ഇന്ത്യൻ വിപണിയിൽ നിർണായക ഘട്ടം: നിഫ്റ്റിയിൽ കൺസോളിഡേഷൻ തുടരുമോ, അതോ കുതിച്ചുയരുമോ?

2026 ഏപ്രിൽ മുതൽ ഇങ്ങോട്ട് ഇന്ത്യൻ വിപണി വലിയ ചലനങ്ങളില്ലാതെ ഒരേ റേഞ്ചിനുളളിൽ തുടരുന്നത് ട്രെൻഡ് ട്രേഡർമാരുടെ ക്ഷമ പരീക്ഷിക്കുകയാണ്
Nifty Weekly Technical Analysis
Canva
Published on

തൊട്ടുമുമ്പത്തെ വ്യാപാര ആഴ്ചയ്ക്കൊടുവിൽ (ജൂൺ 15-19) പ്രതീക്ഷിച്ചതുപോലെ എൻ.എസ്.ഇയുടെ മുഖ്യ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി-50, നേരിയ ബുള്ളിഷ് സൂചനകളോടെ വീണ്ടും ഒരു കൺസോളിഡേഷൻ ഘട്ടത്തിലൂടെയാണ് ഇക്കഴിഞ്ഞയാഴ്ച (ജൂൺ 22-26) കടന്നുപോയത്. കേവലം 42 പോയിന്റുകളുടെ (0.18%) നേട്ടം മാത്രമാണ് നിഫ്റ്റി സൂചിക കഴിഞ്ഞയാഴ്ച കൈവരിച്ചത്.

15 മിനിറ്റ് ടൈംഫ്രെയിമിലുള്ള ടെക്നിക്കൽ ചാർട്ട് പരിശോധിച്ചാൽ, ജൂൺ 15 മുതൽ നിഫ്റ്റി സൂചിക 24,192-നും 23,793-നും ഇടയിലുള്ള ഒരു ഇടുങ്ങിയ പരിധിയിൽ (Tight range) തുടരുന്നതായി കാണാം. എങ്കിലും, 24,000 എന്ന നിർണ്ണായക ലെവൽ ഉയർത്തിയ ശക്തമായി പ്രതിരോധം മറികടക്കാൻ നിഫ്റ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

2026 ഏപ്രിൽ മുതൽ ഇങ്ങോട്ട് ഇന്ത്യൻ വിപണി വലിയ ചലനങ്ങളില്ലാതെ ഒരേ റേഞ്ചിനുളളിൽ തുടരുന്നത് ട്രെൻഡ് ട്രേഡർമാരുടെ ക്ഷമ പരീക്ഷിക്കുകയാണ്. എങ്കിലും ചെറുകിട, മിഡ്-ക്യാപ് ഓഹരികളിൽ വലിയ മുന്നേറ്റം ദൃശ്യമാണ്. പല മുൻനിര മിഡ്-ക്യാപ് ഓഹരികളും 200 ഡി.എം.എ നിലവാരത്തിന് മുകളിലേക്ക് ഉയർന്നത് ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണ്.

സാധാരണയായി നിഫ്റ്റിയും സെൻസെക്സും ആദ്യം മുന്നേറുകയും, പിന്നീട് ചെറുകിട ഓഹരികൾക്ക് ഒപ്പമെത്താൻ സമയം നൽകുകയും ചെയ്യാറുണ്ട്. ഈ ഘട്ടത്തിന് ശേഷം വിപണി അടുത്ത കുതിപ്പിന് തയ്യാറെടുക്കാനാണ് സാധ്യത. ട്രെൻഡിന്റെ ശക്തി അളക്കുന്ന ടെക്നിക്കൽ ഇൻഡിക്കേറ്ററായ എ.ഡി.എക്സ് 15.43 എന്ന നിലവാരത്തിലായതിനാൽ ഈയാഴ്ചയിലേക്ക് വിപണിയിൽ വ്യക്തമായ ഒരു ട്രെൻഡിന്റെ സൂചനകൾ ഇപ്പോഴില്ല.

ഈയാഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ

  • ആഭ്യന്തര ഘടകങ്ങൾ: ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (IIP), മാനുഫാക്ചറിംഗ് ഔട്ട്പുട്ട്, ഫിസ്കൽ ഡെഫിസിറ്റ്, ജൂൺ മാസത്തിലെ ജി.എസ്.ടി വരുമാനം, വിദേശ നാണ്യ ശേഖരം എന്നിവയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രസിദ്ധീകരിക്കും.

  • ആഗോള ഘടകങ്ങൾ: യു.കെ ജി.ഡി.പി, യൂറോപ്യൻ മേഖലയിലെ പണപ്പെരുപ്പം (CPI), യു.എസ് പി.എം.ഐ (PMI) എന്നീ ഡാറ്റകൾ വിപണി ശ്രദ്ധിക്കുന്നവയാണ്. ജൂലൈ 3-ന് സ്വാതന്ത്ര്യദിനം പ്രമാണിച്ച് യു.എസ് വിപണിക്ക് അവധിയായിരിക്കും.

  • ഐ.പി.ഒ ലിസ്റ്റിംഗുകൾ: ടർട്ടിൽമിന്റ് ഫിൻടെക് (ജൂൺ 29), വാട്ടർവേസ് ലെയ്ഷർ (ജൂൺ 30), അദ്വിത് ജുവൽസ്, ശ്രീധർ സ്പിന്നേഴ്സ് (ജൂലൈ 01) എന്നിവ ഈയാഴ്ചയിൽ ഐ.പി.ഒ നടപടികൾ പൂ‍ർത്തിയാക്കി ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

ശ്രദ്ധിക്കേണ്ട സപ്പോർട്ട് — റെസിസ്റ്റൻസ് ലെവലുകൾ

ഇക്കഴിഞ്ഞയാഴ്ചയിലെ വ്യാപാരത്തിനൊടുവിൽ 24,056-ലാണ് നിഫ്റ്റി സൂചികയുടെ ക്ലോസിങ് കുറിച്ചത്. ഇവിടെ നിന്നും സൂചിക ഇനിയും മുന്നേറാനുള്ള ശ്രമമാണ് തുടരുന്നതെങ്കിൽ 24,192—24,335—24,425 എന്നീ നിലവാരങ്ങളിൽ നിന്നും പ്രതിരോധം (റെസി​സ്റ്റൻസ്) പ്രതീക്ഷിക്കാം. മറിച്ച് വിപണിയിൽ വിൽപ്പന സമ്മർദം നേരിടുകയും നിഫ്റ്റി സൂചിക താഴേക്ക് ഇറങ്ങുകയുമാണെങ്കിൽ 23,925—23,793—23,357 എന്നീ നിലവാരങ്ങളിൽ പിന്തുണ (സപ്പോർട്ട്) ലഭിക്കാമെന്നും കരുതാം.

(Disclaimer: വിപണിയുടെ ഭാവി​ഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോ​ഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അം​ഗീകൃത അനലി​സ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ​ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com