

ഓഹരി വിപണിയിൽ സർപ്രൈസുകൾക്ക് അഥവാ അപ്രതീക്ഷിത സംഭവങ്ങൾക്ക് വലിയ തോതിലുള്ള സ്വാധീനം ചെലുത്താൻ കഴിയും. വിലയുടെ ചാഞ്ചാട്ടങ്ങൾക്ക് (Price volatility) വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളിലൊന്നുമാണിത്. ഇത്തരത്തിൽ ആരും നിനച്ചിരിക്കാത്ത നേരത്തായിരുന്നു ഇന്ത്യ - യു.എസ് ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി രണ്ടിന് വൈകീട്ടോടെ സംഭവിക്കുന്നത്.
സമീപകാലത്ത് സർവകാല റെക്കോഡ് നിലവാരം പലതവണ തിരുത്തിയെഴുതിയെങ്കിലും ശക്തമായൊരു തുടർ കുതിപ്പിനായി പോസിറ്റീവ് ട്രിഗറെന്ന നിലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ വിപണി ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത് ഇന്ത്യ - യു.എസ് വ്യാപാര കരാറിനെയായിരുന്നു. ഇതിന്റെ പ്രഖ്യാപനം അപ്രതീക്ഷിത നേരത്ത് സംഭവിച്ചതോടെ ഫെബ്രുവരി മൂന്നിന് രാവിലെ ഇന്ത്യൻ ഓഹരി വിപണിയിൽ ആവേശക്കുതിപ്പും കാണാനായി. ഇതോടെ ഡെറിവേറ്റീവ് വിഭാഗത്തിൽ (F&O) ഒരേസമയം വമ്പൻ നേട്ടവും തിരിച്ചടിയും നേരിട്ട് ഒരുവിഭാഗം ട്രേഡർമാർ.
ഇന്ന് രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോൾ, എൻഎസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50യുടെ കോൾ ഓപ്ഷൻസ് കോൺട്രാക്ടിലാണ് ഒറ്റ ദിവസത്തിനിടെ 300 ശതമാനം വരെയുള്ള മുന്നേറ്റമുണ്ടായത്. ഫെബ്രുവരി 3-ന് എക്സ്പയറിയുള്ള (കാലാവധി തീരുന്ന) നിഫ്റ്റിയുടെ 26,000 സ്ട്രൈക്ക് പ്രൈസിലുള്ള കോൾ ഓപ്ഷൻസ് (NIFTY 03FEB26 26000 CE) കഴിഞ്ഞ ദിവസം 1.5 രൂപ പ്രീമിയത്തിലായിരുന്നു ക്ലോസിങ് കുറിച്ചത്.
എന്നാൽ എൻഎസ്ഇയുടെ വീക്ക്ലി ഓപ്ഷൻസിന്റെ (Weekly Options) എക്സ്പയറി കൂടിയായ ചൊവ്വാഴ്ച രാവിലെ, ഇന്ത്യ - യു.എസ് വ്യാപാര കരാർ യാഥാർത്ഥ്യമായ പശ്ചാത്തലത്തിൽ നിഫ്റ്റി-50 സൂചിക അഞ്ച് ശതമാനത്തോളം നേട്ടത്തോടെയാണ് ഓപ്പൺ ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിഫ്റ്റിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇൻട്രാ-ഡേ കുതിപ്പ് കൂടിയാണിത്. ഇതോടെ ഫെബ്രുവരി 3-ന് എക്സ്പയറിയുള്ള 26,000 സ്ട്രൈക്ക് പ്രൈസിലെ കോൾ ഓപ്ഷൻസിന്റെ പ്രീമിയം 461.65 രൂപയിലേക്ക് കുതിച്ചുയർന്നു.
അതായത് ഇന്നലെ വൈകീട്ട് നിഫ്റ്റി 26,000 കോൾ ഓപ്ഷൻസിന്റെ ഒരു ലോട്ടിന് 97.5 രൂപ [1.5 രൂപ (പ്രീമിയം)* 65 (ലോട്ട് സൈസ്)] ഉണ്ടായിരുന്ന മൂല്യം, ഇന്ന് രാവിലെ ഓപ്പണിങ്ങിൽ 30,007 രൂപയായി [461.65 *65] കുതിച്ചുയർന്നുവെന്ന് സാരം. ഇന്നലെ ഈ നിഫ്റ്റി കോൾ ഓപ്ഷൻസ് വാങ്ങിയവർക്ക് (Option buyer) കേവലം മണിക്കൂറുകളുടെ ഇടവേളയിൽ 300 ശതമാനം വരെ ലാഭം നേടാനായി. എന്നാൽ മറുവശത്ത് ഈ കോൾ ഓപ്ഷൻ വിറ്റവർക്ക് (Option seller) വൻ നഷ്ടമാണ് നേരിട്ടിരിക്കുന്നത്.
ഡെറിവേറ്റീവ് വിഭാഗത്തിൽ (അവധി വ്യാപാരം) ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് എന്നിങ്ങനെ രണ്ട് വിഭാഗം കോൺട്രാക്ടുകളാണ് ഉള്ളത്. ഇതിൽ അടിസ്ഥാനമാക്കിയിട്ടുള്ള അസറ്റിനെ (സ്റ്റോക്ക്, ഇൻഡക്സ് എന്നിങ്ങനെ) മുൻകൂട്ടി നിശ്ചയിച്ച സമയപരിധിക്കുള്ളിലെ ഒരു നിർദിഷ്ട വിലയ്ക്ക് വാങ്ങാനോ വിൽക്കാനോ ഉള്ള അവകാശം നൽകുന്ന കരാറുകളെയാണ് ഓപ്ഷൻസ് എന്ന് വിളിക്കുന്നത്.
ഒരു നിക്ഷേപകന് ഓഹരി വിപണിയിലുള്ള അവന്റെ നിക്ഷേപമൂല്യത്തിലുണ്ടാകാവുന്ന ചാഞ്ചാട്ടം കാരണമുള്ള റിസ്ക് കുറയ്ക്കുന്നതിനുള്ള (ഹെഡ്ജിങ്) ഉപാധിയെന്ന നിലയിലാണ് ഡെറിവേറ്റീവ് വിഭാവനം ചെയ്തിട്ടുള്ളതെങ്കിലും ഞൊടിയിടയിൽ നേടാവുന്ന ലാഭക്കണക്കിൽ കണ്ണെറിഞ്ഞ് ഊഹാടിസ്ഥാനത്തിലുള്ള വ്യാപാരം (Speculation) നടത്തുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും.
എഫ്&ഒ-യിൽ വ്യാപാരം നടത്തുന്ന 93 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും നഷ്ടമുണ്ടാകുന്നുവെന്നാണ് സെബി (SEBI) മുമ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിച്ചത്. ശരിയായി ഡെറിവേറ്റീവ് വ്യാപാരത്തിന്റെ അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കാതെ ട്രേഡ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നതിതിന്റെ ഭാഗമായാണ് ഇത്തവണത്തെ പൊതുബജറ്റിൽ ഫ്യൂച്ചേഴ്സ്, ഓപ്ഷൻസിന്റെ എസ്ടിടി നിരക്ക് സർക്കാർ 50 മുതൽ 150 ശതമാനം വരെ വർധിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine