വിപണി അടുത്തയാഴ്ചയിലും മുന്നേറ്റം തുടരുമോ? ഇനി ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ എന്തൊക്കെ?

ഇ.എം.എ ക്രോസ്ഓവർ സ്ട്രാറ്റജി പ്രകാരം, ഫാ​സ്റ്റർ മൂവിങ് ആവറേജ് ഇപ്പോഴും സ്ലോവർ മൂവിങ് ആവറേജിന് മുകളിലായാണ് വ്യാപാരം ചെയ്യപ്പെടുന്നത്. അതു മാറുന്നതുവരെ ബുള്ളിഷ് ട്രെൻഡ് നിലനിൽക്കുമെന്ന് കരുതാം.
Next Week Market Analysis
Canva
Published on

തുടർച്ചയായ രണ്ടാം വ്യാപാര ആഴ്ചയിലും ഇന്ത്യൻ വിപണി നേട്ടത്തോടെ ക്ലോസിങ് രേഖപ്പെടുത്തി. എൻ.എസ്.ഇയുടെ പ്രധാന ഓഹരി സൂചികയായ നിഫ്റ്റി 303 പോയിന്റ് (1.26%) വർധനയാണ് ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയിൽ കുറിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യൻ യുദ്ധം കാരണം നേരിട്ട തിരിച്ചടിയിൽ നിന്നും 2,171 പോയിന്റ് (8.91%) തിരികെ പിടിക്കാനും നിഫ്റ്റി സൂചികയ്ക്ക് സാധിച്ചു. എന്തായാലും ഇന്ത്യൻ വിപണിയിൽ പ്രകടമായ ഉണർവ് നിക്ഷേപകർക്ക് ആശ്വാസം പകർന്നു നൽകുന്നുണ്ട്.

Nifty April 3rd Week Outlook
നിഫ്റ്റി ടെക്നിക്കൽ ചാർട്ട്

നേട്ടം പ്രതീക്ഷിക്കാമോ?

വെള്ളിയാഴ്ചത്തെ (ഏപ്രിൽ 16) വ്യാപാരത്തിനൊടുവിൽ 24,353 നിലവാരത്തിലാണ് നിഫ്റ്റിയുടെ ക്ലോസിങ് കുറിച്ചിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ വരുന്ന വ്യാപാര ആഴ്ചയിലേക്കും (ഏപ്രിൽ 20 - 24) നിഫ്റ്റി സൂചികയിൽ കുതിക്കാനുള്ള പ്രവണത കാണിക്കുന്ന ബുള്ളിഷ് ട്രെൻഡ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം, ടെക്നിക്കൽ അനാലിസിസിലുള്ള ഇ.എം.എ (Exponential Moving Average) ക്രോസ്ഓവർ സ്ട്രാറ്റജി പ്രകാരം, ഫാ​സ്റ്റർ മൂവിങ് ആവറേജ് (മുകളിൽ നൽകിയിട്ടുള്ള ചിത്രത്തിലെ Blue line) ഇപ്പോഴും സ്ലോവർ മൂവിങ് ആവറേജിന് (Green line) മുകളിലായാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

എന്നാൽ വരുന്ന ആഴ്ചയിൽ ഈ ഫാസ്റ്റർ മൂവിങ് ആവറേജ് (ബ്ലൂ ലൈൻ), സ്ലോവർ മൂവിങ് ആവറേജിന് (​ഗ്രീൻ ലൈൻ) താഴേക്ക് വീണാൽ നിഫ്റ്റി സൂചിക വീണ്ടും ബെയറിഷ് ട്രെൻഡിലേക്ക് മാറിയെന്ന് കരുതേണ്ടിവരും. അതുവരെ നിഫ്റ്റിയിൽ കുതിപ്പിനുള്ള സാധ്യത (ബുള്ളിഷ് ​സ്റ്റാൻസ്) നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാം.

