അടുത്തയാഴ്ച ഓഹരിയെണ്ണം അഞ്ചിരട്ടിയാകും; സ്പ്ലിറ്റ് ചെയ്യാൻ പോകുന്ന ഈ ഓഹരികളും ഇ.ടി.എഫുകളും കൈവശമുണ്ടോ?

വിപണി വില താഴുന്നതിലൂടെ ലിക്വിഡിറ്റിയും വ്യാപാര വ്യാപ്തിയും വർധിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഈ ഓഹരികൾക്ക് അനുകൂലമായ ഘടകമാണ്
Upcoming Stock Splits
Canva
Published on

ഓഹരി വിപണിയിൽ ലിക്വിഡിറ്റി വർധിപ്പിക്കുന്നതിനും ചെറുകിട നിക്ഷേപകരെ ആകർഷിക്കുന്നതിനുമായി ലി​സ്റ്റഡ് കമ്പനികൾ സ്വീകരിക്കുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് സ്റ്റോക്ക് സ്പ്ലിറ്റ് അഥവാ ഓഹരി വിഭജനം. വരുന്ന വ്യാപാര ആഴ്ചയിൽ (2026 ജൂൺ 29 - ജൂലൈ 3) ​രണ്ട് സ്മോൾ ക്യാപ് ഓഹരികളും രണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇ.ടി.എഫ്) സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കാൻ പോകുകയാണ്. ഇതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.

മധ്യ ഭാരത് അഗ്രോ പ്രോ‍ഡക്റ്റ്സ്

ഓസ്വാൾ ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്മോൾ ക്യാപ് കമ്പനി പ്രധാനമായും വളങ്ങളും കെമിക്കൽ ഉത്പന്നങ്ങളുമാണ് നിർമിക്കുന്നത്. ഏകദേശം 5,100 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. കഴിഞ്ഞ ദിവസം മധ്യ ഭാരത് അഗ്രോ (NSE: MBAPL) ഓഹരികൾ 577 രൂപയിലാണ് ക്ലോസിം​ഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കിയ ഈ ഓഹരി, അടുത്തയാഴ്ച 10:2 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യും.

അതായത് ഇപ്പോൾ 10 രൂപ മുഖവിലയുള്ള ഒരു മധ്യ ഭാരത് അഗ്രോ ഓഹരി, 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറ്റപ്പെടും. ഇതിനായുള്ള എക്സ്-സ്പ്ലിറ്റ് തീയതിയും റെക്കോഡ് തീയതിയും 2026 ജൂലൈ 03 ആണ്. ചെറിയ തോതിലാണെങ്കിലും നിക്ഷേപകർക്ക് മുടക്കമില്ലാതെ ഡിവി‍ഡന്റ് നൽകുന്ന പതിവുള്ള മധ്യ ഭാരത് അഗ്രോ ഓഹരി ‌2022-ലും 2023-ലും നിക്ഷേപകർക്ക് 1:1 അനുപാതത്തിൽ ബോണസ് ഷെയർ നൽകിയിട്ടുണ്ട്.

കൃഷ്ണ ഫോസ്കെം

2004-ൽ സ്ഥാപിതമായ ഈ സ്മോൾ ക്യാപ് കമ്പനി 'അന്നദാത', 'ഭാരത്' എന്നീ ബ്രാൻഡുകളിൽ രാസവളങ്ങൾ വിപണിയിലെത്തിക്കുന്നു. ഏകദേശം 4,400 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. കഴിഞ്ഞ ദിവസം കൃഷ്ണ ഫോസ്കെം (NSE: KRISHANA) ഓഹരികൾ 725 രൂപയിലാണ് ക്ലോസിം​ഗ് കുറിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 40 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കിയ ഈ ഓഹരി അടുത്തയാഴ്ചയിൽ 10:2 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യുന്നതായിരിക്കും.

അതായത് നിലവിൽ 10 രൂപ മുഖവിലയുള്ള ഒരു കൃഷ്ണ ഫോസ്കെം ഓഹരി, 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കപ്പെടും. ഇതിനായുള്ള എക്സ്-സ്പ്ലിറ്റ് തീയതിയും റെക്കോഡ് തീയതിയുമായി ജൂലൈ 03 നിശ്ചയിച്ചു. നേരിയ തോതിലാണെങ്കിൽപോലും നിക്ഷേപകർക്ക് മുടങ്ങാതെ ഡിവി‍ഡന്റ് നൽകുന്ന പതിവുള്ള കൃഷ്ണ ഫോസ്കെം ഓഹരി ‌2023 ഒക്ടോബറിൽ 1:1 അനുപാതത്തിൽ ബോണസ് ഷെയർ കൈമാറിയിരുന്നു.

ഇ.ടി.എഫ് സ്പ്ലിറ്റുകൾ

ഓഹരികൾക്ക് പുറമെ ഡി.എസ്.പി മ്യൂച്വൽ ഫണ്ടിന്റെ രണ്ട് ഇ.ടി.എഫ് (ETF) യൂണിറ്റുകളും അടുത്തയാഴ്ച സ്പ്ലിറ്റിന് വിധേയമാകുന്നുണ്ട്.

  • ഡി.എസ്.പി നിഫ്റ്റി ഹെൽത്ത്കെയർ ഇ.ടി.എഫ് — നിലവിൽ 160.91 രൂപ നെറ്റ് അസറ്റ് വാല്യു (NAV) ഉള്ള ഈ ഫണ്ടിന്റെ യൂണിറ്റുകൾ 10:1 എന്ന അനുപാതത്തിലാണ് സ്പ്ലിറ്റ് ചെയ്യുന്നത്. ഇതോടെ 10 രൂപ മുഖവിലയുള്ള ഒരു യൂണിറ്റ് 1 രൂപ മുഖവിലയുള്ള 10 യൂണിറ്റുകളായി മാറും.

  • ഡി.എസ്.പി നിഫ്റ്റി മിഡ്ക്യാപ്-150 ക്വാളിറ്റി 50 ഇ.ടി.എഫ് — നിലവിലെ എൻ.എ.വി 248.41 രൂപയാണ്. ഇതും 10:1 എന്ന അനുപാതത്തിൽ വിഭജിച്ച് മുഖവില 10 രൂപയിൽ നിന്ന് 1 രൂപയായി താഴ്ത്തും. ചെറുകിട നിക്ഷേപകർക്ക് കുറഞ്ഞ തുകയ്ക്ക് കൂടുതൽ എണ്ണം ഇ.ടി.എഫ് യൂണിറ്റുകൾ വാങ്ങാൻ ഇത് സഹായിക്കും.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com