
2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാതി പിന്നിടുമ്പോള്‍ നിഫ്റ്റി സൂചികയില്‍ ഏറ്റവും മോശം പ്രകടനവുമായി ഐ.ടി. ജൂണ്‍ 25 വരെയുള്ള കാലയളവെടുത്താന്‍ നിഫറ്റി ഐ.ടി സൂചികയുടെ ഇടിവ് 10 ശതമാനത്തിലധികമാണ്. നിഫ്റ്റി 50 ഇക്കാലയളവില്‍ എട്ട് ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തുമ്പോഴാണ് ഇത് എന്നതാണ് ശ്രദ്ധേയം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‌റെ രണ്ടാം വരവിനെ തുടര്‍ന്നുള്ള ആഗോള പ്രശ്‌നങ്ങളും രാജ്യാന്തര കമ്പനികള്‍ പലതും ഐ.ടി സ്‌പെന്‍ഡിംഗ് കുറച്ചതും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പ്പനക്കാരായി മാറിയതുമൊക്കെ ഐ.ടി സൂചികയെ വല്ലാതെ ബാധിച്ചു.
നിഫ്റ്റി ഐ.ടി സൂചികയിലെ കമ്പനികള്‍ എല്ലാം തന്നെ 2025 ന്റെ ആദ്യ പകുതിയില്‍ മൂല്യത്തില്‍ വലിയ ശോഷണം നേരിട്ടിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) ഓഹരിയുടെ ഇടിവ് 16 ശതമാനമാണ്. ഇന്‍ഫോസിസ് 14 ശതമാനം ഇടിഞ്ഞപ്പോള്‍ വിപ്രോ 12 ശതമാനവും എച്ച്.സി.എല്‍ ടെക്‌നോളജീസ് 10.5 ശതമാനവും താഴ്ന്നു.
ഇടത്തരം കമ്പനികളുടെ പട്ടികയില്‍ വരുന്ന പെര്‍സിസ്റ്റന്റ് സിസ്റ്റസ് 6.4 ശതമാനം നഷ്ടവും എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് 8 ശതമാനവും നഷ്ടത്തിലാണ്. എല്‍.ടി.ഐ മൈന്‍ഡ് ട്രീ ഇതു വരെ 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. നഷ്ടത്തിലാണെങ്കിലും താരതമ്യേന പിടിച്ചുനിന്നെന്ന് പറയാവുന്നത് ടെക് മഹീന്ദ്ര, എംഫസിസ്, കൊഫോര്‍ജ് ഓഹരികളാണ്. യഥാക്രമം 1.5 ശതമാനം, 1.1 ശതമാനം, 0.7 ശതമാനം എന്നിങ്ങനെയാണ് ഈ കമ്പനികളുടെ നഷ്ടം.
നിരവധി കാര്യങ്ങളാണ് ഐ.ടി ഓഹരികളുടെ പ്രകടനത്തെ ബാധിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പണം പിന്‍വലിക്കലാണ് പ്രധാന കാരണം. പ്രത്യേകിച്ചും എക്‌സ്‌പോര്‍ട്ട് അധിഷ്ഠിതമേഖലയായി ഐ.ടിയില്‍ നിന്ന് കൂടുതലായി പിന്‍മാറി. കൂടാതെ ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും പ്രതികൂലമായി ബാധിച്ചു. യു.എസ്-ചൈന വ്യാപാര പ്രശ്‌നങ്ങള്‍, സുപ്രധാന വിപണികളിലെ മാന്ദ്യം, ഉയര്‍ന്ന പലിശ നിരക്ക് എന്നിവയെല്ലാം ഐ.ടി ഓഹരികളില്‍ അനിശ്ചിതത്വമുണ്ടാക്കി.
ആഗോള കമ്പനികള്‍ പലതും ഐ.ടി ചെലവവഴിക്കലുകള്‍ കാര്യമായി കുറച്ചിരിക്കുകയാണ്. ഇത് ഇനിയും പഴയപോലെയായിട്ടില്ല. യു.എസിലെയും യൂറോപ്പിലെയും സ്ഥ്പനങ്ങള്‍, പ്രത്യേകിച്ചും ബാങ്കിംഗ്, ധനകാര്യമേഖലയിലെ കമ്പനികളും അതേപോലെ റീറ്റെയ്ല്‍, ഓട്ടോമോട്ടീവ് വിഭാഗത്തിലുള്ള കമ്പനികളും ഐ.ടി ബജറ്റില്‍ നിയന്ത്രണം വയ്ക്കുന്നുണ്ട്. ഐ.ടി കമ്പനികള്‍ ഉറപ്പാക്കി വച്ച ഡീലുകള്‍ പോലും വൈകുന്ന സാഹചര്യവുമുണ്ട്. ഇത് കമ്പനികളുടെ വരുമാനത്തെയും ബാധിക്കുന്നു. ചില കമ്പനികള്‍ ചെലവുകള്‍ വെട്ടിച്ചുരുക്കി ലാഭം നിലനിര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
ഐ.ടി കമ്പനികളുടെ ഈ മോശം പ്രകടനം ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് അവസരമാണെന്ന നിരീക്ഷണങ്ങളും ഉയരുന്നുണ്ട്. ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സെക്ടര്‍ പരിഗണിക്കാമെന്നാണ് നിഗമനങ്ങള്‍. പൊതുവേ ധനസമ്പുഷ്ടമായ, ഉയര്‍ന്ന റിട്ടേണ്‍ അനുപാതമുള്ള മേഖലയാണിത്. ആഗോള വളര്‍ച്ച സ്ഥിരത പ്രാപിക്കുകയും ടെക് ബജറ്റ് മെച്ചപ്പെടുകയും ചെയ്താല്‍ ഈ മേഖലയ്ക്ക് നേട്ടമാകുമെന്നാണ് പൊതുവേ വിലയിരുത്തലുകള്‍. ഓര്‍ഡറുകളുടെ കരുത്തും മറ്റും വിലയിരുത്തിയാകണം നിക്ഷേപമെന്നും ഓര്‍മിപ്പിക്കുന്നുണ്ട് വിദഗ്ധര്‍.
Read DhanamOnline in English
Subscribe to Dhanam Magazine