

പശ്ചിമേഷ്യയിലെ സംഘർഷത്തിന് ശമനമുണ്ടാകുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് നേരിട്ടതോടെ ഇന്ത്യൻ ഓഹരി വിപണി ഉണർവിലേക്ക് മടങ്ങിയെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) വീണ്ടും വാങ്ങിത്തുടങ്ങിയതും മെറ്റൽ, ഐടി, റിയാൽറ്റി ഉൾപ്പെടെ മിക്ക പ്രധാനപ്പെട്ട സെക്ടറുകളിലും നിക്ഷേപക താത്പര്യം പ്രകടമായതും വിപണിയെ നഷ്ടത്തിൽ നിന്നും കരകയറാനുള്ള വഴി തെളിച്ചുകൊടുത്തു. രൂപയുടെ വിനിമയമൂല്യം സ്ഥിരതയാർജിച്ചതും അനുകൂല ഘടകമായി. ടെക്നിക്കൽ അനാലിസിസിലൂടെ നോക്കിയാൽ, ഓവർസോൾഡ് മേഖലയിലേക്ക് എത്തിച്ചേർന്നപ്പോൾ ഉണ്ടായ ഷോർട്ട് കവറിംഗ് വിപണിയെ കരകയറാൻ സഹായിച്ചുവെന്നും വായിച്ചെടുക്കാം.
ഈ കടന്നുപോയ ആഴ്ചയിൽ പ്രധാന അടിസ്ഥാന ഓഹരി സൂചികകളിലൊന്നായ നിഫ്റ്റി 1.30% നേട്ടത്തോടെ 24,354-ലാണ് ക്ലോസ് ചെയ്തത്. വരുന്ന വ്യാപാര ആഴ്ചയിൽ (ഏപ്രിൽ 20 - 24), ഇന്ത്യൻ വിപണികൾ അവധാനപൂർവ്വം കുതിപ്പിനുള്ള പ്രവണത പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള ഘടകങ്ങൾ അനുകൂലമായതും ക്രൂഡ് ഓയിൽ വില താഴ്ന്നതും നിലവിലെ ടെക്നിക്കൽ ഘടന ശക്തമായതും വിപണിയെ ഗുണപരമായി സ്വാധീനിക്കും. അതുപോലെ യു.എസ് വിപണിയിലെ ഉണർവും താരതമ്യേന സ്ഥിരത കാണിക്കുന്ന യൂറോപ്യൻ വിപണികളും ഇന്ത്യൻ വിപണിക്ക് പ്രോത്സാഹനമേകും. എന്നിരുന്നാലും തുടർച്ചയായ രണ്ടാഴ്ച കാലയളവിൽ നേട്ടത്തോടെ നിൽക്കുന്നതിനാൽ, ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ശ്രമിക്കവേ ലാഭമെടുപ്പിനുള്ള ത്വര വിപണിയിൽ പൊങ്ങിവരാനുള്ള സാധ്യതയുണ്ടെന്നതും വിസ്മരിക്കരുത്.
എൻ.എസ്.ഇ നിഫ്റ്റി സൂചിക മുന്നേറ്റത്തിനുള്ള ശക്തമായ പ്രവണത (Positive Bias) കാണിക്കാനുള്ള സാധ്യത നിലനിർത്തുമെന്നാണ് ടെക്നിക്കൽ അനാലിസിസിൽ നിന്നും വെളിവാകുന്നത്. നിലവിൽ ഷോർട്ട്-ടേം മൂവിങ് ആവറേജ് നിലവാരങ്ങൾക്ക് മുകളിലായാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്. പ്രധാന മൊമന്റം ഇൻഡിക്കേറ്ററുകൾ മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങളും പ്രകടമാക്കുന്നു. ആഴ്ച കാലയളവിലെ ചാർട്ടിൽ (Weekly Chart) ബുള്ളിഷ് ക്യാൻഡിലാണ് കുറിച്ചിരിക്കുന്നത്. കൂടാതെ ആഴ്ച കാലയളവിലെ ഉയർന്ന നിലവാരത്തിന് തൊട്ടടുത്തായാണ് ക്ലോസിങ് രേഖപ്പെടുത്തിയിട്ടുള്ളതും. ഇവയെല്ലാം വിപണിയിലെ നിക്ഷേപക താത്പര്യത്തെ സൂചിപ്പിക്കുന്നു.
