അടുത്തയാഴ്ച ഓ​ഹരിയെണ്ണം പത്തിരട്ടിയായി വർധിക്കും; ഈ മൈക്രോ ക്യാപ് ഓഹരി കൈവശമുണ്ടോ?

ഇക്കഴിഞ്ഞ ഡിസംബർ 8ന് ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർ‍ഡ് യോ​ഗത്തിലായിരുന്നു ഓഹരിയുടെ സ്പ്ലിറ്റ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 10:1 അനുപാതത്തിലാണ് ​സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുക.
stock split news
canva
Published on

ഓഹരിയുടെ ലിക്വിഡിറ്റി വർധിപ്പിക്കുക മുതൽ ഷെയർഹോൾഡേഴ്സിന്റെ അടിത്തറ വിശാലമാക്കുക എന്നുവരെയുള്ള വിവിധ ഉദ്ദേശ്യങ്ങളോടെ ഒരു ലി​സ്റ്റഡ് കമ്പനി നടത്തുന്ന പ്രധാന കോർപറേറ്റ് നടപടികളിലൊന്നാണ് ​സ്റ്റോക്ക് സ്പ്ലിറ്റ്. ഓഹരിയുടെ മുഖവില (ഫേസ് വാല്യൂ) നിശ്ചിത അനുപാതത്തിൽ താഴ്ത്തുന്ന നടപടിയാണിത്. ഇത്തരത്തിൽ വരുന്നയാഴ്ചയിൽ സ്റ്റോക്ക് സ്പ്ലിറ്റ് പ്രഖ്യാപിച്ചിട്ടുള്ള ഒമേ​ഗ ഇന്ററാക്ടീവ് ടെക്നോളജീസ് എന്ന ഓഹരിയുടെ വിശദാംശങ്ങളും നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവ​രങ്ങളും ചുവടെ ചേർക്കുന്നു.

ഒമേ​ഗ ഇന്ററാക്ടീവ് ടെക്നോളജീസ്

ഐടി സെക്ടറിൽ പ്രവർത്തിക്കുന്ന മൈക്രോ ക്യാപ് കമ്പനിയാണ് ഒമേ​ഗ ഇന്ററാക്ടീവ് ടെക്നോളജീസ് ലിമിറ്റഡ് (BSE: 511644). ഏറെക്കാലം ബിസിനസ്സൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന ഈ കമ്പനി സമീപകാലത്തായി വരുമാനവും ലാഭവുമൊക്കെ രേഖപ്പെടുത്തുന്നുണ്ട്. സെപ്റ്റംബർ പാ​ദത്തിൽ കമ്പനിയുടെ വരുമാനം 19.45 കോടിയും അറ്റാദായം 1.88 കോടിയും വീതമാണ്. നിലവിൽ പ്രൊമോട്ടറുടെ കൈവശം കമ്പനിയുടെ 24.2 ശതമാനം ഓഹരി വിഹിതമേയുള്ളൂ. കഴിഞ്ഞ ദിവസം 513 രൂപ നിലവാരത്തിലാണ് ഒമേ​ഗ ഇന്ററാക്ടീവ് ടെക്നോളജീസ് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഓഹരിയിൽ 400 ശതമാനത്തിലേറെ മുന്നേറ്റം കുറിച്ചിട്ടുണ്ട്.

സ്റ്റോക്ക് സ്പ്ലിറ്റ് 10:1

ഇക്കഴിഞ്ഞ ഡിസംബർ 8ന് ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർ‍ഡ് യോ​ഗത്തിലായിരുന്നു ഒമേ​ഗ ഇന്ററാക്ടീവ് ടെക്നോളജീസ് ഓഹരിയുടെ സ്പ്ലിറ്റ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 10:1 അനുപാതത്തിലാണ് ​സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുക. ഇതോടെ നിലവിൽ 10 രൂപ മുഖവിലയുള്ള ഒരു ഒമേ​ഗ ഇന്ററാക്ടീവ് ടെക്നോളജീസ് ഓഹരി ഒരു രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കപ്പെടുമെന്ന് സാരം. ഇതിനായുള്ള റെക്കോഡ് തീയതിയും സ്പ്ലിറ്റ് ഓഹരിയുടെ വിപണി വിലയിൽ പ്രതിഫലിക്കുന്ന എക്സ്-സ്പ്ലിറ്റ് തീയതിയുമായി 2026 ഫെബ്രുവരി 6 നിശ്ചയിച്ചു.

