2 കോടിയിൽ നിന്ന് 13 കോടിയിലേക്ക്; റീട്ടെയിൽ നിക്ഷേപകരുടെ വന്‍ മുന്നേറ്റത്തിന് ജിയോയെ പ്രശംസിച്ച് സെരോധയുടെ നിതിൻ കാമത്ത്

കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ ലഭ്യമാക്കി ലക്ഷക്കണക്കിന് ആളുകളെ ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുവരുന്നതിൽ ജിയോയും എയർടെല്ലും വഹിച്ചത് നിർണായക പങ്ക്
zerodha ceo nithin kammath
Linkedin / Nithin Kammath
Published on: 

ഇന്ത്യയിലെ റീട്ടെയിൽ നിക്ഷേപ വളർച്ചയ്ക്ക് കരുത്തായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ റിലയന്‍സ് ജിയോ നിർണായക പങ്കുവഹിച്ചുവെന്ന് പ്രമുഖ ഓൺലൈൻ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമായ സെരോധയുടെ (Zerodha) സ്ഥാപകൻ നിതിൻ കാമത്ത്. ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒ (IPO) സബ്‌സ്‌ക്രിപ്ഷൻ ആരംഭിച്ചതിനോട് അനുബന്ധിച്ച് എക്‌സ് (X) ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2 കോടിയിൽ നിന്ന് 13 കോടിയിലേക്ക്

2016-ൽ ഇന്ത്യയിൽ ഏകദേശം 2 കോടി നിക്ഷേപകർ മാത്രമാണുണ്ടായിരുന്നതെങ്കിൽ, ഇന്നത് 13 കോടിയിലധികമായി ഉയർന്നതായി കാമത്ത് ചൂണ്ടിക്കാട്ടി. കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ ലഭ്യമാക്കി ലക്ഷക്കണക്കിന് ആളുകളെ ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുവരുന്നതിൽ ജിയോയും ഭാരതി എയർടെല്ലും നിർണായക പങ്ക് വഹിച്ചു. ഇതോടൊപ്പം ആധാർ (Aadhaar), യു.പി.ഐ (UPI) എന്നിവയുടെ സാന്നിധ്യം നിക്ഷേപ നടപടികളും ഉപഭോക്തൃ രജിസ്‌ട്രേഷനും ലളിതമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ കരുത്ത്

ഇത്തരം ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളാണ് കോവിഡിനുശേഷം ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റിൽ ഉണ്ടായ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. സാധാരണക്കാർക്കും ഓൺലൈനായി ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ ഇത് സൗകര്യമൊരുക്കി. മറ്റ് കമ്പനികള്‍ നിർമ്മിച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ സെരോധ അടക്കമുള്ള പല ഓൺലൈൻ കമ്പനികളുടെയും പ്രവർത്തനം വളരെ ചെറുതായിപ്പോകുമായിരുന്നുവെന്ന് കാമത്ത് ഓർമ്മിപ്പിച്ചു.

ഐപിഒയും വിപണിയും: 2016-ൽ ജിയോ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട വ്യവസായികളുടെ ഇക്കണോമിക് ടൈംസിന്റെ പട്ടികയിൽ മുകേഷ് അംബാനിക്കൊപ്പം താനും ഉൾപ്പെട്ടിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. പുതിയ ഐപിഒയിൽ അപേക്ഷിക്കണമോ എന്ന് നിർദ്ദേശിക്കുന്നില്ലെങ്കിലും, രാജ്യത്തെ ഓൺലൈൻ ബിസിനസുകളെ വളർത്താൻ സഹായിച്ച ക്യാപിറ്റൽ മാർക്കറ്റിൽ നിന്ന് തന്നെ പണം സമാഹരിക്കാൻ ഇന്ന് ജിയോയ്ക്ക് സാധിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും കാമത്ത് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com