ഡെമോക്രാറ്റിക് മുന്നേറ്റവും എഐ ആശങ്കയും; ഇന്ത്യൻ ഐടി ഓഹരികളിൽ വീണ്ടും തിരിച്ചടി; ​​​​​ഈ കഷ്ടകാലം എന്ന് മാറും?

ആഗോള എഐ നിക്ഷേപത്തെക്കുറിച്ചുള്ള ആശങ്കയും യു.എസ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മാറ്റങ്ങളും ഇന്ത്യൻ ഐടി ഓഹരികളിൽ വിൽപന സമ്മർദം വർധിപ്പിച്ചു
IT stocks crash today reasons
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ആഗോള വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിക്ഷേപത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നതിനിടെ ഇന്ത്യൻ ഐടി ഓഹരികളിലും വിൽപന സമ്മർദം. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ നിലവിലെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ വൻ മുന്നേറ്റം എഐ കമ്പനികൾക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്ന ആശങ്ക കൂടി ഉയർത്തിയതോടെ നിക്ഷേപകർ കൂടുതൽ ജാഗ്രതയിലായി. ആഗോള ടെക്നോളജി ഓഹരികളിലെ തളർച്ചയ്ക്കൊപ്പം എഐ മേഖലയിലെ നിക്ഷേപത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും ഇന്ത്യൻ ഐടി സെക്ടറിനെ പ്രതികൂലമായി ബാധിച്ചുവെന്നും അനലിസ്റ്റുകൾ വിലയിരുത്തുന്നു.

നിഫ്റ്റി ഐടിയിൽ 2% ഇടിവ്

തുടർച്ചയായ അഞ്ചാം വ്യാപാര ദിനത്തിലും ആഭ്യന്തര വിപണി മുന്നേറുന്നതിനിടെയാണ് ഐടി ഓഹരികൾ നിറംമങ്ങിപ്പോയത്. ബുധനാഴ്ചത്തെ (നവംബർ 4) വ്യാപാരത്തിനിടെ ഒരുഘട്ടത്തിൽ നിഫ്റ്റി ഐടി സൂചികയിൽ 2.5 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. സൂചികയിലെ പത്ത് ഓഹരികളിൽ ഒൻപതും നഷ്ടത്തിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ടി.സി.എസാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. ഓഹരിവില മൂന്ന് ശതമാനം ഇടിഞ്ഞു.

ഇൻഫോസിസും എംഫസിസും രണ്ട് ശതമാനത്തിലധികം താഴ്ന്നു. വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, കോഫോർജ്, ടെക് മഹീന്ദ്ര എന്നിവയും ഒന്ന് മുതൽ രണ്ട് ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ഏഷ്യൻ വിപണികളിലെ പ്രധാന സൂചികകൾ ആറു മാസത്തെ താഴ്ന്ന നിലയിലേക്ക് വീണതും ഇന്ത്യൻ ഐടി ഓഹരികളിലെ വിൽപന സമ്മർദം വർധിപ്പിച്ചു.

എന്തുകൊണ്ട് ഐടി ഇടിഞ്ഞു?

  • എഐ ആശങ്ക ഇന്ത്യയിലേക്കും: ആഗോള എഐ, സെമികണ്ടക്ടർ ഓഹരികളിലെ ഇടിവ് ഡാറ്റ സെന്ററുകൾ ഉൾപ്പെടെയുള്ള എഐ അടിസ്ഥാന സൗകര്യങ്ങളിലെ വൻ നിക്ഷേപം എത്രത്തോളം സുസ്ഥിരമാണെന്ന ചോദ്യമുയർത്തുന്നു. ടെക്നോളജി കമ്പനികളുടെ മൂലധനച്ചെലവിടലിൽ (Capex) കുറവുണ്ടായാൽ അതിന്റെ പ്രത്യാഘാതം ഇന്ത്യൻ ഐടി സേവനദാതാക്കളിലേക്കും വ്യാപിക്കാം. ആഗോള എഐ ഓഹരികളിലെ തളർച്ച ഇന്ത്യൻ ഐടി കമ്പനികൾക്ക് സ്വാഭാവികമായി നേട്ടമാകണമെന്നില്ലെന്നാണ് അനലിസ്റ്റകളുടെ വിലയിരുത്തൽ. ആഗോള ടെക്നോളജി നിക്ഷേപത്തിന്റെ വേഗം കുറയുന്നതിന്റെ സൂചനയായും ഈ ഇടിവിനെ കാണണം.

