കമ്മോഡിറ്റി വിപണി അടുത്തയാഴ്ച എങ്ങനെയാകും? സ്വർണം, വെള്ളി വില ഉയരുമോ?

മികച്ച നിലയിലുള്ള സാമ്പത്തിക സൂചകങ്ങളാണ് യു.എസിൽ നിന്നും പുറത്തുവരുന്നതെങ്കിൽ, ഡോളറിന് ശക്തി പകരുന്ന ഘടകമായി അതു മാറും. ഇത് വിലയേറിയ ലോഹങ്ങളിൽ വിൽപ്പന സമ്മർദമുണ്ടാക്കും. മറിച്ച് ദുർബലമാണ് യു.എസ് ഡേറ്റ എങ്കിൽ വിലയേറിയ ലോഹങ്ങളിൽ ഉർണവ് സമ്മാനിക്കുകയും ചെയ്യാം.
Commodities
Background vector created by rawpixel.com - www.freepik.com
Published on

വരുന്ന വ്യാപാര ആഴ്ചയിൽ (ഏപ്രിൽ 20 - 24) ആ​ഗോള ഘടകങ്ങളുടെ ​ഗതിയാകും കമ്മോഡിറ്റി വിപണിയെ സ്വാധീനിക്കുക. യു.എസിൽ നിന്നുള്ള സാമ്പത്തിക സൂചകങ്ങളായ റീട്ടെയിൽ സെയിൽസ്, പി.എം.ഐ ഡേറ്റ, ഫെഡറൽ റിസർവ് ​ഗവർണമാരുടെ സമ്പദ്ഘടനയേയും പലിശ നിരക്കിനേയും സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങൾ എന്നിവയൊക്കെ കമ്മോഡിറ്റി വിപണി കണക്കിലെടുക്കും. മികച്ച നിലയിലുള്ള സാമ്പത്തിക സൂചകങ്ങളാണ് യു.എസിൽ നിന്നും പുറത്തുവരുന്നതെങ്കിൽ, ഡോളറിന് ശക്തി പകരുന്ന ഘടകമായി അതുമാറും. ഇത് വിലയേറിയ ലോഹങ്ങളിൽ വിൽപ്പന സമ്മർദമുണ്ടാക്കും. മറിച്ച് ദുർബലമാണ് യു.എസ് ഡേറ്റ എങ്കിൽ വിലയേറിയ ലോഹങ്ങളിൽ ഉർണവ് സമ്മാനിക്കുകയും ചെയ്യാം.

അതുപോലെ സംഭരണ കണക്കുകളും ഹ്രസ്വകാല ആവശ്യകത - ഉത്പാദന പ്രവണതകളുമാകും എനർജി വിഭാ​ഗത്തിൽ സ്വാധീനം ചെലുത്തുക. ചൈനയിൽ നിന്നുള്ള സാമ്പത്തിക വിവരങ്ങളും ഈ വിഭാ​ഗത്തിൽ നിർണായകമാകും. വരുന്നയാഴ്ചയിൽ സ്വർണം, വെള്ളി, ബ്രെന്റ് ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് തുടങ്ങിയ കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ ചുവടെ ചേർക്കുന്നു.

സ്വർണം — ഇനിയെന്ത്?

ഈ കടന്നുപോയ ആഴ്ചയിൽ 1.91% നേട്ടത്തോടെ 4,837 ഡോളർ നിലവാരത്തിലാണ്, രാജ്യാന്തര കമ്മോഡിറ്റി വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ഈയാഴ്ചയുടെ തുടക്കത്തിൽ നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സാങ്കേതിക വിശകലനത്തിന്റെ കാഴ്ചപ്പാടിൽ, സ്വർണത്തിന്റെ തൊട്ടടുത്തുള്ള സപ്പോർട്ട് നിലവാരം 4,405 ഡോളറിലാണ് ഉള്ളത്. ഇതിന് താഴെ 3,890 ഡോളർ നിലവാരത്തിൽ നിന്നും പിന്തുണ പ്രതീക്ഷിക്കാം. അതേസമയം മുകളിലേക്ക് കുതിക്കാനുള്ള ശ്രമത്തിന് ആദ്യം നേരിടാവുന്ന പ്രതിരോധം 5,045 ഡോളർ നിലവാരത്തിൽ നിന്നാകും പ്രതീക്ഷിക്കേണ്ടത്. ഇവിടം മറികടക്കാനായാൽ മുകളിൽ സർവകാല റെക്കോഡ് നിലവാരമായ 5,600 ഡോളറിൽ നിന്നും പ്രതിരോധം നേരിടാം.

