ഇന്ത്യൻ വിപണിയിൽ ഈയാഴ്ചയും കുതിപ്പ് തുടരുമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ എന്തൊക്കെ?

എ.ഐ സെക്ടറിലെ തിരുത്തലും ഐടി ഓഹരികളിലേക്ക് നിക്ഷേപക താത്പര്യം മടങ്ങിയെത്തുന്നതും നിഫ്റ്റിക്ക് കരുത്തേകുമ്പോൾ, ആർ.ബി.ഐ പലിശനിരക്ക് തീരുമാനം, ആഭ്യന്തര-ആഗോള പി.എം.ഐ ഡാറ്റകൾ ഒക്കെ പുതിയ വ്യാപാര ആഴ്ചയിൽ വിപണിയുടെ അടുത്ത നീക്കത്തിന് വഴികാട്ടിയാകും
Share Market Technical Analysis
പ്രതീകാത്മക ചിത്രംImage Source: Canva
Published on

കഴിഞ്ഞ വ്യാപാര ആഴ്ചയിൽ (ജൂലൈ 27-31) ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യൻ ഓഹരി വിപണി സാക്ഷ്യംവഹിച്ചത്. എൻ.എസ്.ഇയുടെ പ്രധാന ഓ​ഹരി സൂചികയായ നിഫ്റ്റി 616 പോയിന്റുകളുടെയും (+2.59%) കഴിഞ്ഞയാഴ്ചത്തെ താഴ്ന്ന നിലവാരത്തിൽ നിന്നും 823 പോയിന്റിന്റെയും മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.

ആഗോള വിപണികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെക്ടറിൽ നിന്നുള്ള ഓഹരികളിൽ ശക്തമായ തിരുത്തൽ നേരിട്ടതും വലിയൊരു ഇടവേളയ്ക്കുശേഷം ഐടി സെക്ടറിൽ ശക്തമായ നിക്ഷേപക താത്പര്യം പ്രകടമായതുമാണ് ആഭ്യന്തര വിപണിയിൽ മുന്നേറ്റത്തിനുള്ള വഴിതെളിച്ചത്. പുതിയ വ്യാപാര ആഴ്ചയിലും (ഓ​ഗ​സ്റ്റ് 3-7) ഈ ബുള്ളിഷ് കുതിപ്പ് നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഇതിന്റെ സാധ്യതകൾ പരിശോധിക്കാം.

വിപണിയിൽ ഇനിയെന്ത്?

കഴിഞ്ഞ ചൊവ്വാഴ്ച (ജൂലൈ 28) രൂപപ്പെട്ട ഇ.എം.എ (EMA) ക്രോസ്ഓവർ (താഴത്തെ ചിത്രത്തിലുള്ള പച്ച അടയാളം) വിപണിയെ ശക്തമായ ബുള്ളിഷ് ട്രെൻഡിലേക്ക് മടക്കിയെത്തിച്ചു. 23793, 23925, 24192, 24335 തുടങ്ങിയ നിർണയക പ്രതിരോധ കടമ്പകളെല്ലാം ഭേദിച്ചുകൊണ്ടായിരുന്നു നിഫ്റ്റി സൂചിക മുന്നേറിയത്. എങ്കിലും പ്രധാനപ്പെട്ട സാങ്കേതിക സൂചകങ്ങളിലൊന്നായ എ.ഡി.എക്സ് (ADX) സൂചിക ഇപ്പോഴും 20-ന് താഴെ (10.79) തുടരുന്നതിനാൽ ആഭ്യന്തര വിപണിയിൽ ശക്തമായൊരു ട്രെൻഡ് ഇപ്പോഴുണ്ടെന്ന് പ്രതീക്ഷിക്കാനുമാകില്ല.

