വരുന്നയാഴ്ച ഓഹരി വിപണി എങ്ങനെയാകും? മുന്നേറ്റത്തിനുള്ള വഴി തെളിയുമോ അതോ തിരിച്ചടി തുടരുമോ?

ആഗോള ഘടകങ്ങളും എഫ്.ഐ.ഐ വിൽപ്പന സമ്മർദവും വിപണിയെ ബാധിച്ച സാഹചര്യത്തിൽ നിഫ്റ്റി ഓവർസോൾഡ് മേഖലയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. അതിനാൽ, എന്തെങ്കിലും തരത്തിലുള്ള പോസിറ്റീവ് വാർത്തകൾ എത്തിയാൽ വിപണി ശക്തമായി തിരികെ കയറുന്നതിനുള്ള സാധ്യതയും നിലനിൽക്കുന്നു.
stock market outlook
canva
Published on

ആ​ഗോള സംഘർഷങ്ങളുടേയും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിന്റേയും വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) ഉയർത്തിയ ശക്തമായ വിൽപ്പന സമ്മർദത്തിന്റേയും പശ്ചാത്തലത്തിൽ കടന്നുപോയ വ്യാപാര ആഴ്ചയിൽ (മാർച്ച് 30 - ഏപ്രിൽ 2) കടുത്ത ചാഞ്ചാട്ടത്തിനാണ് ഇന്ത്യൻ ഓഹരി വിപണി സാക്ഷ്യംവഹിച്ചത്. ബി.എസ്.ഇയുടെ മുഖ്യ ഓഹരി സൂചികയായ സെൻസെക്സ് 0.36% താഴ്ന്ന് 73,320-ലും എൻ.എസ്.ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി 0.50% നഷ്ടത്തോടെ 22,713 നിലവാരത്തിലുമാണ് ക്ലോസിം​ഗ് കുറിച്ചത്.

മിക്ക ഓഹരി വിഭാ​ഗങ്ങളിലും തിരിച്ചടി ദൃശ്യമായി. ആഴ്ച കാലയളവിൽ ബാങ്ക് നിഫ്റ്റി സൂചികയിൽ 1.40% ഇടിവ് നേരിട്ടു. ഫാർമ, ഓട്ടോമൊബീൽ, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ ഓഹരി വിഭാ​ഗങ്ങളും നഷ്ടം രേഖപ്പെടുത്തി. അതേസമയം ഐടി, മെറ്റൽസ്, മീഡിയ, റിയാൽറ്റി തുടങ്ങിയ വിഭാ​ഗങ്ങളിൽ തെരഞ്ഞെടുത്ത ഓഹരികളിൽ നിക്ഷേപക താത്പര്യം പ്രകടമായി. ഈയൊരു പശ്ചാത്തലത്തിൽ വരുന്ന വ്യാപാര ആഴ്ചയിൽ (2026 ഏപ്രിൽ 6 - 10) ഇന്ത്യൻ ഓഹരി വിപണിയുടെ സാധ്യതകൾ എങ്ങനെയെന്ന് പരിശോധിക്കാം.

നിഫ്റ്റി — ഇനിയെന്ത്?

ടെക്നിക്കൽ അനാലിസിസ് പ്രകാരം, നിഫ്റ്റി സൂചികയിൽ തുടർന്നും ഇടിവിനുള്ള സാധ്യത പ്രകടമാക്കുന്ന ബെയറിഷ് ബയാസ് (Bearish bias) നിഴലിക്കാം. ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിൽ നിന്നുള്ള ദുർബല ലക്ഷണങ്ങളും സൂചിക പ്രധാനപ്പെട്ട ഹ്രസ്വകാല മൂവിം​ഗ് ആവറേജ് നിലവാരങ്ങൾക്ക് താഴെയായി വ്യാപാരം ചെയ്യപ്പെടുന്നതും ഇതിനോട് കൂട്ടിവായിക്കാം. എന്നിരുന്നാലും ആഴ്ച കാലയളവിലെ നിഫ്റ്റി ചാർട്ടിൽ ബുള്ളിഷ് ക്യാൻഡിലാണ് കുറിച്ചിട്ടുള്ളത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ആഴ്ച കാലയളവിലെ ചാർട്ടിൽ (weekly chart) തുടർച്ചയായി അഞ്ച് ബെയറിഷ് ക്യാൻഡിൽ തെളിഞ്ഞതിനു ശേഷമുള്ള ബുള്ളിഷ് ക്യാൻഡിലാണിത്. താഴ്ന്ന നിലവാരത്തിലേക്ക് വരുമ്പോൾ നിക്ഷേപക താത്പര്യം ജനിക്കുന്നതിന്റെ സൂചനയാണ്.

നിലവിൽ നിഫ്റ്റി സൂചിക, അർഹിച്ചതിലുമേറെ വിൽപ്പന സമ്മർദം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന ഓവർസോൾഡ് മേഖലയിലാണുള്ളത്. ആഴ്ചക്കാല ആർ.എസ്.ഐ സൂചകം 27 നിലവാരത്തിലാണ് നിൽക്കുന്നത്. മുൻകാല ചരിത്രം നോക്കിയാൽ, സമാന സാഹചര്യങ്ങളിൽ നിന്നും ശക്തമായ തിരികെകയറ്റം (Pullback rally) നടത്തിയിട്ടുള്ളതായി കാണാം. എന്തെങ്കിലും അപ്രതീക്ഷിത പോസിറ്റീവ് വാർത്തകൾ എത്തിയാൽ പ്രത്യേകിച്ചും.