അടുത്തയാഴ്ച എങ്ങനെ? : താഴ്ന്ന നിലവാരത്തിൽ നിന്നും തിരികെ കയറി എന്നത്, സ്വർണത്തിലുള്ള നിക്ഷേപക താത്പര്യത്തെ സൂചിപ്പിക്കുന്ന ഘടകമാണ്. 4,405 ഡോളർ നിലവാരത്തിന് മുകളിൽ വ്യാപാരം തുടരുന്നിടത്തോളം സ്വർണത്തിലുള്ള ട്രെൻഡ് പോസിറ്റീവായിരിക്കും. സമീപ ഭാവിയിൽ 5,045 ഡോളറിലേക്ക് വരെ ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും സപ്പോർട്ട് നിലവാരത്തിൽ നിന്നും താഴെപ്പോയാൽ വീണ്ടും വിൽപ്പന സമ്മർദം ഉയരാമെന്നതും ശ്രദ്ധിക്കുക.

വെള്ളി — ഇനിയെന്ത്?

ഈയാഴ്ചയിൽ 6.52% നേട്ടത്തോടെ 80.78 ഡോളർ നിലവാരത്തിലാണ്, രാജ്യാന്തര വിപണിയിൽ വെള്ളിയുടെ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ദുർബല തുടക്കമായിരുന്നു കിട്ടിയതെങ്കിലും വ്യാപാരം മുന്നോട്ടു പോകവേ ശക്തിയാർജിക്കുകയും മികച്ച നേട്ടം സ്വന്തമാക്കാനും കഴിഞ്ഞു. അതേസമയം ടെക്നിക്കൽ അനാലിസിസിന്റെ കാഴ്ചപ്പാടിൽ, വെള്ളിയിലെ തൊട്ടടുത്തുള്ള സപ്പോർട്ട് നിലവാരം 72.60 ഡോളറിലാണ്. ഇതിന് താഴെ 61.10 ഡോളർ നിലവാരത്തിൽ നിന്നും പിന്തുണ കിട്ടുമെന്ന് കരുതാം. എന്നാൽ മുന്നോട്ടേക്കുള്ള പ്രയാണത്തിൽ, വെള്ളിക്ക് ആദ്യം മറികടക്കേണ്ട പ്രതിരോധ കടമ്പ 84.50 ഡോളർ നിലവാരത്തിലാണുള്ളത്. ഇവിടം മറികടന്നാൽ 93.90 ഡോളറിൽ നിന്നും പ്രതിരോധം നേരിടാനുള്ള സാധ്യത നിലനിൽക്കുന്നു.

അടുത്തയാഴ്ച എങ്ങനെ? : ദുർബല തുടക്കത്തിനു ശേഷം കാഴ്ചവെച്ച പൊടുന്നനേയുള്ള കുതിച്ചുയരൽ, വെള്ളിയിൽ അന്തർലീനമായ കുതിപ്പിനെ സൂചിപ്പിക്കുന്നു. 72.60 ഡോളർ നിലവാരത്തിന് മുകളിൽ വ്യാപാരം തുടരുന്നിടത്തോളം കുതിപ്പിനുള്ള സാധ്യത നിലനിൽക്കുന്നു. 84.50 ഡോളറിലേക്ക് വില ഉയരാനുള്ള സാധ്യതയുമുണ്ട്. എന്നാൽ സപ്പോർട്ട് നിലവാരം തകർക്കപ്പെട്ടാൽ, ഹ്രസ്വകാല കൺസോളിഡേഷൻ ഘട്ടത്തിലേക്ക് വെള്ളിയിലെ വ്യാപാരം മാറിയേക്കാം.

ബ്രെന്റ് ക്രൂഡ് ഓയിൽ — ഇനിയെന്ത്?

തുടക്കം ​ഗംഭീരമായിരുന്നെങ്കിലും ഉയർന്ന നിലവാരത്തിലേക്ക് എത്തിയപ്പോൾ നേരിട്ട ശക്തമായ വിൽപ്പന സമ്മർദം കാരണം 1.95% നഷ്ടത്തോടെ 92.41 ഡോളർ നിലവാരത്തിലാണ് ബ്രെന്റ് ക്രൂഡ് ഓയിലിലെ ഈയാഴ്ച കാലയളവിലെ വ്യാപാരം പൂർത്തിയാക്കിയത്. സാങ്കേതിക വിശകലനത്തിന്റെ കാഴ്ചപ്പാടിൽ നോക്കിയാൽ, ക്രൂഡ് ഓയിലിന്റെ തൊട്ടടുത്തുള്ള സപ്പോർട്ട് നിലവാരം 86.30 ഡോളറിലാണ് ഉള്ളത്. ഇതിന് താഴെ 75.70 ഡോളറിൽ നിന്നും പിന്തുണ പ്രതീക്ഷിക്കാം. മറുവശത്ത് വീണ്ടും കുതിപ്പിനുള്ള ശ്രമം തുടരുകയാണെങ്കിൽ ആദ്യം മറികടക്കേണ്ട പ്രതിരോധം 92.40 ഡോളർ നിലവാരത്തിൽ നിന്നാണുള്ളത്. ഇതിന് മുകളിലേക്ക് വന്നാൽ 110 ഡോളർ നിലവാരവും പ്രതിരോധ കടമ്പയായി മാറിയേക്കും.