നിഫ്റ്റി സൂചിക ഓവർസോൾഡ് മേഖലയിൽ നിന്നും കരകയറുകയും ശക്തി പ്രകടമാക്കുകയും ചെയ്യുന്നു. മുകളിലേക്കുള്ള യാത്രയിൽ ഇനി ഉയരാവുന്ന നിർണായക പ്രതിരോധം 24,350 - 24,400 നിലവാരങ്ങളിൽ നിന്നാകുന്നു. ഇവിടം ശക്തിയോടെ മറികടക്കാൻ സാധിച്ചാൽ, വരുന്ന ആഴ്ചകളിൽ നിഫ്റ്റിക്ക് 25,200 നിലവാരത്തിലേക്ക് മുന്നേറാൻ കഴിയേണ്ടതാണ്. അതേസമയം വിൽപ്പന സമ്മർദം നേരിട്ടാൽ, നിർണായക പിന്തുണ പ്രതീക്ഷിക്കാവുന്ന തൊട്ടടുത്തുള്ള സപ്പോർട്ട് മേഖല 24,000 - 23,500 പരിധിയിലാണുള്ളത്. 24,000 നിലവാരം തകർക്കപ്പെട്ടാൽ നിലവിൽ കാണപ്പെടുന്ന പോസിറ്റീവ് ട്രെൻഡ് മാഞ്ഞുപോകും. മൊത്തത്തിൽ നോക്കിയാൽ, ഏതൊരു തിരുത്തൽ കാരണവും സൂചിക താഴേക്ക് വരികയാണെങ്കിൽ നിക്ഷേപക താത്പര്യം ഉടലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ കടന്നുപോകുന്ന ആഴ്ചയിൽ 1.20% നേട്ടത്തോടെ 56,566 നിലവാരത്തിലാണ് ബാങ്ക് നിഫ്റ്റി സൂചികയുടെ ക്ലോസിങ് കുറിച്ചിരിക്കുന്നത്. ബാങ്കിംഗ് ഓഹരികളിൽ മറഞ്ഞിരിക്കുന്ന ഉണർവിന്റെ സൂചനയാണിത്. മൂവിങ് ആവറേജുകളുടെ സ്ഥാനവും ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിൽ നിന്നുള്ള ലക്ഷണങ്ങളും കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ ബാങ്ക് നിഫ്റ്റി സൂചികയിലെ കുതിപ്പ് (Positive Momentum) തുടരാനുള്ള സാധ്യതയാണ് വെളിവാകുന്നത്. ഇനി മുന്നോട്ടേക്ക് നോക്കിയാൽ, ബാങ്ക് നിഫ്റ്റിയുടെ നിലവിലെ ക്ലോസിങ് പ്രകാരം, തൊട്ടടുത്ത സപ്പോർട്ട് ആയി പരിഗണിക്കാവുന്ന 56,000 നിലവാരമാണ്. ഇതിന് മുകളിൽ സൂചികയുടെ വ്യാപാരം തുടരുന്നിടത്തോളം മുന്നേറ്റത്തിനുള്ള പ്രവണത നിലനിൽക്കുകയും 57,000 നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ 56,000 നിലവാരം തകർക്കപ്പെട്ടാൽ, ഹ്രസ്വകാല തിരുത്തൽ നേരിടാനുള്ള സാധ്യതയുണ്ട്.
ഈ കടന്നുപോകുന്ന ആഴ്ചയിൽ 1.22% നേട്ടത്തോടെ 78,494 നിലവാരത്തിലാണ് സെൻസെക്സ് സൂചികയുടെ ക്ലോസിങ് രേഖപ്പെടുത്തിയത്. ഹ്രസ്വകാല ഭാവിയിലേക്ക് പോസിറ്റീവ് കാഴ്ചപ്പാടാണ് ഈ ബി.എസ്.ഇ അടിസ്ഥാന സൂചികയുടെ ടെക്നിക്കൽ അനാലിസിസിൽ നിന്നും വെളിവാകുന്നത്. മുമ്പത്തെ നിർണായക സപ്പോർട്ട് നിലവാരമായ 77,000-ന് മുകളിലായാണ് സെൻസെക്സ് ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഇതും ബുള്ളിഷ് കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന അനുകൂല ഘടകമാണ്. 77,000 നിലവാരത്തിന് മുകളിൽ സെൻസെക്സ് തുടരുന്നിടത്തോളം സൂചികയിലെ മുന്നേറ്റത്തിനുള്ള പ്രവണത നിലനിൽക്കുന്നതായിരിക്കും. മുകളിലേക്ക് തൊട്ടുമുമ്പിലുള്ള പ്രതിരോധം 80,000 നിലവാരത്തിൽ നിന്നും പ്രതീക്ഷിക്കാം. ടെക്നിക്കൽ ഇൻഡിക്കേറ്ററുകളും മൂവിങ് ആവറേജുകളും സെൻസെക്സിലെ കുതിപ്പ് തുടരാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com); സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് (Registration No: INH000023843).]
(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.)
Read DhanamOnline in English
Subscribe to Dhanam Magazine