നിഫ്റ്റി സൂചികയുടെ തൊട്ടടുത്ത സപ്പോർട്ട് മേഖല 22,300 - 21,750 നിലവാരത്തിലാണ്. ഇതിൽ 22,300 നിലവാരം ശക്തിയോടെ തകർക്കപ്പെട്ടാലാണ് കൂടുതൽ താഴ്ചയിലേക്ക് പോകാനുള്ള വഴിതുറക്കുകയുള്ളൂ. മറുവശത്ത് വരുന്നയാഴ്ചയിൽ 22,300 നിലവാരത്തിന് മുകളിൽ നിഫ്റ്റി സൂചികയ്ക്ക് നിലനിൽക്കാൻ സാധിച്ചാൽ സ്ഥിരതയാർജിക്കൽ (consolidation) ഘട്ടത്തിൽ തുടരാം. മുകളിലേക്ക് കുതിക്കാൻ ആദ്യം കടക്കേണ്ട പ്രധാന പ്രതിരോധ കടമ്പ 23,000 നിലവാരമാണ്. ഇതിന് മുകളിൽ നിഫ്റ്റിക്ക് തുടരാൻ സാധിച്ചാൽ വിപണി കരകയറുകയാമെന്ന് കരുതാനാകും.

ബാങ്ക് നിഫ്റ്റി — ഇനിയെന്ത്?

കടന്നുപോകുന്ന വ്യാപാര ആഴ്ചയിൽ 1.40% നഷ്ടം നേരിട്ട് 51,549 നിലവാരത്തിലാണ് ബാങ്ക് നിഫ്റ്റി സൂചിക ക്ലോസിം​ഗ് കുറിച്ചത്. ബാങ്ക് വിഭാ​ഗം ഓഹരികളിൽ നേരിടുന്ന തിരിച്ചടിയുടെ സൂചനയാണിത്. സമീപഭാവിയിലേക്കും ബാങ്ക് വിഭാ​ഗം ഓഹരികൾ നിറംമങ്ങിയ പ്രകടനം കാഴ്ചവെക്കാനുള്ള സാധ്യതയാണ് ടെക്നിക്കൽ ഇൻഡിക്കേറ്ററുകൾ സൂചിപ്പിക്കുന്നത്.

ബാങ്ക് നിഫ്റ്റി സൂചികയുടെ തൊട്ടടുത്ത പ്രതിരോധ മേഖല 52,000 നിലവാരത്തിലാണ്. ഇതു മറികടന്നു മുകളിലേക്കു പോയാൽ സൂചിക കൺസോളിഡേഷൻ ഘട്ടത്തിൽ തുടർന്നേക്കാം. 52,000-ത്തിന് മുകളിൽ നിലനിൽക്കാൻ സാധിച്ചാൽ മാത്രമാണ് ഹ്രസ്വകാല സാധ്യതകളും മെച്ചപ്പെടുകയുള്ളൂ. മറുവശത്ത് ബാങ്ക് നിഫ്റ്റി 50,000 നിലവാരം തകർക്കപ്പെട്ട് വീണാൽ കൂടുതൽ ആഴത്തിലേക്ക് പിന്തള്ളപ്പെടാം. അങ്ങനെയെങ്കിൽ ഡൗൺട്രെൻഡ് തുടരും. പിന്നീട് പിന്തുണ പ്രതീക്ഷിക്കാവുന്ന മേഖല 48,000 ആണ്.

സെൻസെക്സ് — ഇനിയെന്ത്?

ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിൽ സെൻസെക്സ് സൂചിക 0.36% താഴ്ന്ന് 73,320-ലാണ് ക്ലോസ് ചെയ്തത്. ഹ്രസ്വകാല സാധ്യതകൾ നിറംമങ്ങിയ നിലയിലാണ്. പ്രധാനപ്പെട്ട പ്രതിരോധ കടമ്പകൾ മറികടക്കാൻ സാധിക്കാതെ, താഴെയായാണ് ബി.എസ്.ഇ അടിസ്ഥാന സൂചിക വ്യാപാരം ചെയ്യുപ്പെടുന്നത്. തൊട്ടടുത്ത പ്രതിരോധ മേഖല 74,500 ആണ്. ഇതിന് താഴെ തുടരുന്നിടത്തോളം സെൻസെക്സിലെ നെ​ഗറ്റീവ് ബയാസ് തെളിഞ്ഞുനിൽക്കും. ദുർബലതയുടെ ലക്ഷണമാണിത്. മറുവശത്ത് 71,300 നിലവാരത്തിലാണ് തൊട്ടടുത്ത സപ്പോർട്ട് മേഖലയുള്ളത്. ഇവിടെ നിന്നും നിക്ഷേപക താത്പര്യം പ്രകടമാകാനുള്ള സാധ്യതയുണ്ട്.

നിക്ഷേപകർ എന്ത് ചെയ്യണം?

നിലവിലെ വിപണി സാ​ഹചര്യങ്ങൾ വിലയിരുത്തിയാൽ, ഇടിവിനുള്ള സാധ്യത നിലനിർത്തിക്കൊണ്ട് (Negative Bias), ഒരു നിശ്ചിത പരിധിക്കുള്ളിൽ (Range-bound) വ്യാപാരം നടത്താനാണ് സാധ്യത കൂടുതൽ. അതിനാൽ അനാവശ്യമായ റിസ്ക്കുകൾ ഒഴിവാക്കി നിക്ഷേപകർ ജാ​ഗ്രതാപൂർവമായ സമീപനം സ്വീകരിക്കണം. ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ സജീവമാകാം. ആ​ഗോള സൂചനകളും ക്രൂഡ് ഓയിൽ വിപണിയും സൂക്ഷ്മമായി പിന്തുടരുക.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരിൽ നിന്നും മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com