ഇന്ത്യൻ വിപണി വീണ്ടും പോസിറ്റീവ് ട്രാക്കിൽ! നിഫ്റ്റി 23,300 കടന്നാൽ മുന്നേറ്റത്തിന് കരുത്തേറും?

നിഫ്റ്റി 23,300–23,350 പ്രതിരോധമേഖല മറികടക്കുമോ? ബാങ്കുകളുടെ പാദഫലങ്ങളും ആഗോള ഘടകങ്ങളും ഇന്ത്യൻ വിപണിയെ എങ്ങനെ സ്വാധീനിക്കും? അടുത്ത ആഴ്ചയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
Stock market next week analysis
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ഒക്ടോബർ 16-ന് അവസാനിച്ച വ്യാപാര ആഴ്ചയിൽ ശക്തമായ മുന്നേറ്റത്തോടെയാണ് എൻ.എസ്.ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി-50 ക്ലോസിങ് കുറിച്ചത്. ശരാശരിയേക്കാൾ ഉയർന്ന വോളിയത്തോടെ (ഇടപാടുകളുടെ എണ്ണം) 0.65 ശതമാനം നേട്ടമുണ്ടാക്കിയ നിഫ്റ്റി സൂചിക 23,146 പോയിന്റിലാണ് വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 23-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന ക്ലോസിംഗ് ആണിത്.

149 പോയിന്റിന്റെ ഈ ഉയർച്ചയോടെ തുടർച്ചയായ രണ്ടാം സെഷനിലും നേട്ടം നിലനിർത്തിയ നിഫ്റ്റി സൂചിക, ഈ കടന്നു പോകുന്ന വ്യാപാര ആഴ്ചയിൽ 2.78 ശതമാനം എന്ന മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2026 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ പ്രതിവാര പ്രകടനവുമാണിത്. ഇതിലൂടെ കഴിഞ്ഞ എട്ട് ആഴ്ചകളായി വിപണിയിൽ തുടർച്ചയായി രൂപപ്പെട്ട ഇടിവിന്റെ ട്രെൻഡ് (Lower highs and lower lows) വിജയകരമായി ഭേദിക്കാൻ നിഫ്റ്റി സൂചികയ്ക്ക് സാധിച്ചു.

ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിലെ പോസിറ്റീവ് മാറ്റങ്ങൾ

തുടക്കത്തിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷവും ഒക്ടോബർ 16-ന് വിപണിയിൽ പൂർണ നിയന്ത്രണം നിലനിർത്താൻ ബുള്ളുകൾക്ക് (മുന്നേറ്റത്തിന് ശ്രമിക്കുന്നവർ) കഴിഞ്ഞു. അതീവ സുപ്രധാനമായ 23,000 നിലവാരത്തിന് മുകളിൽ ദിവസം മുഴുവൻ നിലയുറപ്പിച്ച നിഫ്റ്റി സൂചിക, താഴേത്തട്ടിൽ ശക്തമായ വാങ്ങൽ താല്പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന 'ലോംഗ് ലോവർ ഷാഡോ' ബുള്ളിഷ് ക്യാൻഡിൽ രൂപപ്പെടുത്തി. മുൻപ് 24,774-ൽ നിന്ന് 22,180 ലേക്ക് ഇടിഞ്ഞതിന്റെ 38.2 ശതമാനം ഫിബൊനാച്ചി റിട്രേസ്‌മെന്റ് (Fibonacci retracement) നിലവാരമായ 23,173-ന് തൊട്ടടുത്തേക്ക് എത്താനും സൂചികയ്ക്കായി.

  • 10-ഡേ, 20-ഡേ (day) എക്സ്പോണൻഷ്യൽ മൂവിംഗ് ആവറേജുകൾക്ക് (EMA) മുകളിലാണ് നിഫ്റ്റി ഇപ്പോഴുള്ളത്. കൂടാതെ ബോളിഞ്ചർ ബാൻഡിന്റെ മിഡ്‌‍ലൈനിന് മുകളിലും സൂചിക നിലയുറപ്പിച്ചു.

  • ആർ.എസ്.ഐ (RSI) പോസിറ്റീവ് ക്രോസ്ഓവറോടെ 50 കടന്ന് 52.81-ലേക്ക് ഉയർന്നു. എം.എ.സി.ഡി (MACD) പോസിറ്റീവ് നിലവാരത്തിൽ സീറോ ലൈനിന് അടുത്തേക്ക് നീങ്ങുന്നു.

  • എങ്കിലും നിഫ്റ്റി ഇപ്പോഴും 50-ഡേ, 200-ഡേ ഇ.എം.എ നിലവാരങ്ങൾക്ക് താഴെ വ്യാപാരം നടത്തുന്നതിനാൽ വിപണിയുടെ ഇടക്കാല-ദീർഘകാല ഘടനയിൽ ഇപ്പോഴും ബെയറിഷ് സ്വാധീനം അവശേഷിക്കുന്നുണ്ടെന്നും അനലിസ്റ്റുകൾ സൂചിപ്പിച്ചു.