അതേസമയം ഓഹരി വിപണികളുടെ നിലവിലെ പ്രകടനത്തെ പൂർണമായും സാങ്കേതിക വിശകലനങ്ങൾ (Technical Analysis) കൊണ്ട് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാർത്തകളും അതിനെ തുടർന്ന് ഉരുത്തിരിയുന്ന സെന്റിമെന്റ്സും (Sentiment) ഒക്കെ അടിസ്ഥാനമാക്കിയാണ് ആ​ഗോള തലത്തിൽ തന്നെ ഓഹരി വിപണിയിലെ നീക്കങ്ങൾ ഇപ്പോൾ പരുവപ്പെടുന്നത്. നിലവിൽ ആ​ഗോള വിപണികൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് ​വിഷയങ്ങൾ പശ്ചിമേഷ്യൻ സംഘർഷവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) ആണ്. ഇതുമായി ബന്ധപ്പെട്ട് പുതിയതായി വരുന്ന വാർത്തകൾ അനുസരിച്ചുള്ള നീക്കങ്ങൾക്കായിരിക്കാം വിപണി സാക്ഷ്യം വഹിക്കുക.

നിഫ്റ്റിയിൽ ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ:

  • പ്രതിരോധം (Resistance): 24,425—24,613—24,740.

    പിന്തുണ (Support): 24,335—24,192—23,925.

Nifty Chart Analysis
നിഫ്റ്റി ടെക്നിക്കൽ ചാർട്ട്

നിക്ഷേപകർ ശ്രദ്ധിക്കേണ്ട 4 ഘടകങ്ങൾ

  • ആഭ്യന്തര സാമ്പത്തിക ഡാറ്റ: ഓ​ഗ​സ്റ്റ് 3 മുതൽ 5 വരെയുള്ള റിസർവ് ബാങ്കിന്റെ (RBI) പണനയ സമിതി യോ​ഗത്തിനുശേഷം വരാനിരിക്കുന്ന പലിശ നിരക്ക് പ്രഖ്യാപനം, പി.എം.ഐ ഡാറ്റ, ബാങ്ക് വായ്പ വളർച്ച കണക്കുകൾ, വിദേശനാണ്യ കരുതൽ ശേഖരം എന്നിവ ഇന്ത്യൻ വിപണിയുടെ ​ഗതി നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്തും

  • ഒന്നാം പാദഫലം: എയർടെൽ, എസ്‌.ബി.ഐ, ഒ.എൻ.ജി.സി, ഡി.എൽ.എഫ്, ടൈറ്റൻ, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ജൂൺ സാമ്പത്തിക പാദത്തിലെ പ്രവർത്തന ഫലങ്ങൾ പ്രഖ്യാപിക്കുന്നത് അതത് ഓഹരികൾ കേന്ദ്രീകരിച്ചുള്ള വലിയ നീക്കങ്ങൾക്ക് കാരണമായേക്കും.

  • ആഗോള ഘടകങ്ങൾ: യു.എസിൽ നിന്നുള്ള നിർമാണ മേഖലയിലെ പി.എം.ഐ ഡാറ്റ/ പുതിയ തൊഴിലവസരങ്ങൾ/ തൊഴിലില്ലായ്മാ നിരക്ക്/ ക്രൂഡ് ഓയിൽ സംഭരണ കണക്കുകൾ വിപണി ഉറ്റുനോക്കും. ഇതിനോടൊപ്പം ചൈന, യു.കെ, യൂറോസോൺ എന്നിവിടങ്ങളിലെ പി.എം.ഐ കണക്കുകളും ആഗോള വിപണിയുടെ ഗതി നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്തും.

  • ഐ.പി.ഒ ലിസ്റ്റിംഗ്: അഡ്വാൻസ് ടെക്നോഫോർജ് (ബി.എസ്.ഇ—എസ്.എം.ഇ), പ്രോപ്ഷോപ്പ് ഇവന്റ്സ് (എൻ.എസ്.ഇ—എസ്.എം.ഇ), പൂജ പ്രിസിഷൻ (ബി.എസ്.ഇ—എസ്.എം.ഇ), മണിപാൽ ഹെൽത്ത് എന്റർപ്രൈസസ് (ബി.എസ്.ഇ, എൻ.എസ്.ഇ), എച്ച്.ആർ ഹൈജീൻ (ബി.എസ്.ഇ—എസ്.എം.ഇ) തുടങ്ങിയ പുതിയ ഓഹരികളുടെ ലിസ്റ്റിംഗുകൾ വിപണിയിലെ നിക്ഷേപക ശ്രദ്ധ ആകർഷിക്കും.

(Disclaimer: വിപണിയുടെ ഭാവി​ഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോ​ഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അം​ഗീകൃത അനലി​സ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ​ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com