്ചയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും മുന്നേറ്റത്തിനുള്ള ശ്രമങ്ങളും ഊർജിതമാകുമെന്ന് പ്രതീക്ഷിക്കാം. 61.15 ഡോളർ നിലനിർത്താൻ സാധിക്കുകയാണെങ്കിൽ വെള്ളിയിലെ മുന്നേറ്റത്തിനുള്ള ശ്രമം സജീവമായി തുടരും. 80.75 ഡോളർ മറികടക്കാനായാൽ കൂടുതൽ ശക്തമായ കുതിപ്പിനുള്ള കളമൊരുങ്ങും. എന്നാൽ ഇപ്പോഴത്തെ നിലവാരം നിലനിർത്താൻ വെള്ളിക്ക് സാധിക്കുന്നില്ലെങ്കിൽ നിശ്ചിത പരിധിക്കുള്ളിൽ തങ്ങിനിൽക്കുന്ന റേഞ്ച്-ബൗണ്ട് നീക്കങ്ങളാകും തെളിയുക.

ക്രൂഡ് ഓയിൽ — ഇനിയെന്ത്?

രാജ്യാന്തര വിപണിയിൽ കടന്നുപോയ വ്യാപാര ആഴ്ച, ബ്രെന്റ് ക്രൂ‍ഡ് ഓയിൽ 2.78% വർധന കരസ്ഥമാക്കി 109.23 ഡോളറിലാണ് ക്ലോസിം​ഗ് കുറിച്ചത്. ഇക്കഴിഞ്ഞയാഴ്ചയിൽ 109.99 ഡോളറിൽ ഉയർന്ന വിലനിലവാരവും 98.35 ഡോളറിൽ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. മൊത്തത്തിൽ കഴിഞ്ഞയാഴ്ചയിലെ ക്രൂഡ് ഓയിലിന്റെ പ്രകടനം നോക്കിയാൽ, സമീപകാലത്തെ ശക്തമായ മുന്നേറ്റത്തിന്റെ ഇടവേളയിൽ ഒരുവിഭാ​ഗം നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞതായി കാണാം.

ടെക്നിക്കൽ അനിലാസിസ് പ്രകാരം, അടുത്തിടെ ബ്രേക്കൗട്ട് കുതിപ്പ് നടത്തിയ മേഖലയുടെ മുകളിൽ വ്യാപാരം സ്ഥിരതയാർജിക്കാനുള്ള ശ്രമമാണ് ക്രൂഡ് ഓയിലിൽ തെളിയുന്നത്. തൊട്ടടുത്ത സപ്പോർട്ട് നിലവാരം 96 ഡോളറിലും ഇതിന് താഴെ 81.15 ഡോളർ നിലവാരത്തിൽ നിന്നും പിന്തുണ പ്രതീക്ഷിക്കാം. മറുവശത്ത് 119.70 ഡോളർ നിലവാരത്തിൽ നിന്നാണ് കൂടുതൽ മുന്നേറ്റത്തിനുള്ള പ്രതിബന്ധം സൃഷ്ടിക്കുന്നത്. ഇതിന് മുകളിൽ 138 ഡോളർ നിലവാരത്തിലും പ്രതിരോധം നേരിടാം.

അതേസമയം 96 ഡോളറിന് മുകളിൽ തുടരുന്നടിത്തോളം ക്രൂഡ് ഓയിലിൽ മുന്നേറ്റത്തിനുള്ള സാധ്യത നിലനിൽക്കും. 119 ഡോളർ നിലവാരം മറികടന്നാൽ കൂടുതൽ ഉയരങ്ങളിലേക്ക് വഴിതുറക്കും. എന്നാൽ, നിലവിലെ ​ഗതിവേ​ഗം നിലനിർത്താൻ സാധിക്കുന്നില്ലെങ്കിൽ ക്രൂഡ് ഓയിലിൽ പ്രകടമായ കുതിപ്പിന് താത്കാലിക ഇടവേളയോ ഹ്രസ്വമായ തിരുത്തൽ ഘട്ടത്തിലേക്ക് കടക്കാനോ ഉള്ള സാധ്യതയാണുള്ളത്.

നാച്വറൽ ​ഗ്യാസ് — ഇനിയെന്ത്?

ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിൽ 7.13% നഷ്ടത്തോടെ 2.85 ഡോളറിലാണ് നാച്വറൽ ​ഗ്യാസിന്റെ ക്ലോസിം​ഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച 3.20 ഡോളറിൽ ഉയർന്ന നിലവാരവും 2.82 ഡോളറിൽ താഴ്ന്ന നിലവാരവും കുറിച്ചു. താഴ്ന്ന നിലവാരത്തിന് സമീപമാണ് ക്ലോസിം​ഗ് എന്നത് ഉയർന്ന നിലവാരങ്ങളിലേക്ക് ചെല്ലുമ്പോഴുള്ള വിൽപ്പന സമ്മ‍‌ർദത്തേയും ​ഗതിവേ​ഗം നിലനിർത്താൻ പരാജയപ്പെടുന്നതിന്റേയും ലക്ഷണമായി വായിച്ചെടുക്കാം.

ടെക്നിക്കൽ അനാലിസിസ് പ്രകാരം, നാച്വറൽ ​ഗ്യാസ് ദുർബലമായ പ്രകടനമാണ് കാഴ്ചവെച്ചത്. തൊട്ടടുത്ത സപ്പോർട്ട് 2.71 ഡോളറിലും ഇതിന് താഴെ 2.07 ഡോളർ നിലവാരത്തിലുമാകുന്നു. മറുവശത്ത് 3.50 ഡോളറിൽ നിന്നാണ് മുന്നോട്ടേക്കുള്ള പ്രയാണത്തിന് നേരിടാവുന്ന ആദ്യ പ്രതിരോധം പ്രതീക്ഷിക്കാനാകുക. ഇവിടം മറികടന്നാൽ പിന്നീടുള്ള പ്രതിരോധ കടമ്പ 4.11 ഡോളറിലുമാണ് ഉള്ളത്. സമീപഭാവിയിലേക്ക് നാച്വറൽ ​ഗ്യാസ് ട്രേഡർമാർ ജാ​ഗ്രതപൂർണമായ സമീപനം സ്വീകരിക്കണമെന്നാണ് ടെക്നിക്കൽ അനാലിസിസിൽ നിന്നും വ്യക്തമാകുന്നത്. 3.50 ഡോളറിന് താഴെ തുടരുന്നിടത്തോളം വിൽപ്പന സമ്മർദം നേരിടാം. എന്നാൽ ഇവിടം മറികടന്നാൽ അടുത്തഘട്ടം കുതിപ്പിനുള്ള കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com