മുന്‍പ്‌ ഇരട്ടി നേട്ടം നല്‍കി, ഇപ്പോള്‍ കനത്ത ഇടിവില്‍! വിപണി റെക്കോഡിലെത്തിയിട്ടും രക്ഷപെടാതെ വമ്പന്‍ ഓഹരികള്‍

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ട്രെന്റ് ലിമിറ്റഡ് ഓഹരിയൊന്നിന് 8,345 രൂപയില്‍ നിന്ന് 4,261 രൂപയിലേക്കാണ് ഇടിഞ്ഞത്
stock market trading
canva
Published on

കൃത്യം 14 മാസങ്ങള്‍ക്ക് ശേഷം പുതിയ റെക്കോഡിലെത്തിയതിന്റെ ആരവത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിന് റെക്കോഡിലെത്തിയ ശേഷം പിന്നീട് ഓഹരി സൂചികകള്‍ വലിയ തിരുത്തലിലേക്ക് നീങ്ങിയിരുന്നു. ഏതാണ്ട് 15 ശതമാനത്തോളമാണ് ഇരുസൂചികകളും നഷ്ടത്തിലായത്.

എന്നാല്‍ വ്യാഴാഴ്ച്ച നിഫ്റ്റി 26,300ഉം സെന്‍സെക്‌സ് 86,000വും കടന്ന് സ്വന്തം റെക്കോഡ് തിരുത്തി. 289 ദിവസത്തെ വ്യാപാരത്തിന് ശേഷമാണ് നിഫ്റ്റി പുതിയ ഉയരത്തിലെത്തിയത്. ഈ പതിറ്റാണ്ടിലെ ഏറ്റവും നീണ്ട തിരിച്ചുവരല്‍ ആണിതെന്ന് വിദഗ്ധര്‍ പറയുന്നു. പക്ഷേ സൂചികകള്‍ റെക്കോഡിലെത്തിയിട്ടും പല പ്രമുഖ ഓഹരികളും ഇപ്പോഴും കരകയറിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിഫ്റ്റിയിലെ ആറ് കമ്പനികളാണ് ഇപ്പോഴും നഷ്ടത്തില്‍ വ്യാപാരം ചെയ്യുന്നത്. ഈ ഓഹരികളൊക്കെ ഹെവി വെയ്റ്റ് ആണെന്നു മാത്രമല്ല, കിടിലന്‍ ഓഹരികളുമാണ്. ചില സാഹചര്യങ്ങള്‍ കൊണ്ടാണ് ഇവയുടെ പ്രകടനം മോശമാകുന്നത്.

കരകയറാതെ ടാറ്റ കമ്പനി

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള റീട്ടെയില്‍ കമ്പനിയായ ട്രെന്റ് (Trent) നിലവില്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. സുഡിയോ, വെസ്റ്റ് സൈഡ് അടക്കമുള്ള ബ്രാന്‍ഡുകള്‍ ട്രെന്റിന് കീഴിലാണ് വരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 640 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയാണിത്. 2023ലും 2024ലും നിക്ഷേപകര്‍ക്ക് ഇരട്ടി നേട്ടം നല്‍കാനും ഓഹരികള്‍ക്ക് കഴിഞ്ഞിരുന്നു.

എന്നാല്‍ ഈ വര്‍ഷം 40 ശതമാനത്തോളമാണ് ഓഹരി വില ഇടിഞ്ഞത്. ഓഹരിയൊന്നിന് 8,345 രൂപയുണ്ടായിരുന്ന ട്രെന്റ് നിലവില്‍ ഓഹരിയൊന്നിന് 4,261 രൂപയെന്ന നിലയിലാണ് വ്യാപാരം ചെയ്യുന്നത്. തുടര്‍ച്ചയായ പാദങ്ങളില്‍ വരുമാനം കുറഞ്ഞതും മത്സരം വര്‍ധിച്ചതും വിപണി മൂല്യത്തിലെ പാളിച്ചയും ബ്രോക്കറേജുകള്‍ റേറ്റിംഗ് കുറച്ചതുമാണ് ഓഹരിക്ക് തിരിച്ചടിയായത്. പുതിയ ലേബര്‍ നിയമങ്ങള്‍ നടപ്പിലാകുമ്പോള്‍ പ്രവര്‍ത്തന ചെലവ് വീണ്ടും വര്‍ധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അടുത്ത വര്‍ഷത്തോടെ ഓഹരികള്‍ തിരിച്ചുവരവിനുള്ള സാധ്യത കാണിക്കുന്നുണ്ടെന്നും ബ്രോക്കറേജുകള്‍ കരുതുന്നുണ്ട്.

കര കയറാനാവാതെ ഇവരും

ഇതുകൂടാതെ എന്‍.ടി.പി.സി, പവര്‍ ഗ്രിഡ്, ടി.സി.എസ്, കോള്‍ ഇന്ത്യ, ഐ.ടി.സി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്കും തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞിട്ടില്ല. എന്‍.ടി.പി.സി ആറ് മാസത്തിനിടെ ഏഴ് ശതമാനവും പവര്‍ ഗ്രിഡ് അഞ്ച് ശതമാനവുമാണ് ഇടിഞ്ഞത്. ഒരു വര്‍ഷത്തെ കണക്ക് നോക്കിയാല്‍ എന്‍.ടി.പി.സി 10 ശതമാനത്തോളവും ഇടിഞ്ഞു.

പ്രമുഖ ഇന്ത്യന്‍ ഐ.ടി കമ്പനികളിലൊന്നായ ടി.സി.എസ് ഓഹരികളും സമാന കാലയളവില്‍ നാല് ശതമാനത്തോളം ഇടിവിലായി. അമേരിക്കയിലേക്കുള്ള എച്ച്.വണ്‍ ബി വിസക്ക് ട്രംപ് കനത്ത ഫീസ് ചുമത്തിയതാണ് ടി.സി.എസിന് വിനയായത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ എച്ച്.വണ്‍ ബി വിസകള്‍ ലഭിച്ച കമ്പനികളിലൊന്നായിരുന്നു ടി.സി.എസ്. കൂടാതെ ഐ.ടി മേഖലയിലെ സമ്മര്‍ദ്ദം, താരിഫ് ഭീഷണികള്‍, എ.ഐയിലേക്കുള്ള മാറ്റത്തിന്റെ സമയത്തുള്ള പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളും ഓഹരിയെ സമ്മര്‍ദ്ദത്തിലാക്കി.

ഐ.ടി.സി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ ഏപ്രിലിലെ നിഫ്റ്റിയുടെ താഴ്ചയേക്കാള്‍ യഥാക്രമം 0.8 ശതമാനവും 0.3 ശതമാനവും താഴ്ചയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ചില ഹെവിവെയ്റ്റ് ഓഹരികളുടെ പ്രകടനം മോശമാണെങ്കിലും വാങ്ങല്‍ പ്രവണത മികച്ചതായി തുടരുന്നത് വിപണിക്ക് അനുകൂലമാണെന്നും വിദഗ്ധര്‍ പറയുന്നു.

Even as Sensex and Nifty hit record highs, major stocks like TCS and Trent are still struggling to reclaim their peak levels

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com