അഞ്ചുവര്‍ഷത്തിനിടെ ഇടിഞ്ഞത് 80 ശതമാനം, 12 വര്‍ഷത്തെ താഴ്ച്ചയില്‍ നൈക്കി ഓഹരിവില; എന്താണ് സംഭവിക്കുന്നത്?

2021 നവംബര്‍ അഞ്ചിന് 179.10 ഡോളര്‍ വരെ എത്തിയിരുന്നു നൈക്കി ഓഹരിവില. അവിടെ നിന്നാണ് ഇപ്പോഴത്തെ വലിയ വീഴ്ച്ചയിലേക്ക് എത്തിയത്
അഞ്ചുവര്‍ഷത്തിനിടെ ഇടിഞ്ഞത് 80 ശതമാനം, 12 വര്‍ഷത്തെ താഴ്ച്ചയില്‍ നൈക്കി ഓഹരിവില; എന്താണ് സംഭവിക്കുന്നത്?
Published on

ലോകത്തെ മുന്‍നിര സ്‌പോര്‍ട്‌സ്‌വെയര്‍, അത്‌ലറ്റിക് അപ്പാരല്‍ കമ്പനിയായ നൈക്കി (Nike) 18 വര്‍ഷത്തിനിടെ ആദ്യമായി S&P100 ഡൗജോണ്‍സ് ഇന്‍ഡെക്‌സില്‍ നിന്ന് പുറത്താകുന്നു. ഓഹരിവില കുത്തനെ ഇടിഞ്ഞതോടെ വിപണിമൂല്യം താഴെപോയതാണ് കമ്പനിക്ക് തിരിച്ചടിയായത്. 2008 മുതല്‍ ഈ സൂചികയുടെ ഭാഗമായിരുന്ന നൈക്കിയെ സെപ്റ്റംബര്‍ 21 മുതലാണ് ഒഴിവാക്കിയത്.

2021ല്‍ പ്രതാപകാലത്ത് കമ്പനിയുടെ വിപണിമൂല്യം ഏകദേശം 220 ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോഴിത് ചുരുങ്ങി 57 ബില്യണ്‍ ഡോളറിലെത്തി. നിലവില്‍ ഓഹരിവില 38 ഡോളറാണ്. 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓഹരിവില. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എസ്ആന്‍ഡ്പി500ലെ കമ്പനികളിലെ മോശം പ്രകടനം കൂടിയാണിത്.

2021 നവംബര്‍ അഞ്ചിന് 179.10 ഡോളര്‍ വരെ എത്തിയിരുന്നു നൈക്കി ഓഹരിവില. അവിടെ നിന്നാണ് ഇപ്പോഴത്തെ വലിയ വീഴ്ച്ചയിലേക്ക് എത്തിയത്. നിക്ഷേപക മൂല്യത്തില്‍ 230 ബില്യണ്‍ ഡോളറാണ് ചുരുങ്ങിയ വര്‍ഷം കൊണ്ട് അപ്രത്യക്ഷമായത്.

എന്താണ് നൈക്കിക്ക് പറ്റിയത്?

ഓഹരിവില ഇടിയുകയും വിപണിമൂല്യം നിലംപറ്റെ താഴുകയും ചെയ്‌തെങ്കിലും നൈക്കി ഇപ്പോഴും ലാഭത്തിലാണ്. വില്പനയിലും കമ്പനി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. എന്നാല്‍ ചൈനീസ് കമ്പനികളില്‍ നിന്ന് നൈക്കി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. 2023ല്‍ 51.2 ബില്യണ്‍ ഡോളറായിരുന്നു വരുമാനം. 2026ല്‍ ഇത് 46.4 ബില്യണ്‍ ഡോളറായി ഇടിഞ്ഞു.

നൈക്കിയുടെ ആഗോള സ്പോര്‍ട്സ് ഫുട്വെയര്‍ വിപണി വിഹിതം 2025ല്‍ 22.9 ശതമാനമായി കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വിപണി വിഹിതത്തില്‍ ഇടിവുണ്ടാകുന്നത്. ചൈനീസ് കമ്പനികളായ ആന്റയും (Anta) ലി നിങും (Li Ning) ചൈനീസ്, ആഗോള വിപണിയില്‍ കൂടുതല്‍ ശക്തരായി. റണ്ണിംഗ്, പ്രീമിയം ഫുട്വെയര്‍ വിഭാഗങ്ങളില്‍ ഹോക്കയും (Hoka) ഓണും (On) നൈക്കിക്ക് കടുത്ത മത്സരം ഉയര്‍ത്തുന്നുണ്ട്. വില്പന കുറയുന്നതിനൊപ്പം എതിരാളികളുടെ വളര്‍ച്ചയും കമ്പനിക്ക് തിരിച്ചടിയാകുന്നു.

തിരിച്ചടിച്ചത് ആ തന്ത്രം

പരമ്പരാഗത മൊത്തവ്യാപാര പങ്കാളികളെ ആശ്രയിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സ്വന്തം സ്റ്റോറുകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും വഴി നേരിട്ട് ഉപയോക്താക്കളിലേക്ക് എത്തുന്ന ഡയറക്ട്-ടു-കണ്‍സ്യൂമര്‍ തന്ത്രത്തിന് നൈക്കി നേരത്തെ വലിയ പ്രാധാന്യം നല്‍കിയിരുന്നു.

സ്വന്തം വില്‍പന ശൃംഖല വിപുലമാക്കാന്‍ ഇത് സഹായിച്ചു. എന്നാല്‍ പ്രമുഖ റീറ്റെയിലര്‍മാരുമായുള്ള ബന്ധം ദുര്‍ബലമായി. ഉപയോക്താക്കളുടെ മുന്നില്‍ നൈക്കി ഉത്പന്നങ്ങളുടെ സാന്നിധ്യം കുറയുന്നതിനും ഇത് കാരണമായി.

നൈക്കിയുടെ തിരിച്ചുവരവിന് കൂടുതല്‍ സമയമെടുക്കുമെന്ന വിലയിരുത്തലിലാണ് വിപണി നിരീക്ഷകര്‍. ജെപി മോര്‍ഗന്‍ അനലിസ്റ്റ് മാത്യു ബോസ് ഓഹരിയുടെ റേറ്റിംഗ് 'അണ്ടര്‍വെയ്റ്റ്' ആയി താഴ്ത്തി. ചൈനയിലെ വിതരണ ശൃംഖല പുനഃക്രമീകരിക്കുന്നതിന്റെയും വടക്കേ അമേരിക്കയിലെ റീറ്റെയില്‍ മാറ്റങ്ങളുടെയും സാമ്പത്തിക ആഘാതം 2028 സാമ്പത്തിക വര്‍ഷം വരെ നീണ്ടേക്കാമെന്നാണ് വിലയിരുത്തല്‍.

Nike shares have fallen nearly 79% from their 2021 peak and will exit the S&P 100 amid market-share losses, stronger competition and a prolonged business turnaround

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com