ഓഹരിയിലെ മാറ്റം എങ്ങനെ?

പ്രഖ്യാപിച്ചതുപോല 10:1 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യുന്ന നടപടി പൂർത്തിയാകുമ്പോൾ ഒമേ​ഗ ഇന്ററാക്ടീവ് ടെക്നോളജീസ് ഓഹരിയുടെ മൊത്തം എണ്ണം പത്ത് മടങ്ങായി വർധിക്കും. നിർദിഷ്ട റെക്കോഡ് തീയതിയിൽ ഒമേ​ഗ ഇന്ററാക്ടീവ് ടെക്നോളജീസ് ഓഹരി കൈവശമുള്ളവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അതേസമയം ഓഹരിയുടെ വിപണി വില എക്സ്-സ്പ്ലിറ്റ് തീയതിയിൽ പത്തിലൊന്നായി താഴും.

ഉദ്ദാഹരണത്തിന് 513 രൂപയാണ് തൊട്ടുതലേദിവസം രേഖപ്പെടുത്തിയ ക്ലോസിങ് വിലയെങ്കിൽ, എക്സ്-സ്പ്ലിറ്റ് തീയതിയുടെ അന്ന് രാവിലെ 51.3 രൂപയിലാകും ഓഹരിയുടെ വ്യാപാരം പുനരാരംഭിക്കുക. അതായത് നിക്ഷേപകന്റെ കൈവശമുള്ള ഒമേ​ഗ ഇന്ററാക്ടീവ് ടെക്നോളജീസ് ഓഹരിയുടെ മൊത്തം വിപണി മൂല്യത്തിൽ സ്പ്ലിറ്റ് നടപടിയിലൂടെ പ്രാഥമികമായി മാറ്റമുണ്ടാകുന്നില്ലന്ന് സാരം.

പിന്നെ നിക്ഷേപകർക്കുള്ള നേട്ടമെന്ത്?

​സ്റ്റോക്ക് സ്പ്ലിറ്റ് നടപടിയിലൂടെ ഓഹരിയുടെ വിപണി വില താഴുന്നതിനാൽ കൂടുതൽ റീട്ടെയിൽ നിക്ഷേപകർക്ക് താങ്ങാനാകുന്ന നിലയിലേക്ക് എത്തിച്ചേരും. ഒരേതുകയിൽ കൂടുതൽ എണ്ണം ഓഹരികളും വാങ്ങാനാകും. ഇതിന് പുറമെ ​സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരിയുടെ കൈമാറ്റവും സു​ഗമമാകും. കമ്പനിയുടെ ബിസിനസ് പ്രകടനം സ്ഥിരതയാർന്ന നിലയിൽ കാഴ്ചവെച്ചാൽ ആ ഓഹരിയിൽ സ്വാഭാവികമായൊരു ഡിമാൻഡ് സൃഷ്ടിക്കപ്പെടാം. ഇതു ഓഹരി വില ക്രമേണ ഉയരുന്നതിലേക്ക് നയിക്കാം. അങ്ങനെയെങ്കിൽ നിക്ഷേപകർക്ക് മൂലധന വർധനയിലൂടെയുള്ള നേട്ടം കൈവരാനുള്ള സാധ്യത ഉരുത്തിരിയുന്നതാണ്.

Disclaimer:

മേൽസൂചിപ്പിച്ച ഓഹരിയെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇതു നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com