  • ഡെമോക്രാറ്റിക് മുന്നേറ്റം: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ലഭിക്കുന്ന രാഷ്ട്രീയ മുന്നേറ്റം, എഐ കമ്പനികൾക്കുമേൽ കൂടുതൽ നിയന്ത്രണ പരിശോധനകൾക്കും നയപരമായ ഇടപെടലുകൾക്കും വഴിയൊരുക്കുമെന്ന ആശങ്കയും വിപണിയിലുണ്ട്. ഇത് എഐ മേഖലയിലെ നിക്ഷേപ തീരുമാനങ്ങൾ വൈകിപ്പിക്കാനുള്ള സാധ്യത ഉയർത്തുന്നു. അമേരിക്കൻ ഉപഭോക്താക്കളെ ആശ്രയിക്കുന്ന ഇന്ത്യൻ ഐടി കമ്പനികൾക്കും പദ്ധതികളുടെ കാലതാമസത്തിലൂടെയും ചെലവു ചുരുക്കലിലൂടെയും ഇതിന്റെ ആഘാതമുണ്ടാകാം.

  • ലാഭമെടുപ്പും തന്ത്രപരമായ മാറ്റവും: ഉയർന്ന വാല്യുവേഷനിലുള്ള ആഗോള എഐ, സെമികണ്ടക്ടർ ഓഹരികളിൽ നിന്നും വ്യത്യസ്തമായി സമീപകാലത്ത് ശക്തമായ തിരുത്തൽ നേരിട്ട ഇന്ത്യൻ ഐടി ഓഹരികളിലേക്ക് അടുത്തിടെ നിക്ഷേപകർ കൂടുമാറിയിരുന്നു. എന്നാൽ ഇത് ഐടി മേഖലയുടെ വരുമാന വളർച്ച തിരിച്ചു പിടിക്കുന്നതിന്റെ സൂചനയായിരുന്നില്ലെന്നും വാല്യുവേഷൻ മുൻനിർത്തിയുള്ള തന്ത്രപരമായ നിക്ഷേപമാറ്റം മാത്രമായിരുന്നുവെന്നും അനലിസ്റ്റുകൾ സൂചിപ്പിച്ചു. ആയതിനാൽ ആഗോള വിപണിയിൽ ടെക് ഓഹരികൾ നിറംമങ്ങിയപ്പോൾ, ഐടി ഓഹരികൾ വിറ്റ് നിക്ഷേപകർ ലിക്വിഡിറ്റി കണ്ടെത്തുകയും ലാഭമെടുക്കുകയും ചെയ്തു.

എഐ: അവസരവും വെല്ലുവിളിയും

പരമ്പരാഗത ഐടി ഔട്ട്സോഴ്സിങ് മാതൃകയിലുള്ള ബിസിനസുകൾക്ക് എഐ സാങ്കേതികവിദ്യ കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, മെയിന്റനൻസ് തുടങ്ങിയ തൊഴിലാളിശക്തിയെ ഏറെ ആശ്രയിക്കുന്ന സേവനങ്ങളിൽ എഐ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നത് ഐടി കമ്പനികളുടെ ബില്ലബിൾ മണിക്കൂറുകളേയും കരാർ നിരക്കുകളേയും സമ്മർദത്തിലാക്കാം. അതേസമയം, പ്ലാറ്റ്ഫോം നവീകരണം, ഡാറ്റ എൻജിനീയറിങ്, എഐ ഡിപ്ലോയ്മെന്റ് തുടങ്ങിയ മേഖലകൾ പുതിയ വളർച്ചാ അവസരങ്ങളുമാണ്.

അതേസമയം പഴയ വരുമാനം സംരക്ഷിക്കുകയും എഐ അധിഷ്ഠിത സേവനങ്ങൾ ഉയർന്ന മാർജിനുള്ള വളർച്ചാ എൻജിനാകുമെന്ന് തെളിയിക്കുകയും ചെയ്യുക എന്നതാണ് പരമ്പരാ​ഗത ഐടി മേഖല നേരിടുന്ന ഇരട്ട വെല്ലുവിളി. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഐടി ഓഹരികളുടെ ഇടിവ് ആഗോള വിപണിയിലെ താൽക്കാലിക നിക്ഷേപമാറ്റം മാത്രമല്ല; മേഖലയുടെ ഭാവി ബിസിനസ് മാതൃകയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ആശങ്കകൾ കൂടി പ്രതിഫലിപ്പിക്കുന്നതായും അനലിസ്റ്റുകൾ വ്യക്തമാക്കി.

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് ഏതെങ്കിലും ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ നിക്ഷേപ ശിപാർശയോ അല്ല. വായനക്കാർ എന്തെങ്കിലും നിക്ഷേപ സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരെ സമീപിക്കുകയോ അല്ലെങ്കിൽ സ്വന്തം നിലയിൽ കമ്പനികളെയും വിപണിയേയും കുറിച്ച് കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Indian IT stocks came under renewed selling pressure amid concerns over AI investments, US policy uncertainty and weakness in global technology shares.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```