

പശ്ചിമേഷ്യയിലെ സംഘർഷത്തിന് അറുതിവരുത്താനുള്ള സമാധാന ചർച്ചകളിൽ നിന്നും അനുകൂലഫലം കിട്ടിയതിന്റെ പശ്ചാത്തലത്തിൽ, വൻ കുതിപ്പോടെ വ്യാപാരം ആരംഭിച്ച പ്രധാനപ്പെട്ട ആഭ്യന്തര ഓഹരി സൂചികകൾക്ക് ആഴ്ചാവസാനം ഐടി സെക്ടറിൽ നേരിട്ട തളർച്ച തിരിച്ചടിയായി. എന്നിരുന്നാലും എൻ.എസ്.ഇ നിഫ്റ്റി സൂചിക 390 പോയിന്റ് (1.62%) നേട്ടം രേഖപ്പെടുത്തിയാണ് ഇക്കഴിഞ്ഞ വ്യാപാര ആഴ്ച (ജൂൺ 15-19) പിന്നിട്ടത്.
ജൂൺ 14-ന് ഒപ്പുവെച്ച ചരിത്രപരമായ യു.എസ് — ഇറാൻ സമാധാന കരാറിനെ തുടർന്ന് നിഫ്റ്റി സൂചിക 358 പോയിന്റ് (1.52%) കുതിച്ചുയർന്നാണ് ഈ കടന്നുപോകുന്ന ആഴ്ചയിൽ വ്യാപാരം തുടങ്ങിയത്. വിപണിയിലെ ശക്തമായ മുന്നേറ്റത്തോടെ 23,793 — 23,925 എന്നീ രണ്ട് ശക്തമായ പ്രതിരോധ നിലവാരങ്ങളെ (Resistance Levels) ഒറ്റയടിക്ക് മറികടക്കാനും നിഫ്റ്റിക്ക് സാധിച്ചു. വ്യാഴാഴ്ചത്തെ (ജൂൺ 18) വ്യാപാരത്തിൽ വിപണി കൂടുതൽ മുന്നേറുകയും 24,192 എന്ന റെസിസ്റ്റൻസ് മേഖല തകർക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും വെള്ളിയാഴ്ച ഐ.ടി ഓഹരികളിലുണ്ടായ കടുത്ത വിൽപന സമ്മർദ്ദം പ്രധാന സൂചികകളുടെ തുടർ കുതിപ്പിന് തടയിട്ടു.
പ്രമുഖ രാജ്യാന്തര ഐ.ടി കൺസൾട്ടിംഗ് ഭീമനായ ആക്‌സെഞ്ചർ (Accenture) തങ്ങളുടെ വാർഷിക വരുമാനത്തെ കുറിച്ചുള്ള അനുമാനം (Earnings Guidance) വെട്ടിക്കുറച്ചതാണ് ഇന്ത്യൻ ഐ.ടി ഓഹരികളെയും ഉലച്ചത്. ഇതേത്തുടർന്ന് ഇൻഫോസിസ് (-6.75%), ടി.സി.എസ് (-3.55%), എച്ച്.സി.എൽ ടെക് (-2.59%) എന്നീ പ്രമുഖ ഐ.ടി ഓഹരികൾ കനത്ത നഷ്ടം നേരിട്ടു. ഐടി മേഖലയിലെ ഈ വൻ തിരിച്ചടിക്കിടയിലും, നിഫ്റ്റി സൂചിക 24,000 എന്ന നിർണായക പ്രതിരോധ നിലവാരത്തിന് മുകളിലായി ക്ലോസ് ചെയ്തത് ആഭ്യന്തര വിപണിയുടെ കരുത്തിനെ വെളിവാക്കുന്നു.
സാങ്കേതിക സൂചകങ്ങൾ (Technical indicators) പരിശോധിക്കുമ്പോൾ, വിപണിയിലെ ഹ്രസ്വകാല നീക്കങ്ങളെ സൂചിപ്പിക്കുന്ന വേഗമേറിയ ഇ.എം.എ (Faster EMA) ഇപ്പോഴും മുകളിലായതിനാൽ വിപണിയിൽ കുതിപ്പിനുള്ള സാധ്യതയ്ക്ക് നേരിയ മുൻതൂക്കം (Slightly Bullish) ലഭിക്കുന്നു. എന്നാൽ, ട്രെൻഡിന്റെ ശക്തി അളക്കുന്ന സൂചകമായ എ.ഡി.എക്സ് സൂചിക 20-ന് താഴേക്ക് (18.56) പതിച്ചത് വിപണി വീണ്ടും ഒരു നിശ്ചിത പരിധിക്കുള്ളിലെ ഏകീകരണ (Range-bound) ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായും വിലയിരുത്താം. വരും ദിവസങ്ങളിൽ വിപണിയിലെ മൊമന്റം ഇനിയും കുറഞ്ഞാൽ സൂചികകൾ താഴേക്ക് പോകാനും സാധ്യതയുണ്ട്.
