24,000 ലെവൽ തകർന്ന് നിഫ്റ്റി: എ.ഡി.എക്‌സ് നൽകുന്ന സൂചനയെന്ത്? വിപണി ഇനിയും താഴേക്കോ?

നിഫ്റ്റി നാലാം ആഴ്ചയും നഷ്ടം രേഖപ്പെടുത്തി 24,000-ന് താഴെ ക്ലോസ് ചെയ്തു; എ.ഡി.എക്സ് 20 നിലവാരം മറികടന്നത്, വിപണിയിലെ ട്രെൻഡ് കൂടുതൽ ശക്തമാകുന്നതിന്റെ സൂചന നൽകുന്നു
Stock Market Weekly Analysis
പ്രതീകാത്മക ചിത്രംImage Source: Canva
Published on

ഈ കടന്നുപോയ വ്യാപാര ആഴ്ചയിൽ (ഓഗസ്റ്റ് 31 – സെപ്റ്റംബർ 4) ഇന്ത്യൻ ഓഹരി വിപണിയിലെ പ്രധാന ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി (Nifty 50), തുടർച്ചയായ നാലാം ആഴ്ചയിലും നഷ്ടം രേഖപ്പെടുത്തി. ആഴ്ച കാലയളവിൽ 277 പോയിന്റ് (-1.15%) ഇടിവ് നേരിട്ട നിഫ്റ്റി സൂചിക, 24,000 എന്ന വളരെ നിർണായക ലെവലിനും താഴെയായാണ് ക്ലോസിങ് കുറിച്ചത്.

കഴിഞ്ഞ ആറ് ആഴ്ചകളായി കാത്തുസൂക്ഷിച്ച ഈ പ്രധാന സപ്പോർട്ട് ലെവൽ തകർന്നത്, ആഭ്യന്തര വിപണിയെ സംബന്ധിച്ചും വൻ തിരിച്ചടിയായി. കൂടാതെ വിപണിയിൽ ഉരുത്തിരിയുന്ന ട്രെൻഡിന്റെ കരുത്ത് അളക്കുന്ന പ്രധാന ടെക്നിക്കൽ ഇൻഡിക്കേറ്ററായ ആവറേജ് ഡയറക്ഷണൽ ഇൻഡെക്സ് (ADX), 12 ആഴ്ചകൾക്ക് ശേഷം 20 എന്ന നിലവാരത്തിന് മുകളിലെത്തി (20.44). നിഫ്റ്റി സൂചിക വീണതിനൊപ്പം എ.ഡി.എക്സ് ഇൻഡിക്കേറ്റർ 20-ന് മുകളിലെത്തിയതും കൂട്ടിവായിക്കുമ്പോൾ വിപണിയിൽ ബെയറുകൾ (Bears) പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാകുന്നു.

എന്തുകൊണ്ട് എ.ഡി.എക്‌സ് പ്രധാനം?

കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു നിശ്ചിത പരിധിക്കുള്ളിൽ (Sideways) മാത്രം ഒതുങ്ങിനിന്നിരുന്ന വിപണിയിൽ, എ.ഡി.എക്‌സ് സൂചിക 20 എന്ന ലെവൽ മറികടന്നത്, വരുന്ന ദിവസങ്ങളിൽ ഇടിവിന്റെ ആക്കം കൂട്ടിയേക്കാം എന്നതിന്റെ സൂചനയാണ്. ഇതിനൊപ്പം പ്രധാന ഹെവിവെയ്റ്റ് ഓഹരികളിൽ (Heavyweight stocks) ഭൂരിഭാഗവും വർഷകാലയളവിലെ താഴ്ന്ന നിലവാരത്തിലാണ് (Yearly Lows) വ്യാപാരം ചെയ്യപ്പെടുന്നത്.

എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ടി.സി, ​ഹിന്ദുസ്ഥാൻ യൂണിലിവർ, ടി.സി.എസ്, ഇൻഫോസിസ് തുടങ്ങിയ ഹെവിവെയിറ്റ് ഓഹരികളിൽ ശക്തമായ തിരിച്ചുവരവ് ഉണ്ടായാൽ മാത്രമേ നിഫ്റ്റി സൂചികയ്ക്ക് വീണ്ടും 24,000 എന്ന ലെവൽ തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂ.

പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് ലെവലുകൾ

വരുന്ന വ്യാപാര ആഴ്ചയിൽ (സെപ്റ്റംബർ 7-11) വിപണിയെ (നിഫ്റ്റി) സ്വാധീനിക്കുന്ന പ്രധാന ട്രേഡിംഗ് നിലവാരങ്ങൾ:

  • സപ്പോർട്ട് നിലവാരങ്ങൾ -------► 23,925—23,793—23,357.

  • റെസിസ്റ്റൻസ് നിലവാരങ്ങൾ -------► 24,192—24,335—24,425.

Nifty Weekly Technical Chart
നിഫ്റ്റി ടെക്നിക്കൽ ചാർട്ട്Special Arrangement

വിപണിയെ സ്വാധീനിക്കാവുന്ന ഘടകങ്ങൾ

വരുന്ന ദിവസങ്ങളിൽ വിപണിയുടെ ദിശ നിർണയിക്കുന്ന പ്രമുഖ ആഭ്യന്തര-ആഗോള ഘടകങ്ങൾ (Data Triggers) ചുവടെ ചേർക്കുന്നു:

  • ആഭ്യന്തര ഘടകങ്ങൾ: മ്യൂച്വൽ ഫണ്ട് നിക്ഷേപ കണക്കുകൾ, വിദേശനാണ്യ ശേഖരം (FX Reserves), ഉപഭോക്തൃ വിലക്കയറ്റ നിരക്ക് (CPI Inflation) എന്നിവ നിക്ഷേപകർ ഉറ്റുനോക്കും.

  • ആഗോള ഘടകങ്ങൾ: ജപ്പാൻ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള ജി.ഡി.പി വിവരങ്ങൾ, യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പലിശനിരക്ക് തീരുമാനം, യു.എസിൽ നിന്നുള്ള പി.പി.ഐ, സി.പി.ഐ, ക്രൂഡ് ഓയിൽ ശേഖരം എന്നിവ സംബന്ധിച്ച ഡാറ്റകൾ വിപണിയുടെ ചലനങ്ങളെ സ്വാധീനിക്കുന്നതാണ്.

പുതിയ ഐ.പി.ഒ ലിസ്റ്റിംഗുകൾ

സെപ്റ്റംബർ 7-ന് ശാന്തി ഇൻഓർഗാനിക്സ് (Shanti Inorganics), ഫൈകെം ടെക്നോളജീസ് (Phychem Technologies), അശുതോഷ് ഫൈബർ (Ashutosh Fibre), പർപ്പിൾ സ്റ്റൈൽ ലാബ്സ് (Purple Style Labs) എന്നിവ ലിസ്റ്റ് ചെയ്യും. തുടർന്ന് സെപ്റ്റംബർ 8-ന് ഫ്ലൈ ഹൈ മാരിടൈം ട്രാവൽസ് (Fly Hi Maritime Travels), ഫാം പീസ് (Farm Peace), റേയ്സ് ഓഫ് ബിലീഫ് (Rays of Belief), ദീപ ജ്വല്ലേഴ്സ് (Deepa Jewellers) എന്നീ കമ്പനികളും വിപണിയിൽ വ്യാപാരം ആരംഭിക്കും.

നിഫ്റ്റി സൂചിക ആറ് ആഴ്ചയോളം നിലനിർത്തിയ പ്രധാന സപ്പോർട്ട് നിലവാരം തകർന്ന പശ്ചാത്തലത്തിൽ ഇനിയുള്ള ദിവസങ്ങളിൽ കരുതലോടെയുള്ള നിക്ഷേപ സമീപനമാണ് അഭികാമ്യം. ഹെവിവെയ്റ്റ് ഓഹരികളുടെ തുടർ നീക്കങ്ങൾ വിപണിയുടെ ഭാവി​ഗതി നിർണയിക്കും.

(Disclaimer: വിപണിയുടെ ഭാവി​ഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോ​ഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അം​ഗീകൃത അനലി​സ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ​ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com