അടുത്തയാഴ്ച എങ്ങനെ? : ശക്തമായ നേട്ടത്തോടെയുള്ള തുടക്കത്തിനുശേഷം നേരിട്ട തിരിച്ചടി, ഉയർന്ന നിലവാരങ്ങളിലേക്ക് പോകാനുള്ള ക്രൂഡ് ഓയിലിന്റെ ദുർബലതയെ സൂചിപ്പിക്കുന്നു. വരുന്നയാഴ്ചയിൽ 92.40 ഡോളർ നിലവാരത്തിന് താഴെയായാണ് ക്രൂഡ് ഓയിൽ തുടരുന്നതെങ്കിൽ കൂടുതൽ വിൽപ്പന സമ്മർദം നേരിടാം. ഇത് വില 86.30 ഡോളറിലേക്ക് കൊണ്ടുചെന്നെത്തിക്കാം. എന്നാൽ തൊട്ടുമുമ്പിലുള്ള പ്രതിരോധത്തിനു മുകളിൽ നിലനിൽക്കാൻ സാധിച്ചാൽ ഹ്രസ്വകാലയളവിലേക്ക് ക്രൂഡ് ഓയിലിന് വീണ്ടും കുതിപ്പിനുള്ള ഊർജം സമ്മാനിക്കാം.

നാച്വറൽ ​ഗ്യാസ് — ഇനിയെന്ത്?

ഈ കടന്നുപോകുന്ന ആഴ്ചയിൽ 1.52% നേട്ടത്തോടെ 2.81 ഡോളറിലാണ്, രാജ്യാന്തര വിപണിയിൽ നാച്വറൽ ​ഗ്യാസിന്റെ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. നേരിയ നേട്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നിക്ഷേപകരിൽ നിന്നും വാങ്ങൽ താത്പര്യം പരിമിതപ്പെട്ടതോടെ വലിയ നേട്ടം സ്വന്തമാക്കാനുമായില്ല. അതേസമയം ടെക്നിക്കൽ അനാലിസിസ് പ്രകാരം, നാച്വറൽ ​ഗ്യാസിന്റെ തൊട്ടടുത്തുള്ള സപ്പോർട്ട് നിലവാരം 2.62 ഡോളറിലാണ് ഉള്ളത്. ഇതിന് താഴെ 2.23 ഡോളറിൽ നിന്നും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ മുന്നോട്ടേക്ക് കുതിക്കാനാണെങ്കിൽ, നാച്വറൽ ​ഗ്യാസിന് ആദ്യം മറികടക്കേണ്ട പ്രതിരോധ കടമ്പ 3.07 ഡോളറിൽ നിന്നും നേരിടാം. ഇവിടം മറികടന്നാൽ 3.50 ഡോളറിൽ നിന്നും പ്രതിരോധം ഉയരാനുള്ള സാധ്യതയുണ്ട്.

അടുത്തയാഴ്ച എങ്ങനെ? : നാച്വറൽ ​ഗ്യാസിലെ വ്യാപാരം ചെറിയ പരിധിക്കുള്ളിൽ തങ്ങിനിൽക്കുകയാണ്. ഏതെങ്കിലുമൊരു ദിശയിലേക്ക് വ്യക്തതയോടെ നീങ്ങാനുള്ള പ്രവണത കാണിക്കുന്നില്ല. 2.62 ഡോളറിന് മുകളിൽ വ്യാപാരം തുടരുന്നിടത്തോളം നാച്വറൽ ​ഗ്യാസിന് ട്രെൻഡ് പോസിറ്റീവായിയിരിക്കും. എന്നാൽ 3.07 ഡോളർ മറികടന്നാൽ ശക്തമായ കുതിപ്പിനുള്ള പുത്തനുണർവ് ലഭിച്ചേക്കും. അതേസമയം സപ്പോർട്ട് നിലവാരം തകർക്കപ്പെട്ടാൽ നാച്വറൽ ​ഗ്യാസിൽ ദുർബലത വീണ്ടും തലപൊക്കാം.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com