ആഭ്യന്തര സാമ്പത്തിക സൂചകങ്ങൾ: രാജ്യത്തെ ഇൻഫ്രാസ്ട്രക്ചർ മേഖലയുടെ നിർമാണ കണക്കുകൾ, എച്ച്.എസ്.ബി.സി പ്രസിദ്ധീകരിക്കുന്ന പി.എം.ഐ ഡാറ്റ, ബാങ്ക് ഡിപ്പോസിറ്റ് വളർച്ച, വിദേശനാണ്യ ശേഖരം, സമ്പദ്‌ഘടനയിലെ മൊത്തം പണലഭ്യത (M3 Money Supply) എന്നീ ഘടകങ്ങളൊക്കെ വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയുടെ ഭാവിഗതിയെ സ്വാധീനിക്കും. മുഹറം പ്രമാണിച്ച് ജൂൺ 26-ന് ഇന്ത്യൻ വിപണി അവധിയായിരിക്കും.
ആഗോള ഘടകങ്ങൾ: അമേരിക്കയുടെ ഒന്നാം പാദ ജി.ഡി.പി ഡാറ്റ (Q1 GDP), എസ്&പി സർവീസസ് ആൻഡ് മാനുഫാക്ചറിംഗ് പി.എം.ഐ, ക്രൂഡ് ഓയിൽ സംഭരണ (Inventory) റിപ്പോർട്ട് എന്നിവയും നിക്ഷേപകർ ഉറ്റുനോക്കുന്നു.
പുതിയ ഓഹരി ലിസ്റ്റിംഗുകൾ: ഐ.പി.ഒ നടപടികൾ പൂർത്തിയാക്കിയ ക്ലേ ക്രാഫ്റ്റ്, ദീക്ഷ പോളിമേഴ്‌സ്, ലീപ്ഫ്രോഗ് എഞ്ചിനീയറിംഗ്, ലയോടെക് ഇൻഡസ്ട്രീസ് എന്നീ കമ്പനികളുടെ ഓഹരികൾ ജൂൺ 24-ന് എസ്.എം.ഇ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും.
ഈ കടന്നുപോകുന്ന ആഴ്ചയിലെ വ്യാപാരത്തിനൊടുവിൽ 24,013-ലാണ് നിഫ്റ്റി ക്ലോസിങ് കുറിച്ചത്. ഇവിടെ നിന്നും സൂചിക ഇനിയും മുന്നേറാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ 24,192—24,335—24,425 എന്നീ നിലവാരങ്ങളായിരിക്കും പ്രധാന പ്രതിരോധ കടമ്പകളാകാൻ (റെസിസ്റ്റൻസ്) സാധ്യതയുള്ളത്. മറിച്ച് വിപണിയിൽ വിൽപ്പന സമ്മർദം നേരിട്ട് താഴേക്ക് ഇറങ്ങുകയാണെങ്കിൽ നിഫ്റ്റിയുടെ 23,925—23,793—23,357 എന്നീ നിലവാരങ്ങളിൽ നിന്നും പിന്തുണ (സപ്പോർട്ട്) ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
ഐ.ടി മേഖലയിൽ നേരിടുന്ന തിരിച്ചടികൾ ആഭ്യന്തര വിപണിയെ സ്വാധീനിക്കുന്നുണ്ടെങ്കിലും ആഗോള സാമ്പത്തിക-രാഷ്ട്രീയ ചലനങ്ങളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ പിന്തുണയും അടുത്ത ആഴ്ചയിലും (ജൂൺ 22-26) നിഫ്റ്റി സൂചികയെ നിർണായകമായ പ്രാരംഭ സപ്പോർട്ട് നിലവാരങ്ങൾക്ക് മുകളിൽ നിലനിർത്തുമെന്നാണ് പൊതുവായ വിലയിരുത്തൽ.
(Disclaimer: വിപണിയുടെ ഭാവിഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അംഗീകൃത അനലിസ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ മാർഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)
Read DhanamOnline in English
Subscribe to Dhanam Magazine