നിക്ഷേപക സമ്പത്തില്‍ ഒരു ലക്ഷം കോടിയുടെ വര്‍ധന; വിപണിക്ക് ഇന്ന് നല്ലദിനം

ടിസിഎസിന്റെ മൂന്നാംപാദ ഫലങ്ങള്‍ വ്യാപാരം അവസാനിക്കുന്ന സമയത്താണ് പുറത്തുവിട്ടത്
നിക്ഷേപക സമ്പത്തില്‍ ഒരു ലക്ഷം കോടിയുടെ വര്‍ധന; വിപണിക്ക് ഇന്ന് നല്ലദിനം
Published on

തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് ശുഭദിനം. മുന്‍ ആഴ്ചയെ ഓര്‍മിപ്പിക്കുന്ന വിധം തുടങ്ങിയ വിപണിക്ക് ജീവന്‍ നല്കിയത് നിയുക്ത ഇന്ത്യന്‍ അംബാസിഡര്‍ സെര്‍ജിയോ ഗോറിന്റെ പ്രസ്താവനയാണ്. വ്യാപാര കരാറിനായി ഇരുരാജ്യങ്ങളും മുന്നോട്ടു പോകുകയാണെന്ന പ്രസ്താവനയ്‌ക്കൊപ്പം ഗോറിന്റെ മുന്‍കാല ട്രാക്ക് റെക്കോഡുകളും വിപണിക്ക് കരുത്തായി.

സെന്‍സെക്‌സ് 302 പോയിന്റ് ഉയര്‍ന്ന് 83,878.18ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 106.95 പോയിന്റോളം ഉയര്‍ന്ന് 25,790ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കോള്‍ ഇന്ത്യ (3.39%), ടാറ്റ സ്റ്റീല്‍ (2.75), ഏഷ്യന്‍ പെയിന്റ് (2.50) ഓഹരികള്‍ നിഫ്റ്റി50ല്‍ കരുത്തുകാട്ടി.

ടിസിഎസിന്റെ മൂന്നാംപാദ ഫലങ്ങള്‍ വ്യാപാരം അവസാനിക്കുന്ന സമയത്താണ് പുറത്തുവിട്ടത്. ഇന്ന് 1.10 ശതമാനം ഉയര്‍ന്നാണ് ഈ ഐടി സ്റ്റോക്ക് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നാംപാദത്തിലെ കോര്‍പറേറ്റ് ഫലസൂചികയായി നിക്ഷേപകര്‍ ടിസിഎസിന്റെ ലാഭത്തിലെ ഇടിവിനെ കണക്കാക്കിയാല്‍ നാളെ ഐടി ഓഹരികളില്‍ ഇടിവുണ്ടാകും.

കേരള ഓഹരികളില്‍ കല്യാണ്‍ ജുവലേഴ്‌സ് അഞ്ചുശതമാനത്തോളം ഇടിഞ്ഞു. രാവിലെ ഇടിവിലായിരുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വ്യാപാര കരാര്‍ പ്രതീക്ഷയില്‍ ഉച്ചയ്ക്കുശേഷം 0.19 ശതമാനം കയറി.

പ്രധാന ബാങ്കിംഗ് ഓഹരികളില്‍ ഇന്‍ഡസ്ഇന്‍ഡ്ബാങ്ക് 2.86 ശതമാനം നേട്ടമുണ്ടാക്കി. എസ്.ബി.ഐ 1.40%, യൂണിയന്‍ ബാങ്ക് 1.30% ഉയര്‍ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക് 0.86 ശതമാനത്തോളം താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com