അടുത്ത ആഴ്ചയിലെ നിർണായക നിലവാരങ്ങൾ

നിഫ്റ്റിയുടെ തൊട്ടുമുമ്പിലുള്ള കടുത്ത പരീക്ഷണം 23,300–23,350 നിലവാരത്തിലാണ് കാത്തിരിക്കുന്നത്. 50-ഡേ ഇ.എം.എയും സെപ്റ്റംബർ 24-ലെ ബെയറിഷ് ​ഗ്യാപ്പും (Bearish gap) ഒത്തുചേരുന്ന മേഖലയാണിത്. ഇത് ശക്തിയുക്തം മറികടന്നാൽ മാത്രമേ സൂചികയ്ക്ക് 23,600–23,700 ലെവലുകളിലേക്ക് പുതിയ മുന്നേറ്റം നടത്താനാകൂ. ഒക്ടോബറിലെ താഴ്ന്ന നിരക്കായ 22,180-ൽ നിന്ന് ഏകദേശം 1,000 പോയിന്റ് തിരിച്ചുപിടിച്ചതോടെ പ്രധാന സപ്പോർട്ട് ബേസ് 22,800–22,900 ലേക്ക് ഉയർന്നിട്ടുണ്ട്. 22,550–22,600 ആണ് താഴെയുള്ള മറ്റൊരു സുപ്രധാന സപ്പോർട്ട് എന്നും അനലിസ്റ്റുകൾ വ്യക്തമാക്കി.

വിപണിയുടെ ഹ്രസ്വകാല ഘടന തികച്ചും അനുകൂലമാണെന്നും 'ബൈ ഓൺ ഡിപ്സ്' (Buy-on-dips) സമീപനമാണ് ഉചിതമെന്നും കൊട്ടക് നിയോയുടെ മാർക്കറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചു. 23,000/22,800 എന്നിവ സപ്പോർട്ടുകളായും, 23,300/23,500 എന്നിവ പ്രധാന പ്രതിരോധങ്ങളായും പ്രവർത്തിക്കും. 22,800 നിലവാരം തകർന്നാൽ ട്രേഡർമാർ ലോംഗ് പൊസിഷനുകൾ ഒഴിവാക്കണമെന്നും കൊട്ടക് നിയോയുടെ റിസർച്ച് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന സംഭവങ്ങൾ

ദസറ അവധി കാരണം അടുത്ത വ്യാപാര ആഴ്ചയിൽ (ഒക്ടോബർ 19-23) നാല് ട്രേഡിങ് സെഷനുകൾ മാത്രമേ ഉണ്ടാകൂ എന്നതിനാൽ പുതിയ വാർത്തകൾക്ക് ഇരട്ടി പ്രാധാന്യമുണ്ടാകും. ഒക്ടോബർ 17-ന് പുറത്തുവന്ന എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ സാമ്പത്തിക ഫലങ്ങൾ തിങ്കളാഴ്ച (ഒക്ടോബർ 19) വിപണിയുടെ പ്രാരംഭ ചലനങ്ങളെ സ്വാധീനിക്കും. തുടർന്ന് ബജാജ് ഫിനാൻസ്, എറ്റേണൽ, സ്വിഗ്ഗി, ഇൻഫോസിസ്, ഡോ. റെഡ്ഡീസ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ രണ്ടാം പാദഫലങ്ങളും അടുത്ത ആഴ്ചയിൽ പുറത്തുവരാനുണ്ട്.

ഒക്ടോബർ 21 മുതൽ 23 വരെ നടക്കുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ മെ​ഗാ ഐ.പി.ഒ, വിപണിയിലെ പണലഭ്യതയെ (ലിക്വിഡിറ്റി) വലിയ തോതിൽ ആകർഷിക്കാൻ സാധ്യതയുണ്ട്. വിദേശ നിക്ഷേപകരുടെ (FII) തുടർച്ചയായ വാങ്ങലുകളും, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയുടെ ചലനങ്ങളും വിപണിയുടെ തുടർ കുതിപ്പിന് കരുത്തേകും. ചുരുക്കത്തിൽ നിഫ്റ്റി 23,000 തിരിച്ചുപിടിച്ചെങ്കിലും 23,300–23,350 റേഞ്ച് മറികടക്കുന്നതിലായിരിക്കും വിപണിയുടെ അടുത്തഘട്ടത്തിലെ പ്രയാണത്തിനുള്ള ​ദിശ നിശ്ചയിക്കപ്പെടുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Nifty 50 gained 2.78% during the week ended October 16, 2026, with the 23,300–23,350 resistance zone, upcoming earnings and global cues likely to shape the next market move.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com