എൻഎസ്ഇ ഐപിഒ നിക്ഷേപകര്‍ക്ക് ‘ക്യാഷ് മെഷീൻ’; വമ്പൻ ലാഭവിഹിത സാധ്യത ചൂണ്ടിക്കാട്ടി സെറോദയുടെ നിതിൻ കാമത്ത്

ഏകദേശം 30,000 കോടി രൂപയുടെ ഐപിഒ ആയിരിക്കും എൻഎസ്ഇ നടത്തുക, ഇത് ഇന്ത്യയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയി മാറിയേക്കാം
zerodha ceo nithin kammath
Linkedin / Nithin Kammath
Published on

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) ഐപിഒയ്ക്ക് (IPO) ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, ഇതിനെ ഒരു 'ക്യാഷ് മെഷീൻ' (Cash Machine) എന്ന് വിശേഷിപ്പിച്ച് സെറോദ (Zerodha) സഹസ്ഥാപകൻ നിതിൻ കാമത്ത്. വളരെ ഉയർന്ന ലാഭക്ഷമതയുള്ളതും എന്നാൽ വലിയ മൂലധന നിക്ഷേപം ആവശ്യമില്ലാത്തതുമായ (Capital-light) ബിസിനസ് മോഡലാണ് ഇതിന് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക നേട്ടങ്ങളും ലാഭവിഹിതവും

2026 സാമ്പത്തിക വർഷത്തിൽ മാത്രം എൻഎസ്ഇ 10,300 കോടി രൂപയിലധികം ലാഭം രേഖപ്പെടുത്തി. ഇതിൽ ഏകദേശം 8,660 കോടി രൂപ ലാഭവിഹിതമായി (Dividend) ഓഹരി ഉടമകൾക്ക് വിതരണം ചെയ്തു. അതായത് ലാഭത്തിന്റെ 84 ശതമാനവും കമ്പനി വിതരണം ചെയ്തുവെന്ന് അർത്ഥം. ഐപിഒയ്ക്ക് ശേഷവും ഈ ഉയർന്ന ലാഭവിഹിത രീതി തുടരാനാണ് സാധ്യത. കാരണം, സെബി (SEBI) നിയമങ്ങൾ പ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അവരുടെ അധിക ലാഭം മറ്റ് ബിസിനസുകളിലോ ലിസ്റ്റ് ചെയ്ത കമ്പനികളിലോ നിക്ഷേപിക്കാൻ അനുവാദമില്ല. അതിനാൽ കയ്യിലുള്ള അധിക പണം ലാഭവിഹിതമായി തന്നെ നൽകാൻ എൻഎസ്ഇ നിർബന്ധിതരാകും.

ഐപിഒയുടെ പ്രത്യേകതകൾ

ഏകദേശം 30,000 കോടി രൂപയുടെ ഐപിഒ ആയിരിക്കും എൻഎസ്ഇ നടത്തുക, ഇത് ഇന്ത്യയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയി മാറിയേക്കാം. ഇത് പൂർണമായും ഓഫർ ഫോർ സെയിൽ (OFS) ആണ്. നിലവിലുള്ള ഓഹരി ഉടമകളായ ഐഡിബിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ഐഎഫ്സിഐ (IFCI), ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവർ തങ്ങളുടെ കൈവശമുള്ള ഏകദേശം 14.89 കോടി ഓഹരികൾ വിൽക്കുകയാണ് ചെയ്യുന്നത്. നിലവിൽ അൺലിസ്റ്റഡ് മാർക്കറ്റിൽ എൻഎസ്ഇക്ക് 5 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ട്.

വെല്ലുവിളികൾ: എൻഎസ്ഇയുടെ വരുമാനത്തിന്റെ 79 ശതമാനവും ട്രാൻസാക്ഷൻ ചാർജുകളിൽ നിന്നാണ് ലഭിക്കുന്നത്. ഇതിൽ തന്നെ 60 ശതമാനത്തിലധികം ഓപ്ഷൻസ് ട്രേഡിംഗിൽ (Options Trading) നിന്നാണ്. അതിനാൽ ഡെറിവേറ്റീവ് ട്രേഡിംഗുമായി ബന്ധപ്പെട്ട സർക്കാർ നിയന്ത്രണങ്ങൾ എൻഎസ്ഇയുടെ ഭാവി ലാഭത്തെ ബാധിക്കാൻ സാധ്യതയുള്ള ഘടകമാണ്. പരിമിതമായ നിക്ഷേപ സാധ്യതകളുണ്ടെങ്കിലും, എൻഎസ്ഇയുടെ ശക്തമായ ലാഭക്ഷമതയും വിപണിയിലെ ആധിപത്യവും നിക്ഷേപകരെ ഇതിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തുന്നത്.

Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com