വരുന്നയാഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ

1. മാർച്ച് പാദഫലം: ശ്രീറാം ഫിനാൻസ്, അദാനി ​ഗ്രീൻ, ടാറ്റ ക്യാപിറ്റൽ, എൽ.ടി.ഐ മൈൻഡ്ട്രീ, എൽ&ടി ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐ.ഡി.എഫ്.സി ഫ​സ്റ്റ് ബാങ്ക്, അതുൽ ലിമിറ്റഡ്, ചെന്നൈ പെട്രോളിയം, സുപ്രീം പെട്രോകെം തുടങ്ങിയ പ്രമുഖ കമ്പനികളുടെ 2026 ജനുവരി - മാർച്ച് സാമ്പത്തിക പാദഫലം വിപണി ഉറ്റുനോക്കുന്നു.

2. പണപ്പെരുപ്പ നിരക്ക്: യൂറോപ്യൻ യൂണിയൻ, യു.കെ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പണപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിക്കും. പശ്ചിമേഷ്യയിലെ യു​ദ്ധം കാരണം ഇന്ധനവില ഉയർന്നു നിൽക്കുന്നതിനാൽ പണപ്പെരുപ്പ നിരക്കിലും വർധന കാണിക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.

3. എഫ്.ഐ.ഐ ഡേറ്റ: വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) ഇന്ത്യൻ വിപണിയിലെ ട്രേഡിങ് ഡേറ്റ നി‌ർണായകമാണ്. ഏറെക്കാലത്തിനുശേഷം എഫ്.ഐ.ഐ ഓഹരികൾ വാങ്ങുന്ന പക്ഷത്തേക്ക് മാറിയിട്ടുണ്ട്. ഈ കടന്നുപോകുന്ന ആഴ്ചയിൽ മൂന്ന് വ്യാപാര ദിനങ്ങളിൽ എഫ്.ഐ.ഐ അറ്റവാങ്ങൽ (Net Buying) നടത്തിയിട്ടുണ്ട്. ഇതിനിടെ പശ്ചിമേഷ്യയിലെ യുദ്ധം കാരണം നേരിട്ട തിരിച്ചടിയിൽ നിന്നും യു.എസ് വിപണി പൂർണമായും കരകയറി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. റെക്കോഡ് നിലവാരവും തിരുത്തിക്കുറിച്ചു. കൂടുതൽ മുന്നേറ്റത്തിനുള്ള വെമ്പൽയു.എസ് വിപണിയിൽ പ്രകടവുമാണ്. നിലവിൽ ഇന്ത്യൻ വിപണി റെക്കോഡ് ഉയരത്തിൽ നിന്നും 8% താഴെയാണ് നിൽക്കുന്നത്.

4. പശ്ചിമേഷ്യ വാർത്തകൾ: യു.എസ് — ഇറാൻ സംഘർഷം ശമിക്കുമെന്ന പ്രതീക്ഷയിലാണ് വിപണികൾ. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ​ഗതാ​ഗതം സു​ഗമമാകുമെന്നും പ്രതീക്ഷിക്കുന്നു. എന്തായാലും പശ്ചിമേഷ്യയിൽ നിന്നുള്ള വാർത്തകൾ വിടാതെ പിന്തുടരുക.

5. പ്രധാനപ്പെട്ട നിഫ്റ്റി ലെവലുകൾ: നിലവിലെ ക്ലോസിങ് പ്രകാരം, നിഫ്റ്റി സൂചികയിൽ ഇനി സമ്മർദം നേരിട്ടാൽ പിന്തുണ ലഭിക്കാവുന്ന നിർണായക സപ്പോർട്ട് ലെവലുകൾ 24,353 — 24,192 — 23,925 എന്നിങ്ങനെയാണ്. അതുപോലെ മുന്നോട്ടേക്ക് കുതിക്കാൻ ശ്രമിക്കവേ വെല്ലുവിളി പ്രതീക്ഷിക്കാവുന്ന റെസി​സ്റ്റൻസ് ലെവലുകൾ 24,425 — 24,613 — 24,740 എന്നിങ്ങനെയുമാകുന്നു.

Disclaimer: വിപണിയുടെ ഭാവി​ഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോ​ഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അം​ഗീകൃത അനലി​സ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ​ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com