ജീവൻ രക്ഷിക്കുന്നവരേക്കാൾ ലാഭമുണ്ടാക്കുന്നവർക്ക് മുൻഗണന; ഓഹരി വിപണിയിലെ വിരോധാഭാസം തുറന്നുകാട്ടി നിതിൻ കാമത്ത്

ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള ഒരു പ്ലാറ്റ്‌ഫോമിന് ജീവൻ രക്ഷിക്കുന്ന ഒരു ആശുപത്രി ശൃംഖലയേക്കാൾ വില ലഭിക്കുന്നത് വിചിത്രം
zerodha ceo nithin kammath
Linkedin / Nithin Kammath
Published on

ഓഹരി വിപണിയിലെ കൗതുകകരവും എന്നാൽ അസ്വസ്ഥതയുണ്ടാക്കുന്നതുമായ വിരോധാഭാസം (Paradox) പങ്കുവെച്ച് സെറോദ സഹസ്ഥാപകൻ നിതിൻ കാമത്ത്. ജീവിതം രക്ഷിക്കുന്ന അത്യാവശ്യ സേവനങ്ങൾ നൽകുന്ന ബിസിനസുകളേക്കാൾ ഉയർന്ന മൂല്യം വിപണി പണവും ലാഭവും ഉണ്ടാക്കുന്ന ബിസിനസുകൾക്ക് നൽകുന്നുവെന്ന് നിതിൻ കാമത്ത് പറയുന്നു. നാരായണ ഹോസ്പിറ്റൽസ് സ്ഥാപകൻ ഡോ. ദേവി ഷെട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കാമത്ത് ഈ നിരീക്ഷണം നടത്തിയത്.

അമേരിക്കയിൽ വൻതുക ചെലവ് വരുന്ന ഓപ്പൺ ഹാർട്ട് സർജറി കേവലം നൂറുകണക്കിന് ഡോളറിന് എങ്ങനെ ചെയ്യാമെന്ന് കണ്ടെത്തിയ വ്യക്തിയാണ് ഡോ. ദേവി ഷെട്ടി. ഇന്ത്യയിലുടനീളം 18,000 ബെഡുകളുള്ള, പതിനായിരക്കണക്കിന് ജീവനുകൾ രക്ഷിച്ച നാരായണ ഹോസ്പിറ്റൽസിന്റെ വിപണി മൂല്യം (Market Cap) ഏകദേശം 38,000 കോടി രൂപയാണ്. സങ്കീർണമായ ശസ്ത്രക്രിയകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുന്ന സ്ഥാപനമാണിത്. എന്നാൽ സെറോദ ഉൾപ്പെടെയുള്ള പല ധനകാര്യ സേവന സ്ഥാപനങ്ങൾക്കും ബ്രോക്കറേജുകൾക്കും ഇതിലും ഉയർന്ന മൂല്യമാണ് വിപണി നൽകുന്നത്.

എന്തുകൊണ്ടാണ് ഈ വിരോധാഭാസം?

ഓഹരികൾ വാങ്ങാനും വില്‍ക്കാനുമുള്ള ഒരു പ്ലാറ്റ്‌ഫോമിന് ജീവൻ രക്ഷിക്കുന്ന ഒരു ആശുപത്രി ശൃംഖലയേക്കാൾ വില ലഭിക്കുന്നത് വിചിത്രമാണെന്ന് അദ്ദേഹം പറയുന്നു. ഉയർന്ന മാർജിൻ, കുറഞ്ഞ ചെലവ് (Asset-light model), വേഗത്തിലുള്ള വിപുലീകരണ സാധ്യത എന്നിവയാണ് സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഉയർന്ന മൂല്യം നൽകാൻ വിശകലന വിദഗ്ധർ പറയുന്ന കാരണങ്ങൾ. എന്നാൽ കഠിനമായ അധ്വാനവും വലിയ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമുള്ള, ജീവൻ രക്ഷിക്കുന്ന ആശുപത്രികൾ വിപണിയിൽ കുറഞ്ഞ വളർച്ചയുള്ള 'യൂട്ടിലിറ്റികൾ' പോലെയാണ് പരിഗണിക്കപ്പെടുന്നത്. പണത്തോട് ചേർന്നുനിൽക്കുന്നവർക്ക് ഉയർന്ന വിലയും, അവശ്യ സേവനങ്ങളില്‍ പങ്കെടുക്കുന്നവർക്ക് കുറഞ്ഞ വിലയും ലഭിക്കുന്ന ഈ വിപണി രീതിയെക്കുറിച്ചുളള ആശങ്കയും നിതിൻ കാമത്ത് പങ്കുവെക്കുന്നു.

ആശുപത്രികൾ വലിയ ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾ, കനത്ത ബാധ്യതകൾ, കുറഞ്ഞ ലാഭവിഹിതം (Thin margins) എന്നിവ വഹിക്കുന്നതിനൊപ്പം ജീവൻ നിലനിർത്തുക എന്ന വലിയ ഉത്തരവാദിത്തവും നിറവേറ്റുന്നു. എന്നിട്ടും വിപണി അവയെ ആകര്‍ഷകമല്ലാത്ത യൂട്ടിലിറ്റികളായാണ് (Boring utilities) കണക്കാക്കുന്നത്. പണത്തോട് ചേർന്നുനിൽക്കുന്ന ബിസിനസുകൾക്ക് അമിത പ്രാധാന്യം നൽകുന്ന ഈ രീതി എല്ലാവരെയും അസ്വസ്ഥമാക്കേണ്ടതാണെന്നും നിതിന്‍ കാമത്ത് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com